തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനത്തിനെത്താനും സന്നിധാനത്ത് തമ്പടിക്കാനും ശ്രമിച്ച ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നടത്തിയത് കടുത്ത ആചാര ലംഘനം തന്നെയെന്ന് തെളിഞ്ഞു. ശബരിമലയിലെ ആചാരപ്രകാരം കുടുംബത്തിൽ മരണമോ ജനനമോ നടന്നാൽ ഒരു വർഷത്തേക്ക് ശബരിമലയിൽ പോകാൻ പാടില്ലെന്നാണ് ആചാരം. സുപ്രീം കോടതിയിൽ ശബരിമല തന്ത്രി തന്നെ സമർപ്പിച്ച സത്യവാങ്മൂലത്തിലെ രേഖയിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്. ഇതോടെ പൊളിയുന്നത് ആചാരലംഘനം നടന്നിട്ടില്ലെന്ന ബിജെപിയുടെ വാദം കൂടിയാണ്.

ശബരിമല ദർശനം നടത്താൻ ആചാരപ്രകാരം അടുത്ത ജൂലൈ 5 വരെ സുരേന്ദ്രന് കഴിയില്ല. എന്നാൽ ഇതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 5ന് ആണ് സുരേന്ദ്രന്റെ അമ്മ കല്യാണി മരണപ്പെട്ടത്.ഇത് കഴിഞ്ഞിട്ട് നാല് മാസം മാത്രം പിന്നിടുമ്പോഴാണ് സംഘപരിവാർ നേതാവ് ശബരിമലയിൽ ഒന്നിലധികം തവണ ദർശനം നടത്തിയതും വീണ്ടും ദർശനത്തിനായി ആചാരങ്ങൾ തെറ്റിച്ച് ഇരുമുടിക്കെട്ട് നിറച്ച് എത്തിയതും.

ശബരിമലയിലും പരിസരങ്ങളിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആചാര സംരക്ഷകരെന്ന പേരിൽ അക്രമം നടത്തുന്ന ബിജെപി സംഘപരിവാർ നേതൃത്വം തുടർച്ചയായ ആചാരലംഘനങ്ങളാണ് നടത്തുന്നത് എന്ന വാദവും ഇതോടെ ശക്തമാവുകയാണ്. യുവതികൾ കേറരുത് എന്ന ആചാരം സംരക്ഷിക്കാൻ കോടതി വിധിയെപ്പോലും മറികടന്ന് രംഗത്തുള്ളവർ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിച്ച് നിരവധി ആചാരങ്ങൾ തെറ്റിക്കുന്നു എന്നത് വസ്തുതാപരമായി തെളിയുകയും ചെയ്ത് സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ബിജെപി കൂടുതൽ പ്രതിരോധത്തിലേക്ക് പോകും എന്നും ഉറപ്പാണ്.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയും പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞ് നിന്നും നിരവധിയായ ആചാരലംഘനങ്ങളാണ് ആചാര സംരക്ഷണം എന്നപേരിൽ നടത്തുന്ന അക്രമങ്ങളുടെ മറവിൽ ഇക്കൂട്ടർ കാട്ടിക്കൂട്ടുന്നു എന്നും ആരോപണം ഉയർന്നിരുന്നു. താൻ ആചാര ലംഘനം നടത്തിയെന്നും അതിന് പരിഹാരം ചെയ്യുമെന്നും നേരത്തെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയും സമ്മതിച്ചിരുന്നു.

ഇന്നലെ പൊലീസിന്റെ നിർദേശങ്ങൾ ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച കെ സുരേന്ദ്രനെ കരുതൽ തടങ്കലിൽ എടുത്ത അവസരത്തിൽ സ്വയം ഇരുമുടിക്കെട്ട് നിലത്തിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ഇതിന് പിന്നാലെ അമ്മ മരിച്ച് അഞ്ച് മാസം തികയുന്നതിനിടെയാണ് സുരേന്ദ്രൻ ശബരിമലയിലേക്ക് വരാൻ വേണ്ടി ഇരുമുടിക്കെട്ടുമായി എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത വരികയും ചെയ്തിരിക്കുകയാണ് ഹർത്താൽ ഉൾപ്പടെ നടത്തി അയ്യപ്പഭക്തന്മാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന പരാതിയും നിലനിൽക്കെയാണ് ബിജെപിയെ ഇത്തരം സംഭവങ്ങൾ കൂടുതൽ പ്രതിസന്ധിയിലാഴ്‌ത്തുന്നത്.

എന്നാൽ ആചാരങ്ങൾ ബിജെപി നേതാവ് മനപ്പൂർവ്വം ലംഘിക്കുന്നതാണ് എന്ന് പൂർണമായും പറയാനും കഴിയില്ല. കാലാകാലങ്ങളിൽ ശബരിമലയിലെ ആചാരങ്ങൾ മാറിയിട്ടുമുണ്ട്. പിന്നെ മരണം നടന്നാൽ നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിൽ മരണത്തിന് 16 ദിവസം കഴിയുമ്പോൾ പോകുന്നതാണ് കീഴ്‌വഴക്കം. ഇതനുസരിച്ചാകാം കെ സുരേന്ദ്രൻ ശബരിമലയിൽ എത്തിയതും എന്ന വാദവും സജീവമാണ്. അപ്പോഴും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ കോടതിയെപ്പോലും വെല്ലുവിളിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വിശ്വസനീയമല്ലെന്നും വാദം സജീവമാണ്

ആചാര പ്രകാരമാണെങ്കിൽ ശബരിമല തന്ത്രി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം കുടുംബത്തിൽ മരണമോ ജനനമോ നടന്നാൽ ഒരു വർഷം തികയുന്നതിന് മുന്നെ ശബരിമല ദർശനത്തിനായി കെട്ടുനിറയ്ക്കാൻ പാടില്ലെന്നും ദർശനത്തിന് എത്താൻ പാടില്ലെന്നുമാണ്.എന്നാൽ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കെ സുരേന്ദ്രന്റെ അമ്മ മരണപ്പെട്ടത്. നിലവിൽ അഞ്ച് മാസം തികയുന്നതിന് മുന്നെയാണ് കെ സുരേന്ദ്രൻ ശബരിമല ദർശനത്തിനായി കെട്ടുനിറച്ച് എത്തിയിരിക്കുന്നത്. ആചാരപ്രകാരം ഇത് പാടില്ലെന്നാണ് തന്ത്രിയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.