- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെത്തുകാരൻ എന്നു പറഞ്ഞാൽ ജാതിയാണോ? അതിൽ എന്താണിത്ര തെറ്റ്? വിവാദത്തിൽ ന്യായീകരിച്ച് സുധാകരൻ; പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചു നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. മുഖ്യമന്ത്രി ചെത്തുതൊഴിലാളി കുടുംബത്തിൽനിന്നു വരുന്ന ആളാണ്. അങ്ങനെയൊരാൾ പൊതു പണം ധൂർത്തടിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്.അതെങ്ങിനെ തെറ്റാകുമെന്നു ചോദിച്ച സുധാകരൻ അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാധ്യമങ്ങളോടു പറഞ്ഞു.
''ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? എന്താണ് അതിലെ സാമാന്യ മര്യാദയിലെ ലംഘനം? വിമർശിച്ചവർ അതു പറയട്ടെ. പിണറായി വിജയന്റെ കുടുംബം ചെത്തുതൊഴിലാളിയുടെ കുടുംബമാണ്. തൊഴിലാളി നേതാവായി വന്ന ഒരാൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാടയ്ക്ക് എടുത്തു. അതു തൊഴിലാളി വർഗത്തിന്റെ താത്പര്യങ്ങൾക്കാണോ? തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പമാണോ അദ്ദേഹം പ്രവർത്തിച്ചത്? അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഖത്തിനും സൗകര്യത്തിനും വേണ്ടിയല്ലേ? അതിനെ വിമർശിക്കുന്നതിൽ എന്താണ് തെറ്റ്? - സുധാകരൻ ചോദിച്ചു.
ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോ? കർഷക തൊഴിലാളി, ബീഡിത്തൊഴിലാളി എന്നെല്ലാം പറയുന്നത് തെറ്റാണോ? തൊഴിൽ അഭിമാനവും അന്തസും അല്ലേ? അതു പറഞ്ഞാൽ എന്താണ് കുഴപ്പം? ചെത്തുകാരൻ എന്നു പറഞ്ഞാൽ ജാതിയാണോ? പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.
പിണറായി വിജയനെക്കുറിച്ചു പറയുമ്പോൾ ഷാനിമോൾ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസം എന്നറിയില്ല. ഏതെങ്കിലും സിപിഎം നേതാവ് പ്രതികരിച്ചോ? അത്തരമൊരു കാര്യത്തിൽ ഷാനിമോൾ ഉസ്മാന് എന്താണ് ഇത്ര മനപ്രയാസം? ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കെതിരെ എന്തെല്ലാം ആക്ഷേപം വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രയാസം ഷാനിമോൾക്ക് എന്തിനാണ്? ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് അറിയില്ല.
സിപിഎമ്മിന്റെ ആരെങ്കിലും പ്രതികരിച്ചോ? സിപിഎം വിഷയമാക്കാത്ത കാര്യം കോൺഗ്രസ് നേതാക്കൾ വിഷമാക്കുന്നതിന്റെ താത്പര്യം എന്താണ്? ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.