കാസർകോട്: സന്നിധാനത്ത് അടക്കം ശബരിമല സമരത്തിൽ നടത്തിയ നിഴൽയുദ്ധം അവസാനിപ്പിച്ച് ബിജെപി തുറന്ന പോരിലേക്ക് നീങ്ങുന്നു. വൻ സുരക്ഷാ സന്നാഹം ഒരുക്കി ശബരിമലയിൽ തീർത്ഥാടനം സുഗമം ആക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ യുവതികളെ പ്രവേശിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ശബരിമല വിഷയത്തിൽ പ്രക്ഷോഭം ഊർജ്ജിതമാക്കാൻ പാർട്ടി സംസ്ഥാന നേതാക്കളോടു നിർദ്ദേശിച്ചതിന് പിന്നാലെ ഇതിന്റെ ആഹ്വാനമെന്ന നിലയിൽ കെ സുരേന്ദ്രൻ തീവ്രനിലപാട് വ്യക്തമാക്കുന്ന പ്രകോപന പ്രസംഗവുമായി രംഗത്തെത്തുകയായിരുന്നു. സർക്കാറിനോട് ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെ ബിജെപി നീങ്ങുമെന്നാണ് സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മധൂറിൽ നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കവേ വ്യക്തമാക്കിയത്.

ഇന്നലെ കണ്ണൂരിൽ അമിത്ഷാ നടത്തിയ തീവ്രനിലപാടുള്ള പ്രസംഗത്തിന്റെ തുടർച്ചയായിരുന്നു സുരേന്ദ്രൻ ഇന്നു നടത്തിയത്. സന്നിധാനത്തെ പ്രക്ഷോഭകരെ അനുവദിക്കില്ലെന്ന് കർശന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു ബിജെപി നേതാവിന്റെ ഉന്നം. ഇപ്പോൾ നടക്കുന്ന പൊലീസ് നടപടികളെ അപലപിച്ചു കൊണ്ടു പ്രസംഗം തുടങ്ങിയ സുരേന്ദ്രൻ തീവ്രനിലപാട് വ്യക്തമാക്കി ക്രമേണ കത്തിക്കയറുകയായിരുന്നു. സദാചാരവിരുദ്ധരായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ച് പൊലീസ് ആചാരലംഘനം നടത്താൻ ശ്രമിച്ചപ്പോൾ അതിനെ പല്ലും നഖവുമുപയോഗിച്ച് ചെറുത്തുതോൽപ്പിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ചിത്തരപൂജയ്ക്കായി നട തുറക്കുമ്പോൾ ബിജെപി ശക്തമായി പ്രതിരോധങ്ങളുമായി രംഗത്തെത്തുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ. അഞ്ചാം തീയ്യതി മുതൽ ആറാം തിയതി വൈകിട്ട് 6 വരെ ബിജെപി പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു വന്നാലും യുവതികളെ കയറ്റുമെന്നാണ് സർക്കാർ പറയുന്നത്. ചില പെണ്ണുങ്ങളെ സാരിയുടുപ്പിച്ച് അവിടെയെത്തിക്കാനാണ് പദ്ധതി. ആയുധങ്ങളുമായി സിപിഐഎമ്മുകാരെ അവിടെയെത്തിക്കും. ആയിരക്കണക്കിന് ക്രിമിനലുകളെ സന്നിധാനത്ത് നേരത്തെ നിലയുറപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

13 ാം തിയതി സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ പരിഗണിക്കുന്നതിന് മുമ്പ് യുവതി പ്രവേശനം സാധ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്. ഹൈന്ദവ സമൂഹം അതിനെ നിരായുധരായി സമാധാനത്തോടെ അയ്യപ്പനാമം ജപിച്ച് ചെറുത്തുതോൽപ്പിക്കും. അന്നേ ദിവസം സന്നിധാനത്ത് ആയിരക്കണക്കിന് ചെറുപ്പക്കാർ സംഘടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴുത്തിൽ നിന്ന് തല ഛേദിച്ചുപോയാലും പിണറായിയുടെ ലക്ഷ്യം നടക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പ്രവർത്തകർ അഞ്ചാം തിയതി വൈകിട്ട് 4 മണിയോടെ പമ്പയിൽ കുളിച്ച് സന്നിധാനത്തേക്ക് വരണം, ഞങ്ങളവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടിന്റെ പേരിൽ പിണറായി സർക്കാറിന് അധികാരം പോകുമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റു സർക്കാർ അധികാരത്തിൽ നിന്നും പോകുക ശബരിമലയുടെ പേരിലാകും. പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് ചരിത്രത്തിൽ എഴുതും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭരണം അറബിക്കടലിൽ മാലിന്യം തള്ളുന്നതു പോലെ ഹൈന്ദവ സമൂഹം തള്ളുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഹൈന്ദവ സഹോദരങ്ങൾ ആഞ്ഞു തള്ളിയാൽ പിണറായി തെറിച്ചു പോകും. ത്രിപുരയിൽ സിപിഎമ്മിന്റെ പൊടിപോലുമില്ലാത്ത അവസ്ഥയിലാക്കി. പിടിച്ച് വലിച്ച് താഴയിറക്കുമെന്ന് ബിജപെ അധ്യക്ഷൻ അമിത്ഷാ പറഞ്ഞത് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പതനത്തിന്റെ തുടക്കമാണ്.

നാട്ടിൽ വലിയ തോതിൽ ഹിന്ദുസമൂഹം ഒറ്റക്കെട്ടാണിപ്പോൾ. അതിനെ തകർക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. ചില കള്ളസ്വാമിമാരാണ് അതിന് ശ്രമിക്കുന്നത്. കാഷായ വസ്ത്രം ധരിച്ച ചില കള്ള സ്വാമിമാർ അവർക്ക് തോന്നിയതു പോലെ കാര്യങ്ങൾ പറയുകയാണ്. സന്ദീപാനന്ദൻ കള്ളസ്വാമിയാണ് അഴിക്കുള്ളിലായ സന്തോഷ് മാധവനെ പോലെയാണ്. കുറേ പുസ്തകം വായിച്ച് ഇല്ലാക്കാര്യങ്ങൾ പറഞ്ഞു നടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ കറങ്ങിനടക്കലാണ് പതിവ് പരിപാടി. സന്ദീപാനന്ദന്റെ ആശ്രമം ആക്രമിച്ചുവെന്നാണ് പറയുന്നത്. അപ്പോൾ മുഖ്യമന്ത്രി പാഞ്ഞവിടെ എത്തുകയും ചെയ്തു. ഓഖി ദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോഴും ദുരിതബാധിതരെ സന്ദർശിക്കാൻ പോയില്ല. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പോയപ്പോഴാണ് അദ്ദേഹം ഒടുവിൽ പോയത്. - സുരേന്ദ്രൻ പറഞ്ഞു.

സന്ദീപാനന്ദന്റെ ആശ്രമമമല്ല, ഹോംസ്‌റ്റേയാണ്. അവിടെ നിർത്തിയിട്ട വണ്ടികളാണ് കത്തിയത്. ഇൻഷുറൻസ് പൂർണമായും അടച്ച വാഹനങ്ങളാണ് കത്തിപ്പോയത്. ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കത്തിയതുമില്ല. സിസി ടിവിയും അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരൻ പോലും അവിടെ ഉണ്ടായിരുന്നില്ല. മിനിഞ്ഞാന്ന് സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടെന്നാണ് പറയുന്നത്. എട്ട് മാസമായി അവിടെ വരാത്ത സ്വാമി എങ്ങനെ അന്ന് അവിടെ എത്തി. ആർഎസ്എസും ബിജെപിയുമാണ് ആക്രമിച്ചതെന്നാണ് പറയുന്നത്. അങ്ങനെ ആർഎസ്എസും ബിജെപിയുയുടെുയം ആരെങ്കിലും കക്കൂസ് കുത്തിപ്പൊളിച്ച് ആരെങ്കിലും ജയിലിൽ പോകുമോ? അക്രമത്തിന് സന്ദീപാനന്ദന്റെ കൂടെയുള്ള ആളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.

ശബരിമല വിഷയത്തോടെ പിണറായി വിജയൻ സർക്കാർ തീർത്തും ഒറ്റപ്പെട്ടിരിക്കയാണ്. ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം സംഭവങ്ങൾ. ഇനിയും കള്ളക്കഥകൾ ധാരാളം വരും. ശബരിമല വിഷയത്തിൽ സമാധാന പരമായി പ്രതിഷേധിച്ചതിന്റെ പേരിൽ അമ്മമാർ അടക്കം 4000 പേരെ അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ഹൈന്ദവ സമൂഹം ഭയക്കില്ല. അയോധ്യ നടക്കുമ്പോൾ പല ഭീഷണികളും ഉണ്ടായിരുന്നു. അതേപോലെ പിണറായി വിജയന്റെ നിരീശ്വരവാദ സർക്കാറിനെതിരെ ഹിന്ദുസമൂഹം വരും. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് പിണറായി സർക്കാറിന്റെ ഇപ്പോഴത്തെ കാര്യങ്ങളെ കുറിച്ച് പറയാനുള്ളത്. കേരളം അഭൂതപൂർവ്വമായ ജനമുന്നേറ്റത്തിന്റെ പാതയിലാണ്. ലോകം മുഴുവനുള്ള അയ്യപ്പഭക്തർ ഒറ്റക്കെട്ടായി മുന്നോട്ടു വരും. ദക്ഷിണേന്ത്യയിൽ ആകെ ശബരിമല പ്രശ്‌നം സജീവമായിരിക്കയാണ്. ഇത് വിശ്വാസത്തെ തകർക്കാനുള്ള നീക്കമാണ്. അതിനെ ചെറുക്കാൻ ബിജെപിക്കൊപ്പം എല്ലാവരും അണിനിരക്കണം- സുരേന്ദ്രൻ വ്യക്താക്കി.

ശക്തമായ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമായിരിക്കേയാണ് തുറന്ന പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലത്ത് പൊലീസ് ഒരുക്കുന്നതിന് ബദൽ നീക്കം നടത്താനാണ് സംഘപരിവാർ ഒരുങ്ങുന്നത്. ഇത് ശബരിമലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്.