തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ ജയിലിനുമുന്നിൽ ബിജെപി പ്രവർത്തകർ സ്വീകരണവും പ്രതിഷേധവും ഒരുപോലെ നടത്തി. സുരേന്ദ്രന്റെ വാഹനമെത്തിയപ്പോൾ പൂക്കൾ വിതറിയും ശരണംവിളിച്ചുമാണ് പ്രവർത്തകർ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. സുരേന്ദ്രന് എത്തുന്നു എന്നറിഞ്ഞ് നിരവധി പ്രവർത്തകർ പ്രായഭേദമന്യേ ജയിലിന് മുന്നിൽ എത്തി നിലയുറപ്പിച്ചിരുന്നു. നാലുമണിയോടെ കാത്ത് നിൽപ്പാരംഭിച്ച പ്രവർത്തകർ ജയിൽ കവാടത്തിന് മുന്നിൽ ശരണം വിളികൾ മുഴക്കി.

എസിപി ഷീൻ തറയിലിന്റെയും പൂജപ്പുര എസ്ഐ ഗിരിലാലിന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടയിൽ ബിജെപി പ്രവർത്തകരുടെ വാഹനം ജയിൽ വളപ്പിലേക്ക് കയറ്റണം എന്നാവശ്യപ്പെട്ട് ചെറിയ വാക്കേറ്റവും ഉണ്ടായി. പ്രവർത്തകരുടെ എല്ലാം കൈവശം പൂക്കൾ കരുതിയിരുന്നു. ആറുമണിയോടെ സുരേന്ദ്രനെയും കൊണ്ട് പൊലീസ് വാഹനം എത്തിയപ്പോഴേക്കും പ്രവർത്തകർ ശരണം വിളികളോടെ വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തു. പിന്നീട് വാഹനത്തിനുള്ളിലേക്ക് പൂക്കൾ വാരിയെറിഞ്ഞു. വാഹനത്തിനുള്ളിൽ ഇരുന്ന് പ്രവർത്തകർക്ക് നേരെ കൈകൂപ്പി സുരേന്ദ്രൻ എല്ലാവരെയും അഭിസംബോധന ചെയ്തു.

പ്രവർത്തകരെ വകഞ്ഞുമാറ്റി സുരേന്ദ്രനെ ജയിലിനുള്ളിലേക്ക് കൊണ്ടുപോയതോടെ ശരണംവിളികൾ പിന്നീട് മുദ്രാവാക്യങ്ങളായി മുഴങ്ങി. കൊട്ടാരക്കര ജയിലിൽനിന്ന് ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം റാന്നി ജുഡീഷൽ മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചതോടെയാണിത്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ ഡിസംബർ ആറുവരെയാണ് റാന്നി ഗ്രാമന്യായാലയ കോടതി റിമാൻഡ് ചെയ്തത്.

കൊട്ടാരക്കര സബ് ജയിലിൽ നിന്നു കണ്ണൂർ കോടതിയിലെ കേസിൽ ഹാജരാക്കാൻ കൊണ്ടുപോയ സുരേന്ദ്രനെ മടക്കയാത്രയിൽ ഇന്നലെ രാത്രി തൃശൂർ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.. ഇന്നു അവിടെ നിന്നു കൊട്ടാരക്കര സബ് ജയിലിൽ ഉച്ചയോടെ എത്തിച്ചു. റാന്നി കോടതിയുടെ ജയിൽ മാറ്റ ഉത്തരവ് കിട്ടിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും സുരേന്ദ്രന് അനുകൂലമായതിനാലാണ് സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

ഒരു പാട് മടിച്ചു നിന്ന ശേഷമാണ് ശബരിമല സമരത്തിന്റെ മുൻനിരയിലേക്ക് സുരേന്ദ്രൻ എത്തിയത്. തുലമാസ പൂജ സമയത്ത് സമരം നയിക്കാൻ ആളില്ലാതെ വന്നപ്പോൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സുരേന്ദ്രൻ പക്ഷക്കാരാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഈ അവസരം വിനിയോഗിച്ചാൽ ശ്രദ്ധിക്കപ്പെടാമെന്ന് അറിയിച്ചതും അവർ തന്നെയാണ്. അങ്ങനെയാണ് അവരുടെ നിർബന്ധത്തിന് വഴങ്ങി സുരേന്ദ്രൻ നിലയ്ക്കലിലെ ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ എത്തിയത്. അന്നു തന്നെയാണ് പൊലീസും സമരക്കാരുമായി ലാത്തിച്ചാർജും നടന്നത്. ഇതിന് പിന്നാലെ സുരേന്ദ്രൻ മല കയറി. പിന്നീട് അവിടെ നടന്ന സമരമെല്ലാം നയിച്ചത് സുരേന്ദ്രനായിരുന്നു. തുലാമാസ പൂജ സമയത്ത് ആചാരലംഘനം നടക്കാതെ സഹായിച്ചതിന് തന്ത്രി സുരേന്ദ്രനോട് നന്ദി അറിയിക്കുകയും ചെയ്തു. ആദ്യ വരവ് ആകസ്മികമായിരുന്നുവെങ്കിൽ രണ്ടാം വരവ് കരുതി കൂട്ടി തന്നെയായിരുന്നു.

അന്ന് സുരേന്ദ്രനെ പമ്പയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുത്തിരുന്നു. വിവരം പൊലീസ് വൃത്തങ്ങളിൽ നിന്നു ചോർന്നു കിട്ടിയ സുരേന്ദ്രനും വിവി രാജേഷും കാട്ടിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് സന്നിധാനത്ത് എത്തുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ ഇമേജ് വർധിച്ചത്. മലമുകളിൽ സുരേന്ദ്രൻ നേതാവാകുന്നത് കണ്ട ബിജെപിയിലെ മറുവിഭാഗം ഇതോടെ ബേജാറായി. അങ്ങനെയാണ് വൽസൻ തില്ലങ്കരി സന്നിധാനത്ത് എത്തി സൂപ്പർ ഡിജിപിയായത്. നിലയ്ക്കലിൽ വച്ച് സുരേന്ദ്രൻ അറസ്റ്റിലായതോടെയാണ് മറ്റു നേതാക്കൾക്ക് ആശ്വാസമായത്. എന്നാൽ, ഇല്ലാത്ത കേസുകൾ വരെ തലയിൽ കെട്ടിവച്ചതോടെ സുരേന്ദ്രന് സഹതാപവും കിട്ടിത്തുടങ്ങി.

ഇതോടെ ബിജെപി നേതൃത്വം സട കുടഞ്ഞ് എണീറ്റു. സമരം പ്രഖ്യാപിച്ചു.ശ്രീധരൻ പിള്ള സുരേന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയുംചെയ്തു. കൊട്ടാരക്കരയിലേക്ക് കണ്ണൂരിലേക്ക് സുരേന്ദ്രനെ ഞായറാഴ്ച കൊണ്ടു പോയപ്പോൾ ദേശീയ പാതയുടെ വശങ്ങളിൽ അഭിവാദ്യം അർപ്പിച്ച് പ്രകടനങ്ങളും നടന്നിരുന്നു. കണ്ണൂർ ജയിലിന് മുന്നിൽ പുഷ്പവൃഷ്ടി തൂകിയാണ് അദ്ദേഹത്തെ വരവേറ്റത്. സുരേന്ദ്രന് ലഭിച്ച ജനസമ്മതിയതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിരോധനാജ്ഞയിൽ ഇളവു വരുത്താൻ കോടതി ഉത്തരവിട്ടിട്ടും സന്നിധാനത്ത് നാമജപ പ്രതിഷേധത്തിന് അടക്കം വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നടപടിയിലൂടെ സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്.

അയോധ്യ മാതൃകയിൽ ശബരിമല വിഷയം കൈകാര്യം ചെയ്ത സുരേന്ദ്രനെ കേന്ദ്രനേതൃത്വം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്. കൈയിൽ കിട്ടിയ അവസരം കളഞ്ഞു കുളിക്കുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്ത ശ്രീധരൻ പിള്ളയുടെ നടപടികളോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയാണ്. ഈ സാഹചര്യം സുരേന്ദ്രന് സഹായകമാകും. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് മാറ്റി മിസോറാം ഗവർണ്ണറാക്കിയത് സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ ആർഎസ്എസ് എതിർത്തതോടെ ശ്രീധരൻപിള്ള അധ്യക്ഷനായി.

പരിവാറുകാരുടെ എതിർപ്പാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തലിൽ സുരേന്ദ്രനും എത്തിയിരുന്നു. ഏതായാലും ശബരിമലിയെ വിവാദങ്ങൾ സുരേന്ദ്രന് വീര നേതാവിന്റെ പരിവേഷം നൽകുകയാണ്.