- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറക്ക് പകർന്ന് നൽകണം; തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; 137ാം സ്ഥാപകദിനാഘോഷത്തിൽ കോൺഗ്രസ് പ്രവർത്തകരോടായി കെ സുധാകരന്റെ വാക്കുകൾ
തിരുവനന്തപുരം: കോൺഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറക്ക് പകർന്ന് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടം കോൺഗ്രസിനെ തമസ്കരിച്ച് ചരിത്ര രേഖകൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറക്ക് പകർന്ന് നൽകാനുള്ള ദൗത്യം ഓരോ പ്രവർത്തകനും ഏറ്റെടുക്കണമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവർത്തകനും കോൺഗ്രസിന്റെ ജിഹ്വകളായി മാറണം. തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതൽ കരുത്താർജ്ജിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം വിഘടിച്ചുനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ ഒരീ ജനാധിപത്യ ശക്തിയായി രൂപപ്പെടുത്തിയതിൽ കോൺഗ്രസിന്റെ സംഭാവന വലുതാണ്.
മതം,ഭാഷ,സംസ്കാരം തുടങ്ങി വൈവിധ്യം നിറഞ്ഞ ഒരു ജനതയെ ഒരുമിച്ച് നിർത്തി രാജ്യത്തെ പരിവർത്തനത്തിലേക്കും വികസനകുതിപ്പിലേക്കും നയിച്ചത് 75 വർഷം ഭരണം കയ്യാളിയ കോൺഗ്രസ് ഭരണാധികാരികളാണ്. രാഷ്ട്രത്തിന്റെ ശിൽപ്പിയായ കോൺഗ്രസിന്റെ ചരിത്രം ആരു വിചാരിച്ചാലും തേച്ചുമാച്ചു കളയാൻ കഴിയുന്നതല്ല. അധികാരത്തിൽ ഇല്ലെങ്കിലും ജനം കോൺഗ്രസിനെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
മതേതര ജനാധിപത്യ ശക്തികൾ കോൺഗ്രസിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. അഹിംസ എന്ന പുത്തൻ സമരമാർഗത്തിലൂടെ കോൺഗ്രസ് നിരായുധരായി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന് അറുതിവരുത്തി സ്വതന്ത്ര്യം നേടിയപ്പോൾ 33 കോടി ജനത നിരക്ഷരരും വിവസ്ത്രരുമായിരുന്നു. കഴിക്കാൻ ഭക്ഷണമില്ല, ശാസ്ത്രമില്ല,വ്യവസായമില്ല.
ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ആശങ്കയോടെയാണ് അന്ന് ലോകം നോക്കി കണ്ടത്. കോൺഗ്രസ് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ദിശാബോധത്തിന്റെയും ഫലമായി രാജ്യം വ്യവസായ,ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ സ്വയംപര്യാപ്തത കൈവരിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയെ കരുത്തുറ്റ മതേതര ജനാധിപത്യ രാജ്യമാക്കിയ മേന്മ അവകാശപ്പെടാൻ കഴിയുന്ന ഏക പ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
രാജ്യത്ത് വർഗീയ ചേരിതിരുവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ് നിലനിൽക്കുന്നിടത്തോളം രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ സമ്മതിക്കില്ല. ബിജെപിയെപ്പോലെ സിപിഎമ്മും അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടുനടക്കുന്നു. കോൺഗ്രസിനെ തകർക്കാൻ എല്ലാത്തരം വർഗീയ ശക്തികളെയും സിപിഎം കൂട്ടുപിടിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
രാജ്യത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയുടെ എതിരാളി കോൺഗ്രസ് മാത്രമാണ്. കേരളത്തിൽ മാത്രമായി ചുരുങ്ങിയ സിപിഎമ്മിന് ബിജെപിയെ നേരിടാൻ ശേഷിയില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് സിപിഎം ഉൾപ്പെടെ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ പല നിലപാടുകളും ബിജെപിക്ക് സഹായകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഡി.സി.സി,ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും സി.യു.സികളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സി.യു.സി തലത്തിൽ ജന്മദിന പദയാത്രകൾ നടത്തി. കോൺഗ്രസ് പിന്നിട്ട 137 വർഷങ്ങളുടെ പ്രതീകാത്മകമായി 137 പേർ ഇന്ത്യയുടെ ഭൂപടത്തിൽ കോൺഗ്രസ് പതാകയുമായി അണിനിരന്ന് പ്രതിജ്ഞ എടുത്തു. കെപിസിസി ആസ്ഥാനത്ത് സേവാദൾ വാളന്റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കോൺഗ്രസ് പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ശാസ്തമംഗലം മണ്ഡലത്തിൽ നിന്നും മൂന്ന് പദയാത്രകൾ കെപിസിസി ആസ്ഥാനത്ത് എത്തിയ ശേഷമാണ് സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കമായത്. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഡി.സുഗതൻ രചിച്ച ഇന്ത്യയും ഇന്ത്യൻ നാഷനൽ കോൺഗ്രസും എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് നൽകി നിർവഹിച്ചു.
കെപിസിസി ഭാരവാഹികളായ ജി.എസ് ബാബു,ടി.യു രാധാകൃഷ്ണൻ, വി. പ്രതാപചന്ദ്രൻ, പഴകുളം മധു, ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ, എം.എം നസീർ,വി എസ് ശിവകുമാർ,മണക്കാട് സുരേഷ്,വർക്കല കഹാർ,ജോതികുമാർ ചാമക്കാല, എംഎൽഎമാരായ എ.പി അനിൽകുമാർ, എം. വിൻസന്റ് ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ പന്തളം സുധാകരൻ,എൻ.പീതാംബരകുറുപ്പ്, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ,എം.എ വാഹിദ്,നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ