തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർ്രൈപസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ നിയമിച്ച ബന്ധുകൂടിയായ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിമർശനം മുറുകുമ്പോൾ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ നിയമനത്തെ വിമർശിച്ചത്.

ശ്രീമതിടീച്ചർ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ മരുമകളെ പേഴ്‌സണൽ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രൻ വിമർശിക്കുന്നുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിവാദനിയമനത്തിനെതിരെ സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ മരുമകളെ കുക്ക് തസ്തികയിൽ പെടുത്തി പെഴ്‌സണൽ സ്ടാഫിലെടുത്ത് ആജീവനാന്തം സർക്കാർ പെൻഷൻ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്പനിവച്ചു സകല സർക്കാർ ആശുപത്രിയിലും മരുന്നിറക്കി കോടികൾ കൊയ്തു. ഇതാ ഇപ്പോൾ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭർത്താവായ മന്ത്രി ജയരാജൻ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാൽ കലത്തിൽ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.