കണ്ണൂർ: അടുത്ത സംസ്ഥാനഭരണം യു.ഡി.എഫിനു ലഭിക്കുകയാണെങ്കിൽ മന്ത്രിയാകാൻ കെ.സുധാകരനുമുണ്ടാകും. എന്നാൽ കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽനിന്നു ജയിച്ചു കയറണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ട കെ.സുധാകരൻ അന്നേ നോട്ടമിട്ടതാണ് ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളും.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നല്കില്ലെന്ന് എ.ഐ.സി.സി. നിർദ്ദേശമുണ്ടെങ്കിലും മലബാറിലെ കരുത്തനായ നേതാവ് എന്ന പദവി അലങ്കരിക്കുന്ന സുധാകരന് പരിഗണന ലഭിക്കാൻ വലിയ പ്രയാസമില്ല. പോരാത്തതിന് കെപിസിസി. പ്രസിഡണ്ട് വി എം. സുധീരനുമായി പഴയ ശത്രുതയുമില്ല. കെപിസിസി. ലിസ്റ്റിൽ സ്ഥാനം പിടിക്കാൻ സുധാകരന് കാര്യമായ തടസ്സമൊന്നും നിലവിലില്ല.

യു.ഡി.എഫിന്റെ കയ്യിലുള്ള കണ്ണൂരിൽ കോൺഗ്രസ്സിലെ എ.പി.അബ്ദുള്ളക്കുട്ടിയും അഴീക്കോട് മുസ്ലിം ലീഗിലെ കെ.എം. ഷാജിയുമാണ് നിലവിലെ എംഎ‍ൽഎ. മാർ. ഈ സീറ്റുകൾ പരസ്പരം വച്ചു മാറ്റിയാലും കണ്ണൂരിൽ പ്രശ്‌നങ്ങൾ ഉടലെടുക്കും. സുധാകരനെ തറപറ്റിക്കാൻ കാത്തിരിക്കയാണ് കണ്ണൂർ കോർപ്പറേഷനിൽ കെപിസിസി.യേയും ഡി.സി.സി.യേയും വിറപ്പിച്ച പി.കെ. രാഗേഷ്. കോർപ്പറേഷനിൽ വിമതനായി ജയിച്ചു കയറുകയും മൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫിനെ തോൽപ്പിക്കുകയും ചെയ്ത രാഗേഷ് ഇപ്പോഴും ശക്തനാണ്.

നല്ല നിലയിൽ പ്രവർത്തിക്കുന്ന പള്ളിക്കുന്ന് സഹകരണബാങ്കും രാഗേഷ് പക്ഷക്കാരുടെ കയ്യിലാണ്. ഫലത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണവും കോൺഗ്രസ്സിന് നഷ്ടമാവാൻ രാഗേഷിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫിന് കനത്ത വെല്ലുവിളിയായി രാഗേഷും അണികളും സജീവമാണ്. കെപിസിസി.വരെ ഇടപെട്ടിട്ടും രാഗേഷ് പക്ഷക്കാരെ ഡി.സി.സി. അംഗീകരിക്കുന്നില്ല. എല്ലാറ്റിനും പിറകിൽ സുധാകരനാണെന്ന് അവർ ആരോപിക്കുന്നു.

തുല്യസംഖ്യയിൽ നിന്നിരുന്ന കണ്ണൂർ കോർപ്പറേഷൻ, രാഗേഷ് മുഖം തിരിച്ചപ്പോൾ എൽ.ഡി.എഫിന് ഭരിക്കാനായി. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രാഗേഷ് ആവശ്യപ്പെട്ട കാര്യങ്ങളിൽ ചിലത് അംഗീകരിച്ചതു കൊണ്ട് ആ കമ്മിറ്റികൾ യു.ഡി.എഫ്്് തൂത്തുവാരി. എന്നാൽ പിന്നീട് ഇങ്ങോട്ട് രാഗേഷിനേയോ അണികളേയോ ഡി.സി.സി. നേതൃത്വം അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെ.സുധാകരനെവിടെ മത്സരിക്കുന്നുവോ അവിടെ രാഗേഷിനെ മത്സരിപ്പിക്കാൻ അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡണ്ടും രാഗേഷിന്റെ വലം കൈയുമായ പ്രദീപ് കുമാർ ഇനി ഞങ്ങൾ കാത്തിരിക്കില്ലെന്ന് തുറന്നടിച്ചു കഴിഞ്ഞു. കണ്ണൂരും അഴീക്കോടും രാഗേഷിന്റെ നിലവിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാൽ യു.ഡി.എഫിന് വെള്ളം കുടിക്കേണ്ടി വരും. സുധാകര വിരുദ്ധ വിഭാഗം കോൺഗ്രസ്സുകാരുടെ ഐക്യനിര ശക്തിപ്പെടുമെന്ന ഭയമാണ് രാഗേഷിനെ ഒപ്പം നിർത്താൻ മടിക്കുന്നത്.

കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ, എം.എം. ഹസ്സൻ എന്നിവരും രാഗേഷുമായി നേരത്തെ ചർച്ച ചെയ്തവരാണ്. രാഗേഷിന്റെ സ്വാധീനമേഖല അവർക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. കോൺഗ്രസ്സ് ബ്ലോക്ക് ഡി.സി.സി. പുനഃസംഘടന പള്ളിക്കുന്ന് ബാങ്കിനെ തകർക്കുന്ന സമീപനം മാറ്റുക തുടങ്ങിയ സംഘടനാതല ആവശ്യങ്ങൾ മാത്രമാണ് രാഗേഷ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ യാതൊരു ഗൗരവവുമില്ലാതെയാണ് നേതൃത്വം നീങ്ങുന്നത്. കെപിസിസി. നേതൃത്വം ഇനിയും ഇടപെട്ടില്ലെങ്കിൽ കണ്ണൂരിൽ നിലവിലുള്ള നാല് നിയമസഭാ മണ്ഡലങ്ങളിൽ കണ്ണൂരും അഴീക്കോടും യു.ഡി.എഫിന് എഴുതിത്ത്ത്തള്ളേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു.