- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകും; അച്ചടക്കരാഹിത്യം കർശനമായി നേരിടും; ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ മാറ്റും; പ്രവർത്തകർ സ്വന്തം പേരിൽ ഫ്ളക്സ് വെക്കുന്നതിന് നിയന്ത്രണം; മാറ്റം പ്രഖ്യാപിച്ചു കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ അടിമുടി മാറ്റം പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതിയ നേതൃത്വത്തിന് കീഴിൽ കോൺഗ്രസ് പുതിയ മുഖവുമായി വരുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് കെ സുധാകരൻ നടത്തിയ വാർത്താസമ്മേളനം. ജംബോ ഭാരവാഹിത്വ പട്ടിക ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സുധാകരൻ ഓരോ ഭാരവാഹിക്കും കൃത്യമായി ചുമതലകൾ വീതിച്ചു നൽകുമെന്നും അറിയിച്ചു. ആറു മാസത്തെ പ്രവർത്തനം വിലയിരുത്തുമെന്നുാണ് സുധാകരൻ വ്യക്തമാക്കിയത്.
ആറു മാസത്തെ പ്രവർത്തനം വിലയിരുത്തുമെന്നും ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്തുനിന്നു മാറ്റും. ഭാരവാഹികളുടെ പ്രവർത്തനം കമ്മിറ്റികൾ വിലയിരുത്തി കെപിസിസി നേതൃത്വത്തിനു റിപ്പോർട്ടു നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ജില്ലാതലത്തിൽ നടപടിയെടുക്കാൻ ജില്ലാതല അച്ചടക്ക സമിതി ഉണ്ടാകും. പരാതിയുള്ളവർക്കു സംസ്ഥാന സമിതിക്കു പരാതി നൽകാം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുധാകരൻ പുതുയ കാര്യങ്ങൾ വിശദീകരിച്ചത്.
വനിതകൾക്കു പാർട്ടി സ്ഥാനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ശിൽപ്പശാലയിൽ തീരുമാനമായി. നിയമസഭാ മണ്ഡലത്തിലെ ഒരു മണ്ഡലം കമ്മിറ്റിയുടെ ചുമതല വനിതയ്ക്കായി മാറ്റിവയ്ക്കും. പാർട്ടി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ അച്ചടക്കരാഹിത്യം കർശനമായി നേരിടാനും തീരുമാനമായി. മാധ്യമങ്ങളിലും പൊതുയിടങ്ങളിലും പാർട്ടിയെ അവഹേളിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് ഐക്യം തർക്കാൻ ശ്രമിച്ചാൽ ഗൗരവത്തോടെ വീക്ഷിച്ച് നടപടിയെടുക്കും. പാർട്ടി നിലനിൽക്കണമെങ്കിൽ അച്ചടക്കം വേണമെന്നും ഇതിനു നേതാക്കളും പ്രവർത്തകരും തയാറാകണമെന്നും കെ.സുധാകരൻ പറഞ്ഞു.
പ്രവർത്തകർ സ്വന്തം പേരിൽ വയ്ക്കുന്ന ഫ്ളക്സ് ബോർഡുകൾ പാർട്ടി നേതൃത്വം നിയന്ത്രണം ഏർപ്പെടുത്തി. നേതൃത്വം ഉയർന്നു വരേണ്ടത് ഫ്ളക്സിൽ നിന്നല്ല ജനങ്ങളിൽനിന്നാണെന്നു സുധാകരൻ പറഞ്ഞു. പാർട്ടി പരിപാടികൾക്കു നേതാക്കളുടെ ചിത്രം അടങ്ങിയ ഫ്ളക്സ് വയ്ക്കാം. എന്നാൽ, ഫ്ളക്സ് വയ്ക്കുന്നയാൾ നേതാക്കളേക്കാൾ വലിയ ഫോട്ടോ സ്ഥാപിക്കുന്നത് പൊതുജനത്തിനിടയിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കും.
പാർട്ടിയിൽ ഒരു സമയം ഒന്നിലധികം സ്ഥാനങ്ങൾ അനുവദിക്കില്ല. സഹകരണ മേഖലയിലും തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിലിരിക്കുന്നവർക്കു ചട്ടം കൊണ്ടുവരും. സഹകരണ മേഖലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് സഹകരണ കൺട്രോൾ സെല്ലായിരിക്കും. അത്യാവശ്യ സമയങ്ങളിൽ മാത്രം രണ്ടു ടേം അനുവദിക്കും. സഹകരണമേഖലയിലെ നിയമനം നടത്തേണ്ടതും പ്രവർത്തനത്തിനു ഉപദേശം നൽകേണ്ടതും ഈ സമിതിയായിരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്താനും തെറ്റു തിരുത്താനും കമ്മിറ്റി ഉണ്ടാകും. പാർട്ടി സമ്മേളനം, ജാഥ, പൊതുയോഗം, വാർത്താസമ്മേളനം തുടങ്ങിയവയ്ക്കു ചട്ടം കൊണ്ടുവരും. പ്രസംഗിക്കുന്നവർ മാത്രമേ ഇനിമുതൽ വേദിയിലുണ്ടാകൂ. നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പ്രവർത്തകർ പുറകിൽ വന്നു നിൽക്കുന്ന രീതി ഉണ്ടാകില്ല. ചർക്ക പതാക കർശനമായി പാർട്ടി യോഗങ്ങളിൽ ഉപയോഗിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
അണികളേക്കാൾ കൂടുതൽ നേതാക്കളുള്ള പാർട്ടിയെന്ന വിമർശനം മറികടക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ തീരുമാനങ്ങൾ. പാർട്ടി വേദികളിലെ നേതാക്കളുടെ ധാരാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. നേതാക്കളുടെ ബാഹുല്യം കാരണം കോൺഗ്രസ് വേദികൾ തകർന്നുവീഴുന്നതും പുതുമയുള്ള കാര്യമായിരുന്നില്ല. കോൺഗ്രസിന്റെ പുതിയ മാർഗരേഖ നടപ്പാകുകയാണെങ്കിൽ ഇനി അതുണ്ടാകില്ല. വാക്കിൽ മാത്രമല്ല പ്രവൃത്തിയിലൂടെയാണ് മാറ്റം വേണ്ടതെന്ന് തെളിയിക്കുകയാണ് പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിനെ ആറു മാസം കൊണ്ട് അടിമുടി മാറ്റുമെന്ന വാഗ്ദ്ധാനം നടപ്പിൽ വരുത്തുന്നതിലേക്കുള്ള ചുവടുവെപ്പിലാണിപ്പോൾ സുധാകരനും പാർട്ടിയും.
മറുനാടന് മലയാളി ബ്യൂറോ