തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധനവില വർധനയിൽ കേന്ദ്ര സർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽനിന്നും പിന്മാറാൻ ഇടതു സർക്കാർ തയാറാവണം.

മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിനു പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.