- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേത് നിർഗുണ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന്; ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി; പ്രതിപക്ഷത്തെ പരിഹസിച്ചു കെ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാൻ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ല. പിണറായിയെ നേരിടാനുള്ള ത്രാണി പ്രതിപക്ഷത്തിനില്ല. നാലുകൊല്ലമായി, യുദ്ധത്തിൽ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേട്. യുഡിഎഫ് ആത്മാർത്ഥമായി ഇടപെട്ടില്ല. സഭയിൽ ബിജെപിക്ക് പത്ത് അംഗങ്ങളുണ്ടായിരുന്നെങ്കിൽ സർക്കാർ വെള്ളം കുടിക്കുമായിരുന്നുവെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
മുഖ്യമന്ത്രി പ്രശ്നങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണ്. പരിഹരിച്ച അയോധ്യ പ്രശ്നം സഭയിൽ ചർച്ചാവിഷയമാക്കിയത് ഇതിന്റെ തെളിവാണ്. സാമുദായിക ധ്രുവീകരണമെന്ന ദുഷ്ടലാക്കാണ് മുഖ്യമന്ത്രിയുടേത്. അതിന്റെ ഭാഗമായാണ് കെടി ജലീലിന്റെ ഖുറാൻ പൊതിഞ്ഞ സ്വർണ്ണക്കള്ളക്കടത്തിനെ വീണ്ടും മതഗ്രന്ഥമായി പറഞ്ഞ് പിൻതുണച്ചത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന സർക്കാരാണ് തങ്ങളെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയിലാണ് മുഖ്യമന്ത്രി. മത സാമുദായിക ശക്തികളുടെ കരുത്തിന്മേൽ അധികാരം നിലനിൽത്താനുള്ള ശ്രമമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന തന്ത്രം തിരിച്ചറിയണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ, സ്വർണക്കള്ളക്കടത്ത്,ജലീൽ വിഷയം എന്നതിലൊന്നും മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായില്ല. ചട്ടലംഘനത്തിൽ ജലീലിന്റെ വിശദീകരണം തന്നെ മുഖ്യമന്ത്രി ആവർത്തിച്ചു. സ്വർണക്കള്ളക്കടത്തിൽ കേന്ദ്ര ഏജൻസികൾ കുറ്റപ്പെടുത്തിയിട്ടും തന്റെ ഓഫീസിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ