കോഴിക്കോട്: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സിപിഎം ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകം ഉണ്ടായത് പ്രദേശികമായ പ്രശ്‌നത്താൽ ആണെന്നും അതിൽ ബിജെപിക്കോ ആർ.എസ്.എസ്സിനോ ബന്ധമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഎം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഹരിപ്പാട് ആർ.എസ്.എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടർഭരണത്തിന്റെ ഹുങ്കിൽ സിപിഎം-സിഐ.ടി.യു-ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ കഴിഞ്ഞ ദിവസം സിഐ.ടി.യു പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു. കണ്ണൂരിൽ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി ആറിന് പുന്നോൽ കൊയ്യാൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിക്കുകയും രണ്ട് ബിജെപി- ആർ.എസ്.എസ് പ്രവർത്തകർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സിപിഎം പ്രവർത്തകരായ രണ്ടു പേരുടെ നേതൃത്വത്തിലാണ് മർദ്ദനമഴിച്ചുവിട്ടതെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി കോടിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോിവും പുന്നോലിൽ നടത്തിയത്.ഈ പൊതുയോഗം ഉദ്ഘാടനം ചെയ്യവേയാണ് ബിജെപി നേതാവും തലശേരി നഗര സഭാ കൗൺസിലറുമായ ലിജേഷ് പ്രകോപനപരമായ പ്രസംഗം നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എന്നാൽ പിന്നീട് ഒന്നരയാഴ്‌ച്ചയോളം പ്രദേശത്ത് അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെയിൽ ബിജെപി ബൂത്ത് സമ്മേളനങ്ങൾ തലശേരി മേഖലയിൽ വ്യാപകമായി നടന്നു വരികയായിരുന്നു. ശനിയാഴ്‌ച്ചയോടെയാണ് ബൂത്ത് സമ്മേളനങ്ങൾ അവസാനിച്ചത്. ഇതായിരിക്കാം ഞായറാഴ്‌ച്ച പുലർച്ചെ അക്രമം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലിസ് .രണ്ടു ബൈക്കുകളിലെത്തിയ നാലു പേരാണ് കൊല നടത്തിയതെന്നു കൊല നടന്നു മണിക്കൂറുകൾക്കുള്ളിൽ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇതു സംബന്ധിച്ചു ഇവർ അന്നേ ദിവസം സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഇതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായത്.ഇവരെ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസയമം ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കും പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും വിട്ടുകൊടുത്തു.