തിരുവനന്തപുരം: നെഗറ്റീവ് പബ്ലിസിറ്റികളെ അതിജീവിച്ച് ആദ്യവാരത്തിൽ തന്നെ കെ സ്വിഫ്റ്റിന്റെ മികച്ച പ്രയാണം.ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.

എസി സ്ലീപ്പർ ബസിൽനിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

വ്യത്യസ്തങ്ങായ അപകടങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയും തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ജനങ്ങൾ കെ സ്വിഫ്റ്റിനെ പി്ന്തുണച്ചത് എന്നതുകൂടി ശ്രദ്ധേയമാണ്. കെഎസ്ആർടിസി സ്വിഫ്റ്റിനെ മാധ്യമങ്ങൾ ഇത്രയധികം സ്നേഹിക്കുന്നു എന്നുള്ളതിൽ സന്തോഷമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെ സ്വിഫ്റ്റ് ഒന്ന് ഉരഞ്ഞാൽ പോലും മാധ്യമങ്ങൾക്ക് ശ്രദ്ധയുണ്ട്. ഇത് കെ.സ്വിഫ്റ്റിനോടുള്ള ജനങ്ങളുടെ സ്നേഹവും വർധിപ്പിക്കാൻ ഇടയാക്കി. അതിന്റെ കളക്ഷനും കൂടി. മാധ്യമങ്ങൾക്ക് നന്ദിയെന്നും മന്ത്രി പറഞ്ഞിരുന്നു