തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ അറസ്റ്റിലായ അഞ്ചുപേരും നിരപരാധികളാണെന്ന് ആവർത്തിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്നും വീണ്ടും രംഗത്തുവന്നിരുന്നു. ആസൂത്രിതമായ കൊലപാതകമെന്ന സിപിഎം വാദം തള്ളിക്കൊണ്ട് പൊലീസ് തന്നെ രംഗത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് കുേേത്തറ്റ എസ്എഫ്‌ഐക്കാരൻ കൈരളി ചാനലിനോട് പറഞ്ഞത്. ധീരജിന് കുത്തേൽക്കുന്നത് ആരും കണ്ടിട്ടില്ലെന്ന വീഡിയോ കോൺഗ്രസ് സൈബർ ഇടങ്ങളിൽ വൈറലാണ് താനും. ഈ പശ്ചാത്തലത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയപ്പോൾ കെ സുധാകരൻ നിലപാട് അറിയിച്ചത്.

ധീരജിനെ നിഖിൽ കുത്തിയത് പ്രാണരക്ഷാർത്ഥമാണെന്ന വാദമാണ് സുധാകരൻ മുന്നോട്ടുവെച്ചത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് വാർത്താസമ്മേളനത്തിൽ സിപിഎം ബന്ധമുള്ള മാധ്യമ പ്രവർത്തകരും രംഗത്തുവന്നു. എന്നാൽ, ഈ മാധ്യമപ്രവർത്തകരെയും അതേനാണയത്തിൽ നേരിടുകയാണ് കെപിസിസി അധ്യക്ഷൻ ചെയ്തത്. സംഭവത്തിൽ കെപിസിസി ഒരു അഭിഭാഷകനെ വെച്ച് അന്വേഷണം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ നിഖിൽ പൈലി അടക്കമുള്ളവർക്ക് നിയമസഹായം നൽകുമെന്നുമാണ് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്.

എസ്എഫ്‌ഐ പ്രവർത്തകൻ പറഞ്ഞ മൊഴിയുടെ വീഡിയോ ചൂണ്ടിക്കാട്ടി സുധാകരൻ ഇത് നോക്കാൻ പറഞ്ഞു. ബഹളം തുടർന്നപ്പോൾ ഇത് കേൾക്ക്.. നിങ്ങൾ അങ്ങനെ ബഹളം വച്ചാലൊന്നും ഞാനെങ്ങും മാറിപ്പോകൂല്ല. നിങ്ങൾക്ക് കടപ്പാട് ഉണ്ടാകും.. അതുകൊണ്ടൊന്നും എന്നെ പഠിപ്പിക്കാൻ നോക്കണ്ടെന്നുാണ് സുധാകരൻ വ്യക്തമാക്കിയത്. ഈ കുത്തു കൊണ്ട ചെറുപ്പക്കാർ പറയുന്നത് കേൾക്കൂ.. നിങ്ങൾ എന്താണ് കേൾക്കാൻ സമ്മതിക്കാത്തത് എന്ന ചോദ്യവും ഉന്നയിച്ചു. കണ്ടില്ലെന്ന് പറഞ്ഞാൽ അതിന് എന്താണ് അർത്ഥമെന്നും സുധാകൻ ചോദിച്ചു. അസംബന്ധം പറയുന്നതിന കണക്കു വേണമെന്നുമാണ് തുടർ ചോദ്യങ്ങൾക്ക അദ്ദേഹം മറുപടി നൽകിയതും.

നിങ്ങൾ നിങ്ങളുടെ പൊലീസിനോട് ചോദിക്ക് മിസ്റ്റർ, എന്നിട്ടു വർത്തമാനം പറയൂ.. മാധ്യമ പ്രവർത്തകരാണെന്ന് കരുതി ശുദ്ധ നുണ പറയരുതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. തർക്കിക്കാൻ വേണ്ടിയാണെങ്കിൽ തർക്കിക്കാം..നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തതുകൊണ്ടാണ് അപലപിക്കാത്തത്. പ്രതികൾക്ക് എല്ലാ നിയമ സഹായവും നൽകും. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഖിൽ പൈലിയെ എസ്എഫ്‌ഐ പ്രവർത്തകർ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‌യുവിന്റെ തലയിൽ വരുന്നുവെന്ന് കെ സുധാകരൻ ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവൻ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ നേതൃത്വത്തിൽ മരണത്തിലും ആഘോഷം നടക്കുകയാണ്. മരിച്ച ഉടൻ ശവകുടീരം കെട്ടാൻ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാൻ ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം, തിരുവാതിര നടത്തി പിണറായിയെ പുകഴ്‌ത്തിയെന്നും കെ സുധാകരൻ വിമർശിച്ചു. സിപിഎം ഭരണത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. ഇതിൽ 28 എണ്ണത്തിൽ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തിൽ ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീരജിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്ത പൊലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.