കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി എടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് റിപ്പോർട്ട് ചെയ്യുന്നു.

കുഴൽപ്പണക്കേസിൽ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാൻ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്ന നിലപാടിൽ എത്തുന്നത്. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക.

എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്‌തേക്കും. മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

എന്നാൽ ബിജെപിക്കെതിരായ ആരോപണങ്ങളെ കെ സുരേന്ദ്രൻ തള്ളിക്കളയുകയാണ്. കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉൾപ്പെടെ മൊഴി നൽകിയത്. അന്വേഷണത്തിൽ ധർമരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് നേതാക്കളുടെ മൊഴികൾ അന്വേഷകസംഘം തള്ളിയത്.

ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കൊടകര ദേശീയപാതയിൽ ക്രിമിനൽസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധർമരാജനായിരുന്നു. സുരേന്ദ്രനുമായി ധർമ്മരാജന് അടുപ്പമുണ്ട്. എന്നാൽ ധർമ്മരാജൻ കൊണ്ടു പോയത് ബിജെപിയുടെ പണമല്ലെന്നും ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നും സുരേന്ദ്രൻ പറയുന്നു.

അതേസമയം, കവർച്ചയിൽ നേതാക്കൾക്ക് പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാൽ, പണം വന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും നേതാക്കൾക്ക് കൃത്യമായി വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെയാണ് ആലപ്പുഴ ജില്ലാ ട്രഷറർ കർത്ത സംസ്ഥാന നേതൃത്വത്തിലേക്ക് പഴിചാരിയത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കെ. സുരേന്ദ്രൻ. ഇതിനിടെ ബിജെപിയുടെ ആലപ്പുഴ ജില്ലയിലെ ചില സ്ഥാനാർത്ഥികളേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് വ്യക്തമാക്കി.