കാസർഗോഡ്: ഉദുമയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വോട്ടു തേടി ഗൾഫിൽ. ഉദുമയെ ഇളക്കിമറിച്ച് തെരഞ്ഞെടുപ്പ് ചൂട് പകർന്നശേഷമാണ്സുധാകരൻ ഗൾഫിലേക്ക് പറന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലുള്ള പ്രവാസികളുമായി നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനും മറ്റ്

സഹായങ്ങൾക്കുവേണ്ടിയുമാണ് സുധാകരൻ ഗൾഫിലെത്തിയത്. ഗൾഫിലെ മുഴുവൻ വോട്ടർമാരേയും വോട്ടെടുപ്പ് ദിവസം മണ്ഡലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരൻ ഗൾഫിലെത്തിയത്. ഷാർജയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംബന്ധിക്കുകയും ചെയ്തു അദ്ദേഹം.

ഇടതു പക്ഷ മണ്ഡലമല്ലാത്ത ഉദമയെ അങ്ങനെയാക്കി മാറ്റിയത് മണ്ഡലത്തിലെ യു.ഡി.എഫ് വോട്ടർമാർതന്നെയാണ്. നിങ്ങൾ മനസ്സ് വച്ചാൽ അത് യു.ഡി.എഫ് മണ്ഡമാവും. വേണ്ടെന്ന് വച്ചാൽ അത് എൽ.ഡി.എഫ് മണ്ഡലമായും നില നിൽക്കും. സുധാകരൻ പറഞ്ഞു. പ്രവാസി വോട്ടർമാരിൽ വലിയ പ്രതീക്ഷയാണുള്ളത് അചഞ്ചലമായ ഒരു പോരാട്ട വീര്യം ഉണ്ടെന്ന് വ്യക്തമായി അറിയാം. പല കാരണങ്ങളാൽ വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും കാഴ്ചപ്പാടിന്റേയും രാഷ്ട്രീയ ബോധത്തിന്റേയും കാര്യത്തിൽ പ്രവാസികൾ ആരുടേയും പിറകിലല്ല. ഗൾഫ് നാടുകളിലെ സന്ദർശനം എന്റെ പ്രചാരണ രീതികളെ ഏറെ സ്വാധീനം ചെലുത്തും. അത്ര കണ്ട് ഉദുമയിലെ വോട്ടർമാരുടെ സ്‌നേഹവായ്പും രാഷ്ട്രീയ താത്പര്യവും വ്യക്തമായിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.

ഉദുമയിലെ വോട്ടർമാരെ കാണുന്നതിനായി അദ്ദേഹം അവർ ജോലിചെയ്യുന്ന റോളാമാർക്കറ്റിലും പച്ചക്കറി ച്ചന്തയിലും അൾഗുവൈർ, ദുബായ് ഗോൾഡ്്് സൂക്ക്, എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കണ്ണൂർ കാസർഗോഡ് യു.ഡി.എഫ് കൺവെൻഷനിൽ ചെയർമാൻ മുഹമ്മദ്
റാഫി പട്ടേൽ അദ്ധ്യക്ഷനായി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡണ്ട് വൈ.എ. റഹിം ഉൽഘാടനം ചെയ്തു. കെപിസിസി. ജനറൽ സെക്രട്ടറി കെ.എം.ഐ.മേത്തർ മുഖ്യാതിഥിയായിരുന്നു. ഷാർജയിലെ കാസർഗോഡ്, കണ്ണൂർ ജില്ലാ യു.ഡി.എഫ്. ഭാരവാഹികൾ ചടങ്ങിൽ സംസാരിച്ചു.

വോട്ടർമാരെ കേരളത്തിലെത്തിക്കാൻ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റും അവിടുത്തെ യുഡിഎഫ് നേതാക്കൾക്കും പ്രത്യേകിച്ച്്് മുസ്ലിം ലീഗ് നേതാക്കൾക്കും സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ നിർദ്ദേശം നൽകുകയുണ്ടായി. തൊഴിൽ മേഖലയിൽ പ്രതിസന്ധി നേരിടുന്നവരെ വോട്ടു ചെയ്യാൻ നാട്ടിലെത്തിക്കാനായി ഗൾഫിലെ പ്രാദേശിക കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധ ചെലുത്താനും സുധാകരൻ നിർദ്ദേശിച്ചു. എന്തു സാഹസപ്പെട്ടാലും ഉദുമ യുഡിഎഫ് മണ്ഡലമാക്കി മാറ്റാനുള്ള തന്ത്ര പരമായുള്ള ഇടപെടലാണ്
യുഡിഎഫ് നടത്തുന്നത്.