തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബിജെപി ആരെ കേന്ദ്രമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങളും സ്ഥാനത്തിനായുള്ള കരുനീക്കങ്ങളും നടക്കുന്നതിനിടെ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തിനായും ബിജെപി നേതാക്കൾക്കിടയിൽ ചരടുവലികൾ ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് 89 വോട്ടുകൾക്ക് മഞ്ചേശ്വരത്ത് തോൽവിപിണഞ്ഞ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേര് പരിഗണനയിലുണ്ടെന്ന വാർത്ത പുറത്തുവരുന്നതിനിടെ മുൻ സംസ്ഥാന പ്രസിഡന്റും കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവുമായ സികെ പത്മനാഭനന്റെ പേരും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

ബോർഡ് ചെയർമാനായിരുന്ന ടികെ ജോസിന്റെ കാലാവധി ഇക്കഴിഞ്ഞ 19നാണ് അവസാനിച്ചത്. കേരള കേഡർ ഐഎഎസുകാരനായ ജോസ് 2011ലാണ് ചെയർമാനായത്. ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ രണ്ടുവർഷംകൂടി നീട്ടിനൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അതിന് കേന്ദ്രം അനുമതി നൽകിയില്ല. കേരളത്തിലെ ബിജെപി നേതാക്കൾക്ക് അവസരം നൽകാനാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചതെന്നാണ് അറിയുന്നത്.

കേരളരാഷ്ട്രീയത്തിലും വികസനരംഗങ്ങളിലും നിർണായക ഇടപെടലുകൾ നടത്താൻ സാധ്യമായ കേന്ദ്രങ്ങളിലെല്ലാം ബിജെപി നേതാക്കളെ നിയോഗിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അത്തരം ഇടപെടലുകളിലൂടെ മാത്രമേ കേരളത്തിൽ തിരഞ്ഞെടുപ്പുരംഗത്ത് തിളങ്ങാനാകൂ എന്ന വിലയിരുത്തലാണ് കേന്ദ്ര ബിജെപി നേതൃത്വത്തിനുള്ളത്. ആ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന നടത്താനിരിക്കെ കേരളത്തിൽ നിന്ന് ഒരാളെ കേന്ദ്രമന്ത്രിസഭയിലെത്തിക്കാനും കേരളത്തിൽ സാധ്യമായ ബോർഡുകളുടെ തലപ്പത്തെല്ലാം ബിജെപി സംസ്ഥാന നേതാക്കളെ എത്തിക്കാനും ആലോചനകൾ നടക്കുന്നത്.

അടുത്തിടെ എംപിയാക്കിയ നടൻ സുരേഷ്‌ഗോപി, ഏഷ്യാനെറ്റ് ചെയർമാനും രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവരുടെയും മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റേയും പേരുകളാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പുകാലത്ത് ഏഷ്യാനെറ്റിൽ നിന്ന് പാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയില്ലെന്നു മാത്രമല്ല പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലായിരുന്നു ന്യൂസ് ചാനലിന്റെ പ്രവർത്തനമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിന്. അതിനാൽ ഒരുകാരണവശാലും രാജീവിനെ മന്ത്രിയാക്കരുതെന്ന് അവർ ആവശ്യപ്പെട്ടുകഴിഞ്ഞു. സുരേഷ്‌ഗോപിയെ എംപിയാക്കിയതിൽ സംസ്ഥാനത്ത് ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്.

സംസ്ഥാന നേതൃത്വത്തിനോട് ഒരുവാക്കും ചോദിക്കാതെയായിരുന്നു കേന്ദ്രനേതൃത്വം സുരേഷിന്റെ രാജ്യസഭാ പ്രവേശനത്തിന് വഴിയൊരുക്കിയത്. അതിനാൽത്തന്നെ അദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെ കേരളത്തിൽ വലിയൊരു വിഭാഗം എതിർക്കുകയും കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മുരളീധരനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തുകയും ചെയ്യുന്നു. അതേസമയം, ഇതിന് തടയിടാൻ സംസ്ഥാന നേതൃത്വത്തിലെ മുരളിവിരുദ്ധരും കരുനീക്കം നടത്തുന്നുണ്ട്.

ഇതേ അവസ്ഥയാണ് ഇപ്പോൾ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിലും നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള രണ്ടാം സീറ്റിന് തൊട്ടടുത്തുവരെ എത്തിയ സുരേന്ദ്രനുതന്നെ ആ പദവി നൽകണമെന്നാണ് ആവശ്യം. അതേസമയം സികെ പത്മനാഭനുവേണ്ടി പാർട്ടിയിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നതോടെ ഈ സ്ഥാനത്തിനുവേണ്ടിയും വടംവലി രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ സികെ പത്മനാഭന് തിളക്കമേറിയ പ്രകടനം കാഴ്ചവയ്ക്കാനായില്ല എന്ന മറുവാദമാണ് സുരേന്ദ്രനുവേണ്ടി വാദിക്കുന്നവർ ഉയർത്തുന്നത്. കുന്നമംഗലത്ത് മത്സരിച്ച പത്മനാഭന് മൂന്നാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ എന്നും സ്ഥാനമാനങ്ങൾ നൽകുമ്പോൾ കുറഞ്ഞത് രണ്ടാംസ്ഥാനത്തെങ്കിലും എത്തിയ നേതാക്കളെ പരിഗണിക്കണമെന്നും ഇക്കൂട്ടർ വാദിക്കുന്നു.

തിരഞ്ഞെടുപ്പിനു പിന്നാലെ പല മണ്ഡലങ്ങളിലും തോൽവിയെച്ചൊല്ലി ബിജെപി നേതാക്കൾക്കിടയിൽ വിഴുപ്പലക്കൽ ആരംഭിച്ചതിനിടെയാണ് ലഭിക്കാനിടയുള്ള സ്ഥാനങ്ങൾക്കുവേണ്ടിയുള്ള വടംവലിയും ആരംഭിച്ചിട്ടുള്ളത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മനപ്പൂർവം വീഴ്ചവരുത്തിയെന്ന് ശോഭാസുരേന്ദ്രനും തന്റെ മണ്ഡലത്തിൽ നേതാക്കൾ പ്രചരണത്തിനെത്തിയില്ലെന്ന് ശ്രീധരൻ പിള്ളയും പരസ്യമായി തുറന്നുപറഞ്ഞതോടെ പാർട്ടിയിൽ ആരോപണപ്രത്യാരോപണങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഇതിനിടെയാണ് സ്ഥാനങ്ങൾക്കായുള്ള ചരടുവലികളും നേതൃത്വത്തിന് തലവേദനയാകുന്നത്.

അതേസമയം നാളികേര വികസന ബോർഡിന്റെ ചെയർമാൻ നിയമനം വൈകിക്കരുതെന്ന് സംസ്ഥാനത്തെ കേരകർഷക കൂട്ടായ്മ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഒന്നരവർഷത്തോളം റബ്ബർബോർഡ് ചെയർമാൻ നിയമനം നടത്താതിരുന്നത് ആ രംഗത്തെ കർഷകർക്ക് വൻ തിരിച്ചടികൾക്ക് കാരണമായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു കേരകർഷകരുടെ നിവേദനം. കേരബോർഡ് സെക്രട്ടറിയും മുഖ്യ നാളികേര വികസന ഓഫീസറുമെല്ലാം ഉത്തരേന്ത്യക്കാരായതിനാൽ ബോർഡ് ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റിയേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ജോസിന് കാലാവധി നീട്ടി നൽകാതിരുന്നത് കേര കർഷക സംഘടനകൾക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

നാളികേര ബോർഡ് ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജോസ് കർഷകർക്ക് ഗുണകരമായ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. കേരളത്തിലെ 112 വർഷം പഴക്കമുള്ള അബ്കാരി നിയമം ഭേദഗതിചെയ്യാനും നീരയുടെ വിപണനം സാധ്യമാക്കാനും അദ്ദേഹം നടപടിയെടുത്തതായിരുന്നു ഇതിൽ ശ്രദ്ധേയം. കൊപ്ര, വെളിച്ചെണ്ണ, കയർ എന്നീ ഉൽപ്പന്നങ്ങളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കേരകർഷകർക്കുമുന്നിൽ നീര ഉൾപ്പെടെ നിരവധി ഉല്പന്നങ്ങളുടെ സാധ്യതകൾ തുറന്നിട്ട് ജോസ് മികവുകാട്ടി. രാജ്യമെമ്പാടും നീര ടെക്‌നീഷ്യൻ പരിശീലന പരിപാടികൾക്ക് ബോർഡ് രൂപം നൽകിയതും ബോർഡിന്റെ സാങ്കേതിക വിദ്യാ വികസന കേന്ദ്രമായി സൗത്ത് വാഴക്കുളത്തുള്ള ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററിനെ ഉയർത്തിയതും ജോസിന്റെ നേതൃത്വത്തിലാണ്.