കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ബിജെപിയിൽ ഏകദേശ ധാരണ. മിസോറാം ഗവർണ്ണറായ കുമ്മനം വിസമ്മതം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റൊരു പേര് തിരുവനന്തപുരത്തിനായി പരിഗണിക്കൂ. അതിനിടെ ബിഡിജഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോട് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചേ മതിയാകൂവെന്ന നിർദ്ദേശം ബിജെപി ദേശീയ നേതൃത്വം നൽകി കഴിഞ്ഞു. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കണെന്നാണ് ആഗ്രഹം. ഈ സാഹചര്യത്തിലാണ് ബിജെപി ഏറെ സാധ്യത കാണുന്ന ആറ്റിങ്ങലിലും കൊല്ലത്തും ആലപ്പുഴയിലും സ്ഥാനാർത്ഥി നിർണ്ണ ചർച്ച തുടങ്ങാത്തത്. തുഷാറിന്റെ മനസ്സ് മത്സരിക്കാൻ അനുകൂലമല്ലെന്നും സൂചനയുണ്ട്. കഴിയുന്നതും വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് ബിജെപി പറയുന്നത്

കെ സുരേന്ദ്രനോട് തൃശൂരിൽ മത്സരിക്കാനാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കാസർ ഗോഡ് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. ഈ സാഹചര്യത്തിൽ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ വലിയ പ്രതീക്ഷ വേണ്ട. അതിനാൽ തൃശൂരിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം. തൃശൂർ ലോക്‌സഭയിൽ സുരേന്ദരൻ തന്നെയാകും സ്ഥാനാർത്ഥിയെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ശോഭാ സുരേന്ദ്രൻ പാലക്കാടും എംടി രമേശ് കോഴിക്കോടും സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയിൽ പ്രയാർ ഗോപാലകൃഷ്ണൻ മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് രമേശിനോട് കോഴിക്കോട്ടേക്ക് മാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസ് ശ്രീധരൻ പിള്ള മത്സരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ടിപി സെൻകുമാർ, സുരേഷ് ഗോപി എന്നിവരും മത്സരിക്കാൻ സാധ്യത ഏറെയാണ്. കുമ്മനത്തിന്റെയും തുഷാറിന്റേയും കാര്യത്തിൽ വ്യക്തത വന്നാൽ ഇക്കാര്യത്തിലും അന്തിമ നിലപാട് എടുക്കും.

തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലും മികച്ച സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇവിടെ മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. ശബരിമല പ്രക്ഷോഭത്തിലൂടെ സുരേന്ദ്രന്റെ ജനകീയ അടിത്തറ ഉയർന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. തൃശൂരിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ ജയിൽ മോചിതനായ സുരേന്ദ്രന് തൃശൂരിൽ വൻ സ്വീകരണം ഒരുക്കിയിരുന്നു. തൃശൂരിൽ മത്സരിക്കാനുള്ള സാഹചര്യമൊരുക്കാനായിരുന്നു ഇത്. സുരേന്ദ്രനും ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട്ടും മത്സരിപ്പിക്കും. മനസ്സില്ലാ മനസോടെയാണെങ്കിലും എംടി രമേശിന് കോഴിക്കോട് അങ്കത്തിനിറങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

പ്രയാർ ഗോപാലകൃഷ്ണനിലാണ് ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷ. ശബരിമലയിൽ ഏറ്റവും അധികം വികാരം ഉയർന്നത് പത്തനംതിട്ടയിലാണ്. പ്രയാർ ശബരിമല വികാരം ആളിക്കത്തിച്ച വ്യക്തിയാണ്. എൻ എസ് എസുമായി ഏറെ അടുപ്പമുള്ള നേതാവ്. അഴിമതി വിരുദ്ധ പ്രിശ്ചായയും പ്രയാറിന്റെ പ്രധാന ഗുണമാണ്. പത്തനംതിട്ടയിലെ വ്യക്തിബന്ധങ്ങളും മുതൽകൂട്ടാകും. ഈ സാഹചര്യത്തിലാണ് പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി ആലോചന. പ്രയാറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അയ്യപ്പ വിശ്വാസികളുടെ വോട്ട് നേടാനാണ് നീക്കം. താമസിയാതെ തന്നെ ഇക്കാര്യത്തിൽ പ്രയാർ തന്നെ പ്രഖ്യാപനം നടത്തിയേക്കും. പ്രധാനമന്ത്രി മോദി അടുത്തമാസം പത്തനംതിട്ടയിലെത്തുന്നതും പ്രയാറിനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ്.

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാകാൻ മോഹിക്കുന്നവർ ഏറെയാണ്. സുരേഷ് ഗോപിയും വി മുരളീധരനും എല്ലാം മത്സരിക്കാൻ തയ്യാറാണ്. എന്നാൽ കുമ്മനത്തോടാണ് പരിവാറുകാർക്ക് താൽപ്പര്യം. മോഹൻലാൽ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയോട് മത്സരിച്ചേ മതിയാകൂവെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ തുഷാറിന് മികച്ച സാധ്യതയാണുള്ളതെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഏത് മണ്ഡലം വേണമെന്ന് തുഷാർ തീരുമാനിച്ചാൽ അത് ബിജെപി അംഗീകരിക്കും. ആറ്റിങ്ങലിൽ തുഷാർ മത്സരിക്കാത്ത പക്ഷം സെൻകുമാറിനെ പരിഗണിക്കും. കൊല്ലത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.

കുമ്മനം തന്നെയാകും കേരളത്തിലെ താര പ്രചാരകൻ. ആർഎസ്എസ് എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കുമ്മനത്തെ കഴിഞ്ഞ മേയിൽ മിസോറാം ഗവർണറായി നിയമിച്ചത്. മിസോറാമിലെത്തിയ കുമ്മനം അതിവേഗം ജനകീയനായി. മിസോറാമിൽ ബിജെപി ഭരണം പിടിച്ചാൽ കുമ്മനം തിരിച്ചെത്തും. മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നായിരുന്നു ആർഎസ്എസ് ആവശ്യമുന്നയിച്ചിരുന്നത്. ഏറെ വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം തന്നെയാകും സ്ഥാനാർത്ഥിയെന്ന സൂചന കേരളാ നേതാക്കൾക്ക് അമിത് ഷാ നൽകി കഴിഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12,000 വോട്ടിനാണ് ശശി തരൂരിനോട് ഒ രാജഗോപാൽ പരാജയപ്പെട്ടത്. പിന്നീട് നേമത്ത് രാജഗോപാൽ ജയിച്ചു. തിരുവനന്തപുരത്ത് ബിജെപിയുടെ വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു.

ഈ സാഹചര്യം വിലയിരുത്തുമ്പോൾ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. കുമ്മനം തന്നെയാകണം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെന്ന് ആർ എസ് എസും അമിത് ഷായെ നേരത്തെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കുമ്മനത്തെ ഇമേജ് നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. കുമ്മനം രാജി വച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനെത്തിയാലും ആർക്കും വിമർശനം ഉന്നയിക്കാനാവില്ലെന്ന ചരിത്ര പശ്ചാത്തലവും ഉണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നിഖിൽ കുമാറായിരുന്നു കേരളാ ഗവർണ്ണർ. ബീഹാറിൽ നിന്നുള്ള നേതാവ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കേരളത്തിലെ ഗവർണ്ണർ പദവി രാജിവച്ചു. ബിഹാറിലെ ഔറംഗാബാദിൽ മൽസരിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഔറംഗബാദിൽഅദ്ദേഹം കഴിഞ്ഞ തവണ തോറ്റു. 2013 മാർച്ചിലാണ് നിഖിൽ കുമാർ കേരള ഗവർണറായി സ്ഥാനമേറ്റത്. ഒരു വർഷം തികയുമ്പോൾ രാജിയും വച്ച് മത്സരിച്ചു. അതുകൊണ്ട് തന്നെ ഗവർണ്ണറായാൽ സജീവ രാഷ്ട്രീയം പാടില്ലെന്ന വാദം ആർക്കും ഉയർത്താനാകില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഗവർണ്ണർമാരായിരുന്ന വക്കം പുരുഷേത്തമനും എംഎം ജേക്കബും ഇന്നും രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മത്സരിച്ചാലും ആർക്കും കുമ്മനത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ബിജെപി കരുതുന്നു.

മെയ് 28ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ 25-ാംതീയതി രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കുമ്മനം പോലും തീരുമാനം അറിഞ്ഞതു വൈകിയാണ്. പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും പദവി ചോദിച്ചിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് പ്രധാനമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പദവി ഏറ്റെടുത്തു. കുമ്മനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതെന്നും സൂചനയുണ്ട്. 1976 മുതൽ 1987വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തിൽ ശ്രദ്ധേയനാകുന്നത്.

1992ൽ ഹിന്ദു ഐക്യേവേദി ജനറൽ കൺവീനറായി. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ബിജെപി നേതാവ് വി. മുരളീധരൻ സ്ഥാനമൊഴിഞ്ഞശേഷം 2015 ഡിസംബറിലാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കേരളത്തിലെ ഹൈന്ദവ മുഖമാണെങ്കിലും എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യനാണ് കുമ്മനം. ഇത് മനസ്സിലാക്കി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്നത് കുമ്മനത്തിന്റെ ജനസ്വാധീനത്തിലാണ്.