തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയേയും കേന്ദ്രസർക്കാരിനേയും വാഴ്‌ത്തിയതിന്റെ പേരിൽ സിനിമ താരം കൃഷ്ണകുമാറിനെതിരേ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രം ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനേയും കുടുംബത്തെയും വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ ബിജെപി കൂടെയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്നുള്ള കൃഷ്ണകുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ സോഷ്യൽ മീഡിയകളിലും മറ്റും മോശം പ്രചരണങ്ങൾ നടന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്.

കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാൻ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്.

താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.