കാസർഗോഡ്: ഉദുമയിൽ പ്രവചാനീത അടിയൊഴുക്കുകൾ ഉണ്ടായെന്ന് കോൺഗ്രസ്സ് നേതാവും സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ. കള്ളവോട്ടിൽ മണ്ഡലം പിടിച്ചെടുക്കുന്ന എൽ.ഡി.എഫിന് തിരഞ്ഞെടുപ്പു വിധി ശക്തമായ താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ലേറെ ബൂത്തുകളിൽ സിപിഐ(എം) വ്യാപകമായി കള്ള വോട്ടുകൾ ചെയ്തിരുന്നു. എന്നാൽ യു.ഡി.എഫിന്റെ ശക്തമായ പ്രതിരോധം കാരണം അത് 24 ബൂത്തുകളിലായി ഒതുക്കാൻ കഴിഞ്ഞെന്നും സുധാകരൻ പറഞ്ഞു.

അതിനാൽ ഇത്തവണ ഉദുമയിൽ താൻ വിജയക്കൊടി പാറിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ഉദുമയിൽ താൻ മത്സരിക്കാനെത്തിയതോടെ യു.ഡി.എഫിന് അനുകൂലമായി ട്രെന്റ് മാറിയിരുന്നു. തെരഞ്ഞെടുപ്പ് ദിനമായപ്പോൾ വൻ അടിയൊഴുക്കു തന്നെ ഉണ്ടായി. അതു ജനവിധിയിൽ പ്രതിഫലിക്കുമെന്നും സുധാകരൻ പറഞ്ഞു.

ഇടതു മുന്നണിയുടെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബേഡകം, കുറ്റിക്കോൽ എന്നിവിടങ്ങളിൽ ആദ്യമായാണ് യു.ഡി.എഫ് കടന്നു കയറി പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ അവിടെ പ്രചാരണ ബോർഡുകൾ നിലകൊണ്ടതും ചരിത്രത്തിലാദ്യം. എന്നാൽ എന്നോട് പ്രതികാരം തീർക്കാൻ തെരഞ്ഞെടുപ്പിന് ശേഷം എന്റെ ചിത്രമുള്ള പ്രചാരണ സാമഗ്രികൾ മുറിച്ചു നശിപ്പിച്ചാണ് അവർ പ്രതികരിച്ചത്. സിപിഎമ്മിന്റേയും ബിജെപി.യുടേയും പ്രവർത്തകർ എന്നെ സഹായിക്കാൻ പാർട്ടി വിട്ട് തെരഞ്ഞെടുപ്പ് രംഗത്ത് വന്നിരുന്നു.

കുടുംബയോഗങ്ങളിൽ പോലും സിപിഐ(എം)കാരും ബിജെപി.ക്കാരുമെത്തി. വികസനമെത്താത്ത പാർട്ടി ഗ്രാമങ്ങളിൽ യു.ഡി.എഫ് ഇത്തവണ കടന്നു കയറി പ്രചാരണം നടത്തിയതും തനിക്ക് അനുകൂലമാകും. ന്യൂ ജനറേഷൻ വോട്ടർമാർ രാഷ്ട്രീയ ഭേദമെന്യേ തനിക്ക് പിൻതുണയുമായി എത്തിയതു തന്നെ വിജയത്തിന്റെ ലക്ഷണമാണെന്ന് സുധാകരൻ പറയുന്നു.

പതിവ് തെരഞ്ഞെടുപ്പ് ശൈലിയിൽ നിന്നും ഉദുമ മണ്ഡലത്തെ മാറ്റി മറിച്ചാണ് സുധാകരന്റെ പ്രചാരണ പ്രവർത്തനങ്ങൾ അരങ്ങേറിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.38 ശതമാനം പോളിഗ് നടന്ന ഉദുമയിൽ കെ.കുഞ്ഞിരാമൻ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാൽ അന്ന് പോളിഗ് ശതമാനം 73.38 മാത്രമായിരുന്നു. ഇത്തവണ 80.29 ശതമാനമായി വർദ്ധിച്ചതാണ് യു.ഡി.എഫിന്റെ പ്രതീക്ഷയെ വാനോളം ഉയർത്തുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 77.3 ശതമാനം പോളിങ് നടന്നപ്പോൾ യു.ഡി.എഫിന് ഉദുമയിൽ 835 വോട്ടിന്റെ ലീഡുണ്ടായി. ഈ മുന്നേറ്റത്തിൽ കണ്ണും നട്ടാണ് സുധാകരൻ കണ്ണൂരിൽ നിന്നും ഉദുമയിലേക്ക് വണ്ടി കയറിയത്.

ഇത്തവണ ഉദുമയിൽ പോളിഗ് ശതമാനം 80 ൽ കവിഞ്ഞതിന്റെ ഗുണഫലം യു.ഡി.എഫിന് ഉണ്ടാകുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ പോളിംഗിനേക്കാൾ മൂന്ന് ശതമാനം വർദ്ധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ പട്ടിക പ്രകാരം 5000 ത്തോളം പേർ കൂടുതലായി വോട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പ്രതീക്ഷ അർപ്പിച്ചാണ് സുധാകരനും യു.ഡി.എഫ് നേതൃത്വവും സീറ്റ് പ്രതീക്ഷിക്കുന്നത്.