ഖത്തർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരൻ കൊല്ലപ്പെടുമ്പോൾ കെ സുധാകരൻ ഖത്തറിലായിരുന്നു.  പാർട്ടി വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഷുഹൈബിനെ ആക്രമിച്ച വാർത്ത സുധാകരൻ അറിഞ്ഞു. പിന്നീട് ഒന്നും സംസാരിക്കാൻ സുധാകരന് കഴിഞ്ഞില്ല. കോൺഗ്രസ് നേതാവിന്റെ ഈ വികാരപരമായ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മോദിയെ കടന്നാക്രമിക്കുകയായിരുന്നു കെ സുധാകരൻ. വിദേശ രാജ്യത്ത് രാഹുൽ ഗാന്ധി നടത്തുന്ന നീക്കങ്ങൾ എണ്ണി പറഞ്ഞുള്ള രാഷ്ട്രീയ ആക്രണം. സിംഹത്തിന് സമാനമായ ഗർജനമായിരുന്നു പ്രസംഗ രീതി. ഇതിനിടെയാണ് ചെറു കുറിപ്പ് സുധാകരന് കൈമാറിയത്. ഇതോടെ സുധാകരന് എന്തു പറയണമെന്ന് അറിയാതെ ആയി. മിനിറ്റുകൾ ഒന്നും പറയാതെ നിന്നു. ആശ്വസിപ്പിക്കാൻ നേതാക്കൾ വീണ്ടും എത്തി.

കണ്ണൂരിലെ നേതാക്കളുമായി പോലും വേദിയിൽ നിന്ന് സുധാകരൻ ഫോണിൽ സംസാരിച്ചു. അതിന് ശേഷം മൈക്കിലൂടെ പറഞ്ഞു. പ്രസംഗിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വളരെ വേണ്ടപ്പെട്ട പയ്യൻ. പ്രദേശത്ത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വെല്ലുവിളികളെ ചുറുചുറുക്കോടെ നേരിടുന്ന പയ്യനാണ്. വിട്ടു പിരിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാലും എനിക്ക് തിരിച്ചു പോണം. ഇങ്ങനെ പറഞ്ഞ ശേഷം വീണ്ടും മോദി വിരുദ്ധ പ്രസംഗം തുടരാൻ ശ്രമിച്ചു.

പക്ഷേ കഴിഞ്ഞില്ല. അപ്പോഴേക്കും മറ്റൊരു ഫോൺ. അതും മൈക്കിന് മുമ്പിൽ വച്ചു തന്നെ എടുത്തു. പിന്നെ കണ്ണൂരിൽ ഇങ്ങനയൊക്കെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന ഓർമ്മപ്പെടുത്തൽ. ഈ വീഡിയോയാണ് സുധാകരനിലെ നേതാവിനെ വിശദീകരിക്കാനായി കോൺഗ്രസ് നേതാക്കൾ ഷെയർ ചെയ്യുന്നത്. എംഎൽഎ റോജി എം ജോൺ അടക്കമുള്ളവർ സുധാകരന്റെ വികാരപരമായ ഇടപെടൽ ഷെയർ ചെയ്യുന്നുണ്ട്. പിന്നീട് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുധാകരൻ ഫെയ്‌സ് ബുക്ക് പേജിലും കുറിച്ചു.

സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

എല്ലാ എതിർപ്പുകളെയും അവഗണിച്ചു ഒരു പ്രദേശത്തെ പാർട്ടിക്ക് ശക്തമായും ധീരമായും നേതൃത്വം കൊടുത്ത ശുഹൈബ് ഇനി ഒരോർമ്മ

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകൾ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത് ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം
ബാപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികൾ ഇന്നലെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കി കളഞ്ഞത്

തങ്ങളുടെ രാഷ്ട്രീയമല്ലെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന ഈ ഫാസിസം തകരേണ്ടതാണ്
ശുഹൈബ് മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ നെഞ്ചിനകത്ത് എന്നും ഉണ്ടാകും
നമ്മെ വിട്ടു പിരിഞ്ഞ പ്രിയ ശുഹൈബിന് ആദരാഞ്ജലികൾ