തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി വിജയൻ ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. 'കൊലപാതക കേസിൽ പ്രതിയായ മുഖ്യമന്ത്രിയാണ് കേന്ദ്ര മന്ത്രി അമിത്ഷാക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമിത്ഷാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വർഗീയവാദിയാണെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാർട്ടി മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സമ്മതിക്കില്ല. സിപിഎം എസ്ഡിപിഐക്ക് തുല്യമായിരിക്കുകയാണ്'. സിപിഎം എന്ന പാർട്ടി മലബാറിൽ എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണെന്നും' സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് പോലും വ്യാജമെന്ന് തിരിച്ചറിഞ്ഞ വ്യാജഏറ്റുമുട്ടൽ ആരോപണങ്ങളാണ് പിണറായി ഇപ്പോൾ ആരോപിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതോടെ വിചാരണ പോലും ഇല്ലാതെയാണ് അമിത് ഷായ്ക്കെതിരായ കേസ് കോടതി തള്ളിയത്. കൊലക്കേസിൽ പ്രതിയായ പിണറായി ആണ് അമിത് ഷായ്ക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമിത് ഷാ മുസ്ലിങ്ങളോട് എന്താണ് ചെയ്തതെന്ന് പിണറായി വ്യക്തമാക്കണം. മകളെ കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണോ പറയുന്നത്. അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകണം. സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചതും മുഖ്യമന്ത്രിയും പരിവാരങ്ങളുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇന്നലെ കണ്ണൂരിൽ സംഘടിപ്പിച്ച പടയൊരുക്കം പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വർഗീയതയുടെ ആൾരൂപമാണെന്നും വർഗീയത വളർത്താൻ എന്തും ചെയ്യുമെന്നും പിണറായി ആരോപിക്കുകയുണ്ടായി. അമിത് ഷാ കേരളത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കുന്നതിനെതിരെ കോൺഗ്രസ് ഒരക്ഷരം പറഞ്ഞില്ല. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സംശയാസ്പദ മരണത്തെക്കുറിച്ച് അദ്ദേഹംതന്നെ വെളിപ്പെടുത്തട്ടെ, അന്വേഷിക്കാം. എന്നാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത്. അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ വരേണ്ടതില്ല. അദ്ദേഹം ശംഖുമുഖത്ത് സംസാരിച്ചത് പദവിക്ക് നിരക്കാത്ത രീതിയിലാണ്.

വഹിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിച്ചാലേ ആദരം തിരിച്ചുകിട്ടൂ. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായിൽനിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തിൽ മുസ്‌ലിം എന്ന പദം ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലായിരുന്നു. ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതിന് താൻ ജയിലിൽ കിടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകം, നിയമവിരുദ്ധമായ പിന്തുടരൽ തുടങ്ങിയ കേസുകൾ നേരിട്ടതാരെന്ന് ഓർക്കണം. സൊറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ആളുടെ പേര് അമിത് ഷാ എന്നാണ്. വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായതും ജയിലിലായതും ആരായിരുന്നു? ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ ആരോപണം നേരിട്ടതാരാണ്? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല വർത്തമാനം എങ്കിൽ ഞങ്ങൾക്കും പറയേണ്ടിവരും. നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാൻ പുറപ്പെടരുത്.

നയതന്ത്ര സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനി സംഘപരിവാറുകാരനല്ലേ? സ്വർണക്കടത്ത് തടയാനുള്ള പൂർണ ചുമതല കസ്റ്റംസിനല്ലേ? സ്വർണം അയച്ചയാളെയും സ്വീകരിച്ചയാളെയും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? അന്വേഷണ ഏജൻസിയെ സർക്കാരിനെതിരെ തിരിച്ചുവിടാൻ പ്രേരിപ്പിച്ചതാര്? സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ കേന്ദ്ര സഹമന്ത്രിയുടെ പങ്ക് അറിയില്ലേ? വിരട്ടൽ വേണ്ട, ഇത് കേരളമാണെന്നും പിണറായി വിജയൻ പറഞ്ഞു.