- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ.. കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ; കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ; പിതൃദിന ആശംസയിലും സിപിഎമ്മിനെ കുത്തി കെ സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പിതൃദിന ആശംസയിലും സിപിഎമ്മിനെ വിമർശിച്ചു രംഗത്ത്. സിപിഎം കൊലപ്പെടുത്തിയ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരുടെ പിതാക്കന്മാരുടെ വേദനക്കൊപ്പമാണ് കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ.. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ സുധാകരൻ കുറിക്കുന്നത്.
കൃപേഷിന്റേയും ശരത്ത് ലാലിന്റെയും കൊലയാളികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകിയ സംഭവം കൂടി ഓർമ്മപ്പെടുത്തി കൊണ്ടാണ് കെപിസിസി അധ്യക്ഷന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അമ്മ സ്‌നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്‌നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ...
ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു. അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കന്മാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ.. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.
മറുനാടന് ഡെസ്ക്