- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസിയുടെ പടനായകനായി ഇനി കെ എസ്; അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു; ഇന്ദിരാഭവനിലെ ചടങ്ങിൽ മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളും; ആവേശത്തിൽ അണികൾ; സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസ് മാറണമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുത്തു. മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷിയാവാൻ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയത്.
ഇരാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചനയും നടത്തി. ശേഷം ശാസ്തമംഗലത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയ സുധാകരന് സേവാദൾ വോളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി. കെപിസിസി ഓഫീസിലെത്തിയ സുധാകരനെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു.
മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിനിടെ ഇന്ദിരാഭവനിലെത്തി. കെസി ജോസഫ്, എംഎം ഹസ്സൻ, കെ.ബാബു, കെപി അനിൽ കുമാർ, റിജിൽ മാക്കുറ്റി, വി എസ് ശിവകുമാർ, എന്നിവർ കെപിസിസിയിലെത്തിയിരുന്നു. എഐസിസി പ്രതിനിധികളായ അൻവർ താരീഖ് അടക്കമുള്ള നേതാക്കളും സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
സുധാകരനൊപ്പം കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു.
വിശാലമായ ചർച്ചകളിലൂടെയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോയത്. ആഭ്യന്തര ജനാധിപത്യം പാർട്ടിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയിൽ പ്രവർത്തിച്ചത്.
സെമി കേഡർ സ്വഭാവത്തിലേക്കെങ്കിലും കോൺഗ്രസ് പാർട്ടി ഘടന മാറണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. ചർച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വർഷമായി പിന്തുടർന്നത്. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കടപ്പാടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ എംപിമാരെ തിരഞ്ഞെടുത്ത സംസ്ഥാനം കേരളം ആണ്. ഒരു വർഷം കൂടി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടം നടന്നു. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു. സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന ദുഃഖവും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പങ്കുവച്ചു.
തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം ആണ് ഇതിന് ഉദാഹരണം. സിപിഎം ആർഎസ്എസ് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണയാണ് കേരളത്തിൽ നടപ്പാക്കിയത്. ആ അവിശുദ്ധ ബന്ധത്തിന്റെ ജാര സന്തതിയാണ് രണ്ടാം പിണറായി സർക്കാരെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
ന്യൂസ് ഡെസ്ക്