പയ്യന്നൂർ: ബോംബേറിൽ തകർന്ന ആർ. എസ്. എസ് കാര്യാലയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.

മാരക ശേഷിയുള്ള ബോംബുകളാണ് അർദ്ധരാത്രിക്കുശേഷം ആർഎസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ മുണ്ടാക്കാനുള്ള സി പി എമ്മിന്റെ ഗൂഢാലോചനയാണ്, ബോംബാക്രമണമെന്ന് സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

സി പി എമ്മിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ നിന്നും അവർക്കു രക്ഷ നേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കയാണ് സി പി എം പയ്യന്നൂരും പരിസര പ്രദേശങ്ങളിലും. ഉന്നത നേതാക്കൾക്കെതിരെ പാർട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയർന്നുവന്നിരിക്കയാണ് ഒരു രക്തസാക്ഷിയുടെ പേരിൽ പിരിച്ച പണം വലിയതോതിൽ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളിൽ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ സി പി എം. അതിൽനിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാൻ സി പി എം ശ്രമിക്കുന്നത്.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് സാധിക്കുന്നില്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സി പി എം ന്റെ താത്പര്യമനുസരിച്ചാണ് പൊലീസ് കേസന്വേഷിക്കുന്നത്.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാൻ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോർ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണാ ബൈക്കുകളിൽ എത്തിയത് എന്ന് കണ്ടുപിടിക്കാൻ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്, പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്ട്രീയ താല്പര്യത്താലാണ്. പൊലീസിന് സി പി എം കർശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടവും പൊലീസും തയ്യാറാവണം.

ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്നു മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത് എസ് ഡി പി ഐ ആർഎസ്എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു എന്നാൽ സ്വന്തം പാർട്ടിക്കാര് എ കെ ജി സെന്ററിന് ബോംബെറിഞ്ഞിട്ടു പിടിക്കാൻ അവർക്കു സാധിക്കുന്നില്ല. പൊലീസിനെയും സർക്കാർ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്.

അടിയന്തരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് വിഭാഗ് കാര്യവാഹ് എം തമ്പാൻ, വിഭാഗ് കാര്യ കാരി സദസ്യൻ പി രാജേഷ്‌കുമാർ, ബിജെപി പയ്യന്നൂർ മണ്ഡലം പ്രെഡിഡന്റ് പനക്കീൽ ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ : കെ കെ ശ്രീധരൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സി കെ രമേശൻ മാസ്റ്റർ, പെരിങ്ങോം മണ്ഡലം ജനറൽ സെക്രട്ടറി ഗംഗാധരൻ കാളീശ്വരം ജില്ലാ കമ്മിറ്റി അംഗം എം പി രവീന്ദ്രൻ, മോഹനൻ കുഞ്ഞിമംഗലം തുടങ്ങിയ നേതാക്കളും സംസ്ഥാന പ്രസിഡന്റ്നെ അനുഗമിച്ചു.