തിരുവനന്തപുരം: കെപിസിസിയിൽ ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിക്ക് ധാരണ. ഇനി 15 ജനറൽ സെക്രട്ടറിമാർ മാത്രമായിരിക്കും കെപിസിസിക്ക് ഉണ്ടാകുക. കോൺഗ്രസ് ഭാരവാഹിത്വത്തിൽ വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗങ്ങൾക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന് കെ. സുധാകരൻ പറഞ്ഞു. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികളടക്കം 51 പേർ മാത്രം ഉൾപ്പെടുന്ന കമ്മിറ്റിക്ക് രൂപം നൽകുമെന്നും പൊതുജനങ്ങളിലേക്ക് പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾക്ക് രൂപം നൽകുമെന്നും സുധാകരൻ വ്യക്തമാക്കി.

മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്‌സിക്യൂട്ടീവ് അംഗങ്ങൾ അല്ലെങ്കിലും അവരെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിളിക്കും. സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും പാർട്ടി പ്രവർത്തിക്കുക. ഏറ്റവും താഴെ തട്ടിൽ അയൽക്കൂട്ടങ്ങളുമുണ്ടാവും. ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പാക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങൾക്കു വിധേയരായ നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകും. കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയൽകൂട്ടം കമ്മിറ്റികൾ വരും. 3050 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവിൽ വരിക.

രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കെപിസിസി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കും. കെപിസിസിക്ക് സമാനമായ രീതിയിൽ ഡിസിസികളും പുനഃസംഘടിപ്പിക്കും. കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഭാരവാഹികളുടെ എണ്ണം കുറയും.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ അഞ്ച് മേഖലാ കമ്മിറ്റികൾക്കു രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തകർക്കിടയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനങ്ങൾ ഏർപ്പെടുത്തും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാൻ അഞ്ച് മേഖല കമ്മിറ്റികൾ ഉണ്ടാവും. കെപിസിസി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചകളിൽ ഉൾപ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെൽ തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു. എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ തനിക്ക് അറിയാമെന്നും അതിനുള്ള കപ്പാസിറ്റി തനിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

പോഷകസംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചർച്ച നടന്നിട്ടില്ല. ഇക്കാര്യത്തിൽ അടക്കം വരും ദിവസങ്ങളിൽ തീരുമാനം വരും. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാവും കെപിസിസിയിൽ പുനഃസംഘടന വരിക. ഒരു സെമി കേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. ഭാരവാഹികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാവും നേതാക്കളുടെ പ്രവർത്തനം ശരിയല്ലാത്ത പക്ഷം അവരെ മാറ്റി വേറെ ആളുകളെ ഇറക്കും.

രണ്ട് മാസത്തിനകം കെപിസിസിയിലേയും അനുബന്ധ സംഘടനകളിലേയും പുനഃസംഘടന പൂർത്തിയാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങളിൽ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടാണ് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമാവും എന്നാണ് കരുതുന്നത്. കെ.മുരളീധരനുമായി യാതൊരു തർക്കവും ഇല്ല, അദ്ദേഹവുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. നാളെ നേരിൽ കാണുമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിക്ക് വഴി തുറന്നത്. ഇന്ന് രാവിലെ മുതൽ മുതിർന്ന നേതാക്കളുമായി സുധാകരനും സതീശനും ചർച്ച നടത്തിയിരുന്നു. കേരളത്തിലെ കോൺ?ഗ്രസ് പാർട്ടിയേയും പോഷകസംഘടനകളേയും സമ്പൂർണമായി അഴിച്ചു പണിയാനാണ് ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.