പമ്പ: ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിനുള്ള സുരക്ഷ നൽകുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആക്ടിവിസ്റ്റുകളെ അതിന് അനുദിക്കുകയുമില്ലെന്നും വിശദീകരിക്കുന്നു. ഇതിനിടെയാണ് ഇന്ന് ശബരിമല ദർശനത്തിന് അനുമതി ചോദിച്ച ബിന്ദുവും ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റിന്റെ ഭാര്യയാണെന്നും വിശദീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനെത്തിയത്. ഇതോടെ വീണ്ടു സന്നിധാനം കരുതലിലായി. ബിന്ദു പമ്പയിലേക്ക് തിരിച്ചെന്നും അഭ്യൂഹമെത്തി.

 

ശബരിമയിലേക്ക് ഒരു സ്ത്രീ തിരിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. പേര് പറയാതെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. ഇന്ന് വീണ്ടുമൊരു മാവോയിസ്റ്റ് തീവ്രവാദിയെ കയറ്റാൻ ശ്രമം നടക്കുന്നു. മാവോയിസ്റ്റ് നേതാവിന്റെ ലിവിങ് ടുഗദറാണ്. ഒരു മാവോയിസ്റ്റ് നേതാവ് വന്നാലും കയറ്റില്ല. ഒരു വിധ്വംസക ശക്തിയേയും കയറാൻ അനുവദിക്കില്ല. അരാജക വാദികളെ ശബരിമല പോലെ പവിതത്രമായ കയറ്റാനുള്ള നീക്കത്തെ അയ്യപ്പ ഭക്തർ നാമജപത്തോടെ നേരിടും. ഏത് വഴിക്ക് വന്നാലും അയ്യപ്പ ഭക്തർ അതിനുള്ള തയ്യാറെടുപ്പ് നടത്തികഴിഞ്ഞുവെന്നും സുരേന്ദ്രൻ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ സഹായം തേടിയെത്തിയത് അദ്ധ്യാപികയായ ബിന്ദുവാണെന്ന് വ്യക്തമായത്.

ബിന്ദു കമൽ സി ചവറയുടെ ആദ്യ ഭാര്യയാണ്. ഒരു മകൾ ഉണ്ട്. ഭൂമിക. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ആക്ടിവിസ്റ്റാണ്. കറുകച്ചാൽ സ്വദേശിയായ ബിന്ദു ഏറെ നാളായി കോഴിക്കോടാണ് താമസം. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തിൽ മുമ്പിലുള്ള വ്യക്തിത്വമാണ് ബിന്ദു. ശബരിമലയിലും കോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പാക്കിയുള്ള അവകാശ സംരക്ഷണമാണ് ബിന്ദു ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇരുമുടികെട്ടില്ലാതെയാണ് ബിന്ദു ദർശനത്തിന് തയ്യാറെടുത്തത. ആദ്യ ഭർത്താവിൽ നിന്ന് മകളെ രക്ഷപ്പെടുത്തിയത് ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ ഇടപെട്ട് വാർത്തകളിലെത്തിയ വ്യക്തിത്വമാണ് ബിന്ദു. ദളിത് പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന് സാമൂഹിക ഇടപെടുലുകളിലും ശ്രദ്ധേ കേന്ദ്രമായി.

വിവാഹം വേർപിരിഞ്ഞ കമൽ സി ചവറ ബിന്ദു ദമ്പതികളുടെ മകളെയാണ് അമ്മ ബിന്ദുവിന്റെ ഇടപെടലിൽ മോചിപ്പിച്ചത്. വിവാഹബന്ധം വേര്പിരിഞ്ഞതോടെ അച്ഛനൊപ്പം ആയിരുന്നു മകളുടെ താമസം. വിവാദ എഴുത്തുകാരൻ കമൽ സി ചവറയുടെ വ്യക്തിജീവിതത്തിൽ നിന്നും അങ്ങനെ വീണ്ടും ഒരു വാർത്ത കൂടി. ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയായിരുന്നു ഇത്. യാതൊരു ജോലിയും വരുമാനവുമില്ലാതെ ഭാര്യമാരുടെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കമൽ തന്നെയും തനുമായുണ്ടായിരുന്ന ബന്ധത്തിൽ ഉള്ള കുട്ടിയെയെയും വൈകാരികമായി ഭീഷണിപ്പെടുത്തുന്നതായി പോസ്റ്റിൽ പറഞ്ഞിരുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോൾ തന്നെ ദർശനത്തിന് എത്തുമെന്ന് ബിന്ദു നിലപാട് എടുത്തിരുന്നു. വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ സ്ത്രീകൾ മല ചവിട്ടും. തീർത്ഥാടന കാലത്ത് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അറിയിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ നിരവധി സ്ത്രീകൾ ശബരിമലയിലേക്ക് പോയാലോയെന്ന ആഗ്രഹം അറിയിച്ച് വിളിച്ചിരുന്നു. ശബരിമലയിലേക്ക് പോവുക ഒറ്റയ്ക്കായിരിക്കില്ല ഒരു സംഘമായി ആയിരിക്കുമെന്നും ബിന്ദു ടീച്ചർ വിശദമാക്കി. ഒരുപാട് സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും ജീവനിൽ ഭയമുള്ളതുകൊണ്ടും കുടുംബം ഒറ്റപ്പെട്ട് പോകുമെന്ന സാമൂഹ്യ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുമാണ് പോകാത്തത്. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. എല്ലാ സുരക്ഷാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞിരുന്നു

തെരുവിൽ സ്ത്രീകൾ സമരം ചെയ്യുന്നത് വിശ്വാസത്തിന്റെ പേരിൽ അല്ല. അവർ രാഷ്ട്രീയ അജണ്ടയുടെ ഉപകരണങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ആർത്തവം അശുദ്ധിയല്ലെന്ന് ബിന്ദു ടീച്ചർ പറയുന്നു. കോട്ടയം കറുകച്ചാൽ സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്.

മടങ്ങുന്നത് ഭക്ത പ്രതിഷേധത്തെ തുടർന്ന്

ശബരിമല ദർശനത്തിനെത്തിയ യുവതിയെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെയാണ് തുലാപ്പള്ളിയിൽ വെച്ച് പ്രതിഷേധക്കാർ തടഞ്ഞത്. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് പൊലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.എരുമേലിയിൽനിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആർടിസി ബസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.

ഇവർ ബസിൽ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയിൽ വെച്ച് ഒരു സംഘം പ്രതിഷേധക്കാർ ബസ് തടയുകയായിരുന്നു. തുടർന്ന് ശക്തമായ പ്രതിഷേധം ഉയരുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് ബസിൽനിന്നിറങ്ങിയ ബിന്ദു പൊലീസ് വാഹനത്തിൽ കയറി. ഇവരെ പൊലീസ് ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. എരുമേലിയിലേക്കാണ് ബിന്ദുവിനെ കൊണ്ടുപോയത്.