തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നിരവധി കേസുകൾ സർക്കാർ കുത്തി പൊക്കികൊണ്ടുവരുമ്പോൾ ഇരട്ട നീതി ആരോപണവുമായി ബിജെപി അനുഭാവികളും രംഗത്ത്.എംഎൽഎമാർക്കും മന്ത്രിമാർക്കുമെതിരെ നിരവധി കേസുകൾ നിലവിലല്ലേയെന്നും ഇതിൽ എന്ത് നടപടിയെടുത്തുവെന്നതുമാണ് ഉയരുന്ന ചോദ്യം.

പിണറായി സർക്കാരിലെ വൈദ്യുതി മന്ത്രിയായ എം.എം.മണിക്കെതിരെ നിരവധി കേസുകളുണ്ട്. കുറ്റപത്രം സമർപ്പിച്ച് കോടതികളിൽ തുടരുന്ന മൂന്ന് കേസുകളും പെൻഡിംഗിൽ തുടരുന്ന അഞ്ച് കേസുകളും എം.എം.മണിക്ക് എതിരെ ഇടുക്കി ജില്ലയിലുണ്ട്. മൂന്നു കേസുകൾ സജീവമായി തുടരുമ്പോഴാണ് വൈദ്യുതി മന്ത്രിയായി എം.എം.മണി സ്ഥാനമേൽക്കുന്നത്. അഞ്ചേരി ബേബി വധം ഉൾപ്പെടെയുള്ള കേസുകൾ മണിയുടെ പെൻഡിങ് കേസുകളുടെ ലിസ്റ്റിൽ ഉള്ളതാണ്. ഇതാണ് ആ കേസുകളുടെ വിശദാശങ്ങൾ. ക്രൈം നമ്പർ 141/ 2012, ക്രൈം നമ്പർ 1534/2012, ക്രൈം നമ്പർ 562/2014, എന്നീ കേസുകളിൽ ചാർജ് ഷീറ്റ് ആയ കേസുകളാണ്. ക്രൈം നമ്പർ 141/ 2012 ഇടുക്കി പൊലീസ് ചാർജ് ചെയ്ത കേസാണ്. കെ.സുരേന്ദ്രനെതിരെ കണ്ണൂരിലുള്ള കേസിനു സമാനമായ കേസ് ആണിത്.

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഉള്ള ഈ കേസ് ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലാണ് നിലവിൽ ഉള്ളത്. സെക്ഷൻ 143, 147, 341, 116, 117, 149 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എം.ഇ,എം.മണിക്ക് എതിരായി പൊലീസ് ചുമത്തിയിട്ടുണ്ട്. ക്രൈം നമ്പർ 1534/2012 കേസ് കട്ടപ്പന പൊലീസ് ചാർജ് ചെയ്ത കേസ് ആണ്. ഐപിസി സെക്ഷൻ 143, 147, 283, 188, 149 എന്നീ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മണിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്. കട്ടപ്പന സബ് ട്രഷറിക്ക് മുൻപിൽ സംഘടിച്ചതിനും അനുവാദം കൂടാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് ഈ കേസ് നിലവിലുള്ളത്. കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുൻപിലാണ് ഈ കേസ് ഉള്ളത്. 2012-ൽ കട്ടപ്പന പൊലീസ് ചാർജ് ചെയ്ത കേസ് ആണിത്. ക്രൈം നമ്പർ 562/2014 കേസ് പീരുമേട് പൊലീസ് ചാർജ് ചെയ്ത കേസ് ആണിത്. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് ഈ കേസ് എം.എം.മണിക്ക് എതിരെ ചാർജ് ചെയ്തിട്ടുള്ളത്. അനുവാദമില്ലാതെ മൈക്ക് ഉപയോഗിച്ചത് കൂടി ഉൾപ്പെടുത്തി പൊലീസ് എടുത്ത കേസ് ആണിത്.

ഐപിസി സെക്ഷൻ 143, 145, 149 വകുപ്പുകളും കേരളാ പൊലീസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പൊലീസ് ഈ കേസിൽ ചുമത്തിയിട്ടുണ്ട്. പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലുള്ള കേസ് ആണിത്. ഇത് ചാർജ് ഷീറ്റ് ആയ കേസുകൾ. 2012 മുതലുള്ള പെൻഡിങ് കേസുകളും എം.എം.മണിക്ക് എതിരെ നിലവിലുണ്ട്. അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലുള്ള ക്രൈം നമ്പർ 2/83 കേസ് ഈ രീതിയിലുള്ള കേസ് ആണ്. രാജാക്കാട് പൊലീസ് ചാർജ് ചെയ്ത കേസ് ആണിത്. മണി നടത്തിയ രാഷ്ട്രീയ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ആണിത്. ക്രൈം നമ്പർ 65/83 നെടുങ്കണ്ടം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലുള്ള കേസ് ആണിത്.

ശാന്തൻ പാറ പൊലീസ് ചാർജ് ചെയ്ത കേസ് ആണിത്. 2012 മുതൽ പെൻഡിങ് ഉള്ള കേസുകൾ ആണിത്. മുകളിലെ രണ്ടു കേസിലും കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതാണ്. എസ്സി നമ്പർ 68/2016 തൊടുപുഴ സെഷൻ കോടതിക്ക് മുൻപുള്ള കേസ് ആണ്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് ഈ കേസ് പിന്നീട് ട്രാൻസ്ഫർ ചെയ്തു. 2016ലുള്ള കേസ് ആണിത്. വിവാദമായ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട കേസ് ആണിത്. അഞ്ചേരി ബേബി അടക്കുള്ളവരെ പാർട്ടി എങ്ങിനെ കൊലപ്പെടുത്തി എന്ന മണിയുടെ വിവാദ വെളിപ്പെടുത്തൽ അടങ്ങിയ കേസ് ആണിത്.

ഐപിസി 143 , 147, 148, 149, 307, 302 , 120ആ, 302 വകുപ്പുകൾ അടങ്ങിയ കേസ് ആണിത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതിക്ക് മുന്നിൽ വേറൊരു പെൻഡിങ് കേസും മണിക്ക് എതിരെയുണ്ട്. 1196/12 എന്ന ക്രൈം നമ്പറിൽ തൊടുപുഴ പൊലീസ് ചാർജ് ചെയ്ത കേസ് ആണിത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുള്ള പൊതുപ്രസംഗത്തിന്റെ പേരിലുള്ള കേസ് ആണിത്. ഇടുക്കി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിൽ മറ്റൊരു പെൻഡിങ് കേസും എം.എം.മണിക്ക് എതിരെ നിലവിലുണ്ട്.

ക്രൈം നമ്പർ 110/ 2016 നമ്പറിലുള്ള കേസ് ആണിത്. ഇടുക്കി പൊലീസ് ആണ് ഈ കേസ് ചാർജ് ചെയ്തിട്ടുള്ളത്. ഐപിസി 143, 147. 294 (ബി), 283, 188, 189, 506 (1), 149 പ്രകാരമുള്ള കുറ്റങ്ങളും പതിവുപോലെ പൊലീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ഈ കേസിൽ മണിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. ഈ കേസുകൾ എല്ലാം നിലനിൽക്കുമ്പോഴാണ് കെ.സുരേന്ദ്രനെതിരെ ശക്തമായ നിയമനടപടികളുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്.

കെ.സുരേന്ദ്രനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കേസുകൾ നിലവിലുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. . അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനുമുള്ള കേസുകളാണു പലതും. എട്ടു കേസുകൾ 2016ന് മുൻപ് എടുത്തവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ.രാജഗോപാൽ എംഎൽഎയുടെ സബ്മിഷനു മറുപടിയാണ് ഈ കാര്യത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തൽ നടത്തിയത്.