കോഴിക്കോട്: കേരളത്തിൽ കോവിഡ് പടർന്നു പിടിക്കുന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ടിപിആർ 19 ശതമാനത്തിലെത്തിയതിനും പ്രതിദിനം 150 മുതൽ 200 വരെ മരണങ്ങൾ ഉണ്ടാവുന്നതിനും സർക്കാർ മറുപടി പറയണം.

ഡെൽറ്റ വകഭേദമാണു രോഗവ്യാപനത്തിനു കാരണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണു വ്യാപനം തടയുന്നത്. ഒന്നാം തരംഗത്തിലും കേരളത്തിൽ തന്നെയായിരുന്നു കൂടുതൽ രോഗികൾ എന്നത് മുഖ്യമന്ത്രി മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷവിമർശനങ്ങളെ കേരളത്തിനെതിരായ ഗുഢാലോചനയാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഇനിയും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ട പ്രതിരോധ മാർഗങ്ങളായ ആന്റിജൻ ടെസ്റ്റിനെയും ഹോം ക്വാറന്റീനെയും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.