തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുപ്പിച്ചതിനെ ചൊല്ലി തിരുവനന്തപുരം പ്രസ്‌ക്ലബിൽ ചേരിപ്പോര്. പ്രസ് ക്ലബ്ബിലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന് ശേഷമാണ് സുരേന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ധാരണയായത്. ഉച്ചയ്ക്ക് രണ്ടര മണിക്ക് ബിജെപി നേതാവിനെ പങ്കെടുപ്പിച്ച് മീറ്റ് ദ പ്രസ് പരിപാടി സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനം വന്നത്. പ്രസ്‌ക്ലബ് സെക്രട്ടറിയായി എതിർ പാനലിൽ നിന്നും ജയിച്ചെത്തിയ രാധാകൃഷ്ണനാണ് സുരേന്ദ്രനെ ക്ഷണിച്ചത് എന്നാൽ പ്രസിഡന്റ് പദത്തിലും എക്‌സിക്യൂട്ടീവിലും ആധിപത്യമുള്ള ദേശാഭിമാനി വിഭാഗം ഇതിനെതിരെ രംഗത്ത് വന്നതോടെ പരിപാടി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

എക്‌സിക്യൂട്ടിവിലെ ആധിപത്യം ഉപയോഗിച്ചാണ് സംഘപരിവാർ നേതാവിന് മാധ്യശ്രദ്ധ ലഭിക്കുന്നതിനെ തടയാൻ സിപിഎം മുഖപത്രമായ ദേശാഭിമാനി വിഭാഗം നീക്കം നടത്തിയത്. എക്‌സിക്യൂട്ടീവിലെ ഭൂരിഭാഗവും ഈ തീരുമാനത്തെ അംഗീകരിച്ചു. സുരേന്ദ്രൻ കേസിൽ ജയിലിൽ കഴിഞ്ഞതാണെന്നും നിരോധനാജ്ഞ ഉൾപ്പടെ ലംഘിച്ച നേതാവ് ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ അത്തരത്തിൽ മീറ്റ് ദ പ്രസ് പരിപാടിക്ക് ക്ഷണിക്കുന്നത് തെറ്റായ കീഴ് വഴക്കമായി മാറും എന്നുമായിരുന്നു എതിർ വിഭാഗം ഉയർത്തിയ വാദം. ഇതോടെ പരിപാടി പിൻവലിക്കാൻ സെക്രട്ടറി നിർബന്ധിതനാവുകയാണ്.

പരിപാടിയുടെ വിവരം തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുൾപ്പെടുന്ന എല്ലാ ഗ്രൂപ്പുകളിലും ഉച്ചയ്ക്ക് മുൻപ് തന്നെ സന്ദേശമെത്തിയിരുന്നു.എന്നാൽ ഇത്തരമൊരു ചേരിതിരിവ് ഉണ്ടായതോടെ പരിപാടി റദ്ദാക്കിയതായിട്ടാണ് സന്ദേശമെത്തിയത്. എന്നാൽ വെറും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും ഭരണപക്ഷ അനുകൂലതയുടെ പേരിലും വാർത്താ പ്രാധാന്യമുള്ള ഒരാളെ മീറ്റ് ദ പ്രസിന് ക്ഷണിച്ച ശേഷം ഒഴിവാക്കുന്നത് പ്രസ് ക്ലബ്ബിന് ചേർന്നതല്ലെന്ന വാദം എക്‌സക്യൂട്ടീവിന് പുറത്തുള്ള അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. എക്‌സിക്യൂട്ടിവിലെ മേധാവിത്യം ഉപയോഗിച്ച് പരിപാടി ഒഴിവാക്കിയ നീക്കത്തിനെതിരെ അംഗങ്ങൾ തന്നെ രംഗത്ത് വരികയായിരുന്നു.

രാഷ്ട്രീയമായ ഒരു കേസിന്റെ പേരിലാണ് സുരേന്ദ്രൻ ജയിലിൽ കഴിഞ്ഞത് എന്നും അതിന്റെ പേരിൽ അദ്ദേഹത്തെ ഒഴിവാക്കേണ്ടതില്ലെന്നും അംഗങ്ങൾ അഭിപ്രായം പറഞ്ഞു. ഇങ്ങനെ പരിപാടി പിൻവലിച്ചാൽ നാളെ മറ്റൊരാളെ പരിപാടിയിൽ പങ്കെടുപ്പിക്കുമ്പോഴും സമാനവാദഗതികളുമായി എത്തുന്നവർ പറയുന്നതും അനുസരിക്കേണ്ടി വരും എന്ന നിലപാടാണ് അംഗങ്ങൾ എടുത്തത്. ഇതോടെ പരിപാടി പിൻവലിപ്പിക്കുക എന്ന എതിർ പാനലിന്റെ നീക്കം പൊളിയുകയും ചെയ്തു. എക്‌സിക്യൂട്ടിവിലെ മേധാവിത്വം അംഗങ്ങളുടെ മേധാവിത്വം കൊണ്ട പ്രസ്‌ക്ലബ് സെക്രട്ടറി മറികടക്കുകയും ചെയ്തു.

എന്നാൽ ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ ശത്രുതയുടെ പേരിൽ മാധ്യമങ്ങൾ സ്വീകരിക്കുന്നത് നല്ല പ്രവണതയല്ലെനന്ും ഇതിൽ സുരേന്ദ്രന്റെ രാഷ്ട്രീയത്തെ മാനദണ്ഡമാക്കുകയല്ല വേണ്ടതെന്നും വാർത്താപ്രാധാന്യം ഉള്ള വ്യക്തി എന്ന നിലയ്ക്ക് മീറ്റ് ദ പ്രസിൽ വിളിക്കേണ്ടതാണ് എന്നതിനെ അംഗീകരിക്കുന്നതാണ് ശരിയെന്നും ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ഇതോടെ പരിപാടി നടത്തണം എന്ന തീരുമാനത്തിലെത്തുകയും വീണ്ടും അറിയിപ്പ് നൽകുകയും 2:45ന് തന്നെ മീറ്റ് ദ പ്രസ് ആരംഭിക്കുകയും ചെയ്തു.