കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ആകാശ് തില്ലങ്കേരിക്കും ജയിൽ അധികൃതർക്കുമെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ ഗുരുതരമായ ചട്ടലംഘനം നടക്കുന്നു എന്ന ആരോപണമാണ് സുധാകരൻ ഉന്നയിച്ചത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെ കാണാൻ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്നാണ് സുധാകരന്റെ ആരോപണം. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ ജയിൽ ഡിജിപിക്ക് കത്ത് നൽകി.

കണ്ണൂർ സ്പെഷ്യൽ ജയിലിനെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഷുഹൈബ് വധക്കേസിൽ തിരിച്ചറിയിൽ പരേഡിനെത്തിയവരെ തടവുകാർ ഭീഷണിപ്പെടുത്തിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ സുധാകരൻ ഡിജിപിക്ക് അയച്ച കത്തിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജയിൽ ജീവനക്കാർക്ക് പോലും പ്രവേശനം ഇല്ലാത്ത ഇടങ്ങളിലേക്ക് ആകാശ് തില്ലങ്കേരിയെയും യുവതിയെയും എത്തിച്ചു കൊടുത്തെന്നാണ് പ്രധാന ആരോപണം.

ഈ മാസം മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. 13-ാം തിയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഇവർ രഹസ്യകൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തിൽ പറയുന്നു. ഇതേ ദിവസം ഒരു മണിക്ക് പുറത്ത് പോയ യുവതി 2.30-ന് വീണ്ടും തിരിച്ചെത്തി വൈകീട്ട് അഞ്ചു മണിവരെ കൂടിക്കാഴ്‌ച്ച നടത്തിയെന്നും സുധാകരൻ പരാതിയിൽ ആരോപിക്കുന്നു.

കണ്ണൂർ സ്പെഷ്യൽ ജയിലിൽ ഉള്ള 53 പേരിൽ എല്ലാവരും സിപിഎം പ്രവർത്തകരാണ്. ജയിലിൽ ഇവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത്കൊടുക്കുന്നു. രാത്രികാലങ്ങളിൽ പോലും സെല്ലുകൾ അടക്കാറില്ലെന്നും കത്തിൽ സുധാകരൻ ആരോപിക്കുന്നുന്നുണ്ട്. നേരത്തെ കൊല്ലപ്പെടും മുമ്പ് കണ്ണൂർ ജയിലിൽ വെച്ച് ഷുഹൈബിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന ആരോപണവും സുധാകരൻ ഉന്നയിച്ചിരുന്നു. അന്ന് അറസ്റ്റിലായ ഷുഹൈബിനെ ഭീഷണിപ്പെടുത്തിയത് സിപിഎം പ്രവർത്തകരായിരുന്നു എന്ന ആരോപണം പിന്നീട് ജയിൽ മേധാവി ശ്രീലേഖ ശരിവെക്കുകയും ചെയ്തു.

കൊലപാതവുമായി ബന്ധപ്പെട്ട് നേരത്തെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കും മുമ്പ് ആകാശ് തില്ലങ്കേരിയുടെ പിതാവിനെ കണ്ണൂർ പാർട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് സിപിഎമ്മിന്റെ 'സൈബർ പോരാളി'യാണ്. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്.

സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിൽ വ്യക്തമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇന്നലെ കീഴടങ്ങിയ ആകാശും രജിൻരാജും. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.