കണ്ണൂർ: ആരിഫ് മുഹമ്മദ് ഖാനെ പോലെ ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സർക്കാറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കണ്ണൂർ വി സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവർണർ ആരിഫ് ഖാൻ നട്ടെല്ല് ഉണ്ടെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.

പി.എസ്.സി നിയമനമടക്കം പാർട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാൻ എന്തും ചെയ്യുന്ന ഭരണാധികാരികൾക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ്. വഴിവിട്ട മാർഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവർക്ക് നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു.

'ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണുള്ളത്. പിണറായി വിജയൻ ഭരിക്കുമ്പോൾ എല്ലാം ഭരണത്തിന്റെ തണലിൽ തോന്നിയതുപോലെ നടക്കുകയാണ്. ഇത്രയും നാണംകെട്ട ഒരു ഗവർണറെ മുമ്പ് കേരളം കണ്ടിട്ടില്ല. അദ്ധ്യാപകർക്ക് അദ്ധ്യാപനം നടത്താനുള്ള സാഹചര്യം പോലും സർവകലാശാലകളിൽ നിഷേധിക്കപ്പെടുന്നു,' സുധാകരൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെ വിലങ്ങുകൾ ഭേദിക്കാൻ അദ്ധ്യാപക സംഘടനകൾക്ക് കഴിയണമെന്നും ഇതിനായി കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാർത്ഥിയല്ലെന്ന് കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണ് ജെബി മേത്തറിന്റേതെന്ന് കെ. സുധാകരൻ പറഞ്ഞു.

താൻ എം. ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ.എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. സിപിഐ.എം പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സിപിഐ.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ. സുധാകരൻ പറഞ്ഞു.