- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പള്ളിയെ വിളിച്ചാൽ ഫോണെടുക്കില്ല; കൂടിയാലോചനകളിൽ മുതിർന്ന നേതാക്കൾ വരാറില്ല; കോൺഗ്രസിൽ ആവശ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ട്; അനുരഞ്ജനത്തിനില്ലെന്ന സൂചനയുമായി കെ. സുധാകരൻ; സുധീരന്റെ രാജിക്ക് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജിവയ്ക്കുകയും പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലെന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതോടെ സുധീരനെ തള്ളി കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും എന്നാൽ അതിന് മുതിർന്ന നേതാക്കൾ എത്താറില്ലെന്നും അദ്ദേഹം ആരോപിച്ചു.
വി എം സുധീരന്റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ല. രാജിവെക്കുകയാണെന്ന് ഫോണിലൂടെയാണ് സുധീരൻ അറിയിച്ചത്. എന്നാൽ, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു.
സുധീരന്റെ കത്ത് ഓഫീസിൽ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താൻ കഴിയൂ. സുധീരനുമായി ചർച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് നോക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്റെ മറുപടി. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളിൽ ചർച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തിൽ വി എം സുധീരനുമായി ചർച്ച നടത്തിയിരുന്നു.
ആവശ്യത്തിന് ചർച്ചകൾ ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. യോഗത്തിന് വിളിച്ചാൽ നേതാക്കൾ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണെടുക്കാത്തതിനാൽ അദ്ദേഹവുമായി ഇപ്പോൾ സംസാരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവർത്തകർ സ്വീകരിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജി വച്ചത്. രാജി സംബന്ധിച്ച് കാരണം സുധീരൻ വ്യക്തമാക്കിയിട്ടില്ല.ശാരീരിക അസ്വസ്ഥകളുണ്ടെന്ന് കാണിച്ചാണ് രാജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.കോൺഗ്രസ് പുനഃസംഘടനയിൽ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോൾ സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ മാറിനിൽക്കേണ്ടി വരുമെന്ന ചർച്ചകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ രാജി.
വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി.ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു.അതേസമയം, പ്രശ്നങ്ങൾ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരന്റെ വീട്ടിൽ പോയി കെ സുധാകരൻ കണ്ടിരുന്നുവെന്നും പി ടി തോമസ് വ്യക്തമാക്കി.
കെപിസിസി പുനഃസംഘടനാ ചർച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തും. ഇതിനിടെയാണ് സുധീരന്റെ രാജി.സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോൺഗ്രസിന് ജംബോ കമ്മിറ്റികൾ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ