- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ 'ഗ്രൂപ്പ് കളിയിൽ' സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?
തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ നടക്കുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പോലും കുടിയാലോചിക്കാതെ സാധ്യതാ പട്ടിക നൽകിയെന്നാണ് ആരോപണം. അതിനിടെ ഡൽഹിയിൽ നടന്ന സംഭവവികാസങ്ങളിൽ സുധാകരനും അതൃപ്തിയുണ്ടെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറിയും ചേർന്ന് ചർച്ചകൾ അട്ടിമറിച്ചുവെന്നാണ് സുധാകരന്റേയും വിലയിരുത്തൽ.
ഡൽഹിയിലുള്ള എംപിമാരുമായി കോൺഗ്രസ് പുനഃസംഘടനയിലെ ചർച്ചകളാണ് സുധാകരൻ ലക്ഷ്യമിട്ടത്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനായിരുന്നു ഇടപെടൽ. ഡൽഹിയിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. എത്രയും വേഗം പട്ടിക നൽകണമെന്ന നിർദ്ദേശം എത്തി. ഇത് സുധാകരന്റെ താൽപ്പര്യത്തിന് വിരുദ്ധമായിരുന്നു. ഇതോടെ തയ്യാറാക്കിയ പട്ടിക ഹൈക്കമാണ്ടിന് കൈമാറി സുധാകരൻ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിലെ കൂടിയാലോചനയാണ് സുധാകരൻ ലക്ഷ്യമിട്ടത്. ജനസമ്മതിയുള്ള നേതാക്കളെ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ നിയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ ഡൽഹിയിലെ ചർച്ചകളിൽ എല്ലാം മാറി മറിഞ്ഞു. സുധാകരനും വിഡി സതീശനും കെസി വേണുഗോപാലിനും പുറമേ പിടി തോമസും കൊടിക്കുന്നിലും ടി സിദ്ദഖും പങ്കെടുത്തു. എല്ലാ കാര്യങ്ങളിലും കെസിയും വിഡിയും യോജിച്ച നിലപാട് എടുത്തു. മറ്റുള്ളവർ അതിനെ പിന്തുണച്ചു. ഇതോടെ സുധാകരന്റെ തിരുവനന്തപുരത്തെ ചർച്ചയെന്ന മോഹം പൊലിഞ്ഞു. രാഹുൽ ഗാന്ധിയെ കാണാൻ സമയം കിട്ടിയത് പോലും വൈകിയാണ് സുധാകരൻ മനസ്സിലാക്കിയത്.
പാലക്കാട് ജില്ലയിൽ ഡിസിസി അധ്യക്ഷനായി എവി ഗോപിനാഥിനെ വയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഇതിനെ കെസിയും മറ്റുള്ളവരും എതിർത്തു. പാലക്കാട്ടെ പ്രശ്ന പരിഹാരത്തിന് എവിയെ അധ്യക്ഷനാക്കിയേ മതിയാകൂവെന്ന് സുധാകരൻ പറഞ്ഞു. ഇത് വാക്കേറ്റത്തിന് പോലും കാരണമായെന്നാണ് റിപ്പോർട്ട്. കെ സി വേണുഗോപാലിന്റെ നിലപാടുകൾക്ക് മുന്നിൽ ബാക്കിയെല്ലാം നിഷ്പ്രഭമാകുകയാണെന്ന പരാതി സുധാകരനും ഉണ്ട്. എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും ഇല്ലാതാക്കി സ്വന്തം ഗ്രൂപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് വിമർശനം.
കോൺഗ്രസ്സിനെ നേരെയാക്കാൻ ശപഥമെടുത്ത് അധികാരത്തിലേറിയ നേതാവാണ് സുധാകരൻ. ഡൽഹിയിലേക്ക് പുറപ്പെടും മുൻപ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയോടും വി ടി സതിശനോടും നേരിൽ കണ്ട് അഭിപ്രായവും ആരാഞ്ഞിരുന്നു. ഇവർക്കെല്ലാവർക്കും തൃപ്തികരമായ അതേ സമയം യുവാക്കൾക്കും സ്ത്രീകൾക്കും ദളിതർക്കും പ്രാതിനിത്യമുള്ള ഒരു നിഷ്പക്ഷമായ ഡിസിസി ഭാരവാഹിപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്ക് പോയത്. ഇതെല്ലാം ്അട്ടിമറിക്കപ്പെട്ടു.
ഡൽഹിയിലെത്തി എംപിമാരുമായി ചർച്ച ചെയ്ത് അവരുടെ താൽപ്പര്യം കൂടി പരിഗണിച്ചാവും പട്ടികയെന്നാണ് സുധകരൻ ഉമ്മൻ ചാണ്ടിക്ക് വാക്ക് നൽകിയത്. തിരിച്ചെത്തി പട്ടിക ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കാണിച്ചതിന് ശേഷമേ പ്രഖ്യാപിക്കുവെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടതിലാണ് സുധാകരന് അമർഷം.
മറുനാടന് മലയാളി ബ്യൂറോ