- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ല; സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളത്; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവ്വകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. കോവിഡ് അവസാനിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ. അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. 65 വയസ്സു കഴിഞ്ഞ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റുമെന്ന് എന്താണ് ഉറപ്പുള്ളത്. സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ഇപ്പോൾ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ട് യുഡിഎഫും എൽഡിഎഫും പുറത്തൊരു ധാരണയിലെത്തിയശേഷമാണ് സർവകക്ഷിയോഗത്തിനെത്തിയത്. സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ നേതാവ് യുക്തിരഹിതമായ ഒരു വാദം ഉന്നയിച്ചു. മുഖ്യമന്ത്രി അതിനോട് തത്വത്തിൽ യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. യുഡിഎഫിലും തമ്മിലടിയും ബഹളങ്ങളുമൊക്കെയുണ്ട്. ഈ സാഹചര്യത്തിൽ കോവിഡിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റാമെന്ന നിലയാണ് രണ്ടുകൂട്ടരും സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പു വിഷയത്തിലും ഇരുമുന്നണികളും ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഉഫതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചു. അന്ന് ഇവർ രണ്ടുകൂട്ടരും സ്വാഗതം ചെയ്തു. സ്ഥാനാർത്ഥിയെ വരെ തീരുമാനിച്ചു. ഷിബുബേബിജോണൊക്കെ പ്രചാരണത്തിനും ഇറങ്ങി. എന്നിട്ട് ഇപ്പോഴാണ് ഇവർക്ക് ബോധോദയം ഉണ്ടാകുന്നത്. കേരളത്തിലെ യുഡിഎഫിനും എൽഡിഎഫിനും ജനങ്ങളുടെ വികാരം എന്താണെന്ന് മനസ്സിലാകുന്നേയില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.