കൊട്ടാരക്കര: നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മുഖപത്രമായ ജന്മഭൂമി നൽകിയത് മുട്ടൻപണി. ശബരിമല വിഷയത്തിൽ അറസ്റ്റിലായ സുരേന്ദ്രന്റെ മേൽ പൊലീസ് കൂടുതൽ കേസുകൾ ചുമത്താൻ ശ്രമിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഷനിലെ ഒരു കേസിൽ സുരേന്ദ്രന് പ്രൊഡക്ഷൻ വാറണ്ട് കൊട്ടാരക്കര സബ്ജയിലിൽ എത്തി. ഈ വിവരം ഒരു കാരണവശാലും പുറത്തു പോകരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും സുരേന്ദ്രൻ പാർട്ടി പ്രവർത്തകരോടും നേതൃത്വത്തോടും അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, അതെല്ലാം കാറ്റിൽപ്പറത്തി ഇതു സംബന്ധിച്ച് ജന്മഭൂമി ദിനപത്രം ഇന്ന് വാർത്ത നൽകിയിരിക്കുകയാണ്. 2017 ൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലാണ് സുരേന്ദ്രന് വാറണ്ടുള്ളത്. കേരളാ പൊലീസ് ആക്ടിട്ട് എടുത്ത കേസാകയാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. ഇതു വരെ കേസിൽ ജാമ്യം എടുക്കാതിരുന്ന സുരേന്ദ്രന് അതിന്റെ പേരിലാണ് പൊലീസ് പ്രൊഡക്ഷൻ വാറണ്ട് തയാറാക്കിയത്. കണ്ണൂരിൽ നിന്ന് ജാമ്യമെടുക്കാനുള്ള സകല സംവിധാനങ്ങളും സുരേന്ദ്രന്റെ അണികൾ ചെയ്തിട്ടുമുണ്ട്. ഈ വിവരമാണ് രഹസ്യമായി സൂക്ഷിക്കാൻ സുരേന്ദ്രൻ നിർദ്ദേശിച്ചിരുന്നത്. അതാണിപ്പോൾ പരസ്യമായത്.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മജസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാൽ പോലും കണ്ണൂരിൽ മറ്റൊരു കേസിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നത് സംശയകരമാണ്. ഡിവൈഎസ്‌പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരിൽ കേസുള്ളത്. ഈ കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള കാര്യം ഇന്ന് പൊലീസ് കോടതിയിൽ ചൂണ്ടിക്കാണിക്കും. അങ്ങനെയാണെങ്കിൽ പത്തനംതിട്ട കോടതിയിൽനിന്ന് ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല.

അതേസമയം, ശ്രീധരൻ പിള്ള അടക്കമുള്ള നേതാക്കൾ ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. കെപി ശശികലയെയും 69 ആർഎസ്എസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തപ്പോൾ നാടുനീളെ നാമജപവും ഹർത്താലും നടത്തി പ്രതിഷേധിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും പുലർച്ചെ മുതൽ ഉപരോധം സംഘടിപ്പിക്കുകയും ചെയ്തു. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ യുവമോർച്ച മാത്രം തിരുവനന്തപുരത്ത് നാമമാത്ര പ്രതിഷേധം നടത്തി മടങ്ങുകയും ചെയ്തു. ശബരിമലയിൽ സജീവമായി നില കൊണ്ട സുരേന്ദ്രന് വേണ്ടി പാർട്ടി പ്രതിഷേധം സംഘടിപ്പിക്കാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.

മുരളീധരൻ പക്ഷക്കാരനാണ് സുരേന്ദ്രൻ. മാത്രവുമല്ല, ശബരിമല സമരത്തിൽ പാർട്ടിയേക്കാൾ സുരേന്ദ്രൻ വളരുകയും ചെയ്തു. എഎൻ രാധാകൃഷ്ണനെപ്പോലെയുള്ള സംസ്ഥാന നേതാക്കൾ വിടുവായത്തം വിളിച്ചു പറഞ്ഞ് ജനങ്ങളുടെ അപ്രീതിക്ക് പാത്രമാകുമ്പോൾ ശബരിമല സമരത്തിൽ നേരിട്ട് പങ്കെടുത്ത് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന സുരേന്ദ്രനെപ്പോലെയുള്ളവരെ പാർട്ടിക്കുള്ളിൽ ഒതുക്കുകയാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ശ്രീധരൻ പിള്ളയും സംഘവും മലകയറിയിട്ടില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം സന്നിധാനത്ത് വന്നു. പമ്പയിൽ വന്ന കക്കൂസ് പരിശോധിച്ച് സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.

വി മുരളീധരൻ എംപി ഇന്നലെ സന്നിധാനത്ത് വന്നു. അകാരണമായി ഭക്തരെ കസ്റ്റഡിയിൽ എടുത്തതിന് സന്നിധാനം പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുകയും ചെയ്തു. വളരെ സൗഹാർദപരമായിട്ടാണ് പൊലീസ് അദ്ദേഹത്തോട് ഇടപെട്ടത്. തുടർന്ന് എംപിയുടെ നേതൃത്വത്തിൽ നടപ്പന്തലിൽ നാമജപ പ്രതിഷേധവും നടത്തി. മുരളീധരനും സൗമ്യമായ ഇടപെടലാണ് സന്നിധാനത്ത് നടത്തിയത്. ഇത്രയൊക്കെയായിട്ടും ബിജെപിയുടെ പ്രമുഖനേതാക്കൾ മലകയറാത്തത് അറസ്റ്റ് ഭയന്നാണെന്നും പറയുന്നു.