- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷ'; കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും കെ സുരേന്ദ്രൻ; കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
കാസർകോട്: എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടക അതിർത്തികൾ അടച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ, കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.
അതേസമയം, കോവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. രാജ്യത്തുള്ള കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നാണ്. അതിൽ കൂടുതൽ കേരളത്തിലാണ്. കേരളം നമ്പർ 1 ആണ്, കോവിഡിനെ പിടിച്ചുകെട്ടി എന്നാണല്ലോ പറയുന്നത്. 24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ 2000 കേസുകൾ പോലുമില്ല. എന്നാൽ മൂന്നുകോടി ജനങ്ങളുള്ള കേരളത്തിൽ പതിനായിരക്കണക്കിന് കേസുകൾ വരുന്നു. പോസിറ്റിവിറ്റി നിരക്ക് ഒരുഘട്ടത്തിൽ 12.50 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലയിൽ അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴികെ ചെറുറോഡുകൾ ഉൾപ്പടെ കർണാടക അടച്ചിട്ടുണ്ട്. ഇതുവഴി കാൽനടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിർത്തകൾ അടയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.
കാസർകോട് ജില്ലയുമായുള്ള അഞ്ച് അതിർത്തി ചെക്പോസ്റ്റുകളിൽ കർണാടക പരിശോധന കർശനമാക്കുമെന്നാണ് റിപ്പോർട്ടുകൾ. 72 മണിക്കൂർ മുമ്പേ എടുത്ത ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ കർണാടക അതിർത്തി കടക്കാനാകൂ. വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന ബാവലി ചെക്പോസ്റ്റിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വാഹനങ്ങൾ തടയുന്നുണ്ട്. ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ കർണാടക അധികൃതർ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കർണാടക വാഹനങ്ങൾ യാത്രക്കാരും തടഞ്ഞു. പ്രശ്നം വഷളായതോടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്നു ചർച്ച നടത്തി കർശന ഉപാധികളോടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, വയനാട് കർണാടക അതിർത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ ഇനിമുതൽ അതിർത്തികടക്കാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തശേഷമാണ് കടത്തിവിടുന്നത്.
ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണമില്ല.കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും കർണാടക കേരളവുമായുള്ള അതിർത്തികൾ അടച്ചിരുന്നു. ആംബുലൻസുകൾ പോലും കടത്തിവിടാൻ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കാസർകോട് ജില്ലയിലെ നിരവധിപേരാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ