ന്യൂഡൽഹി: കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ വളച്ചൊടിച്ചു സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് അനുകൂലമാണെന്ന വിധത്തിൽ പ്രചരണം കൊഴുക്കുവേ വിശദീകരണവുമായി കെ സുധാകരൻ രംഗത്തുവന്നു. സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ് കോൺഗ്രസ് എന്ന വിധത്തിൽ തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തതായി സുധാകരൻ പറഞ്ഞു. അതിവേഗ റെയിൽപാത സംസ്ഥാനത്തിന് വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അതിന്റെ പ്രായോഗിക വശം പരിശോധിക്കാൻ സർക്കാർ തയ്യാറാവണം. സാങ്കേതികവശം പഠിച്ചും മറ്റും പദ്ധതിയുടെ ഗുണവും ദോഷവും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർ്ക്കാർ തയ്യാറാവണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിന്റെ നിലപാടിൽ കോൺഗ്രസിന് ആശങ്കയുണ്ട്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകി എന്നാണ് സർക്കാർ പറയുന്നത്. അത്തരത്തിൽ ഒരു പച്ചക്കൊടിയും കേന്ദ്രം നൽകിയിട്ടില്ല. പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകി എന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണെന്നും സുധാകരൻ പറഞ്ഞു.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് അനുസരിച്ച് സ്റ്റാൻഡേർഡ് ഗേജ് അനുയോജ്യമല്ല. അതുകൊണ്ടാണ് രാജ്യത്ത് ബ്രോഡ്ഗേജ് പാതയിലൂടെ ട്രെയിനുകൾ ഓടുന്നത്. സ്റ്റാൻഡേർഡ് ഗേജ് അനുയോജ്യമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. സമഗ്ര സാമൂഹിക, പാരിസ്ഥിതികാഘാത പഠനം നടത്തണം. ഡിപിആർ ഉണ്ടാക്കി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.

പദ്ധതിക്ക് 63000 കോടി രൂപ ചെലവ് വരുമെന്നാണ് സംസ്ഥാനം പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.33 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ്. വിദഗ്ദ്ധർ പറയുന്നത് ഇത് പൂർത്തിയാക്കാൻ രണ്ടുലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കാം എന്നാണ്. 65,000 കോടി രൂപയ്ക്ക് പദ്ധതി നടപ്പാകുമെന്ന് വിഡ്ഢികൾ പോലും വിശ്വസിക്കില്ല. കേരളത്തിൽ സമയബദ്ധിതമായി പൂർത്തിയാക്കിയ ഒരു പദ്ധതി എവിടെ?, അതിനാൽ ചെലവ് ഇനിയും വർധിക്കും.

ശബരി റെയിൽപാതയിൽ നിന്ന് സംസ്ഥാനം പിൻവാങ്ങിയെന്നാണ് കേന്ദ്രം പറയുന്നത്. 2815 കോടി രൂപയുടെ പകുതി എടുക്കാൻ ശേഷിയില്ലാത്ത സർക്കാരാണ് രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സുധാകരൻ പരിഹസിച്ചു. സർക്കാരിന്റെ കൈയിൽ എവിടെയാണ് പണമെന്നും സുധാകരൻ ചോദിച്ചു.