തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ച ടി പി സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് സുരേന്ദ്രനെ പാർട്ടിയിലേക്കു ക്ഷണിക്കുന്നതായി ധ്വനിയുള്ള പരാമർശങ്ങളുള്ളത്. നീതിക്കും സത്യത്തിനും വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറായിരുന്നു സെൻകുമാറെന്നും ഇനിയുള്ള കാലം അദ്ദേഹം സ്വതന്ത്രനാണെന്നും ഇരു മുന്നണികളുടെയും ഭരണം കണ്ടിട്ടുള്ള സെൻകുമാറിന് ഇനി തങ്ങൾക്കൊപ്പം ചേരാമെന്നുമുള്ള പറയാതെയുള്ള പറച്ചിലായാണ് സുരേന്ദ്രന്റ പോസ്റ്റ് വായിക്കപ്പെടുന്നത്.

സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ

സെൻകുമാർ തന്റെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോൾ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകൾക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കിരൺബേദിയുടെയും സത്യപാൽ സിംഗിന്റെയും മററും പാത അദ്ദേഹത്തിന് പിൻതുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം.

പിണറായിയുടെ പ്രവചനം നേരാവുമോ

ടി പി സെൻകുമാർ ബിജെപിയിലേക്കു ചായുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിയമസഭയിൽ പറഞ്ഞത് അച്ചട്ടാവുകയാണോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപി സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം പരിപാടിയിൽ ടി പി സെൻകുമാർ പങ്കെടുക്കുന്നത് രാഷ്ട്രീയപ്രവേശത്തിന്റെ സൂചനയാണോ എന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നു ചില മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ടി പി സെൻകുമാറിനെ സംബന്ധിച്ച് എൽഡിഎഫ്, യുഡിഎഫ് മുന്നണികളേക്കാൾ സുരക്ഷിതമായ സ്ഥലം ബിജെപിയാണ്. പാർട്ടിയാണെങ്കിൽ നല്ല നേതാക്കളില്ലാത്ത അവസ്ഥയിലാണു കേരളത്തിൽ. കേരളത്തിൽ നിന്നുള്ള മറ്റൊരു റിട്ടയേർഡ് സിവിൽ സർവീസ് ഓഫീസറായ അൽഫോൻസ് കണ്ണന്താനം ദേശീയ തലത്തിൽ നേതൃനിരയിലുണ്ട്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനസ്വാധീനമുള്ള പലരെയും അവതരിപ്പിക്കേണ്ടത് പാർട്ടിക്ക് അനിവാര്യമാണ്.

ഈ സാഹചര്യത്തിലാണ് സെൻകുമാറിനെ പാർട്ടിയിലേക്കു ക്ഷണിച്ചുകൊണ്ടു സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നത്. എന്തായാലും പാർട്ടിയിൽ ഇങ്ങനെയൊരു ആലോചന പോലും നടത്താതെ സുരേന്ദ്രൻ ഈ പോസ്റ്റിടില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഡിജിപി സ്ഥാനത്തിനു യോജിച്ച രീതിയിലല്ല സെൻകുമാർ പ്രവർത്തിക്കുന്നതെന്നായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞുകൊണ്ടു പറഞ്ഞത്.

നിയമസഭയിൽ പോലും അറുത്തുമുറിച്ചുപറയാൻ പിണറായിയെ പ്രേരിപ്പിച്ചത് സെൻകുമാറിനോടുള്ള അടങ്ങാത്ത പകയാണ്. സെൻകുമാർ സർവീസിൽനിന്നു വിരമിച്ചാൽ ബിജെപിയിലേക്കു പോകുന്നതിന്റെ ലക്ഷണമാണുള്ളതെന്നു പറയാനും അന്നു പിണറായി മടിച്ചില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടി വ്യക്തമാകുമ്പോൾ സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശം ഏറെ അകലെയല്ലെന്ന വിലയിരുത്തലിലാണ് എത്താൻ കഴിയുക. ഇനി എല്ലാം സെൻകുമാറിന്റെ കോർട്ടിലാണ്. കിരൺബേദിയും സത്യപാൽസിംഗും അടക്കമുള്ളവർ സർവീസാനന്തര കാലത്ത് രാഷ്ട്രീയത്തിലിറങ്ങിയ മാതൃകകളും സെൻകുമാറിനു മുന്നിലുണ്ട്.