- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന് വഴി തെറ്റി; യാത്രക്കാർ കടലും കണ്ടു; എന്നാൽ വണ്ടി ഗോവയിൽ എത്തിയിരുന്നില്ല! മൂകാംബികയ്ക്ക് പോയ കെ സ്വിഫ്റ്റ് എത്തിയത് ഗോവയിലോ? സോഷ്യൽ മീഡിയാ ട്രോളുകളോട് പ്രതികരിച്ച് അധികൃതർ; പുറത്തു വന്നത് അർദ്ധ സത്യമെന്ന സൂചനകളുമായി വിശദീകരണം
തിരുവനന്തപുരം: മൂകാംബികയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യം എന്ത്? പ്രചരിക്കുന്നത് അർദ്ധ സത്യം മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ബസ് ഗോവയിൽ എത്തുന്ന തരത്തിൽ സംഭവം ഉണ്ടായിട്ടില്ല എന്ന് അധികൃതർ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മൂകാംബികയിലേക്ക് പോയ ബസാണ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും പ്രചരിച്ചത്. ബസിന് വഴിതെറ്റിയിരുന്നു, ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലാകുകയും ബസ് തിരിക്കുകയുമായിരുന്നു.
യാത്രക്കാർ പുറത്തുനോക്കിയപ്പോൾ കടല് കാണുകയും ചെയ്തു. അതിനെ ചുറ്റിപ്പറ്റിയാണ് ഇങ്ങനെയൊരു വാസ്തവവിരുദ്ധമായ വാർത്ത പ്രചരിച്ചതെന്നും അധികൃതർ പറയുന്നു. കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്. എന്നാൽ ഡ്രൈവർ ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിച്ചു. പത്തോ പതിനഞ്ചോ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ തന്നെ വഴിതെറ്റി എന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് തിരിച്ചു. പുലർച്ചെ ആയിരുന്നു സംഭവമെന്നും സ്വിഫ്റ്റ് അധികൃതർ വ്യക്തമാക്കി.
ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റർ തിട്ടപ്പെടുത്തിയും ബസ്സിൽ സഞ്ചരിച്ച യാത്രക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷവുമാണ് ഗോവ കഥ കെട്ടുകഥയാണെന്ന് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. സ്വിഫ്റ്റ് ബസിനെതിരെ വ്യാപക ട്രോളുകളാണ് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തു വന്നത്. ആരംഭിച്ചത് മുതൽ അപകടങ്ങൾ പതിവായ കെ സ്വിഫ്റ്റ് സർവീസിന് വഴി തെറ്റുന്നത് ആദ്യമായാണെന്ന തരത്തിലായിരുന്നു വാർത്തകൾ.
തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പുറപ്പെട്ട കൊല്ലൂർ സ്വിഫ്റ്റ് സർവീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ ഗോവ ബീച്ചിലെത്തി വെയിൽകായാൻ കിടക്കുന്ന അർധനഗ്നരായ വിദേശികളെ കണ്ടത് എന്ന തരത്തിലായിരുന്നു പ്രചരണം. തിങ്കളാഴ്ച രാവിലെ മൂകാംബികയിലെത്തി ദർശനം നടത്തേണ്ടിയിരുന്ന യാത്രക്കാർ ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ട് അമ്പരന്നുവെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇതാണ് കെ സ്വിഫ്റ്റ് നിഷേധിക്കുന്നത്.
ഞായറാഴ്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് എത്തിയപ്പോൾ മറ്റൊരു ഡ്രൈവർ കയറി. ഈ ഡ്രൈവർക്കാണ് വഴിതെറ്റിയത്. മംഗലാപുരത്തിനും മൂകാംബികക്കും ഇടയിലുള്ള കുന്ദാപുരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് മൂകാംബികക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഈ റോഡിലേക്ക് തിരിയാതെ ബസ് നേരേ കൊണ്ടുപോയി. ഉറക്കത്തിലായിരുന്ന യാത്രക്കാരും കണ്ടക്ടറും ബസ് വഴിതെറ്റിയ വിവരം അറിഞ്ഞതുമില്ല.
മൂകാംബികയിൽ കടൽ ഇല്ലെന്ന് യാത്രക്കാർ പറഞ്ഞതോടെയാണ് തങ്ങൾക്ക് അമളിപറ്റിയ കാര്യം ബസ് ജീവനക്കാരും മനസിലാക്കിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. പുതുതായി ജോലിക്ക് കയറിയ ആളായിരുന്നു ഡ്രൈവർ. അതിനാൽ കൃത്യമായ വഴി അറിയുമായിരുന്നില്ല. ഒടുവിൽ ഗൂഗിൾ മാപ്പ് ചതിച്ചതാണെന്ന് പറഞ്ഞ് തലയൂരാനായി ഡ്രൈവറുടെ ശ്രമം എന്നും വാർത്ത എത്തി.
ഇതിനിടയിൽ ചിലർ ക്ഷുഭിതരായെന്നും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ തങ്ങളെ മൂകാംബികയിലെത്തിച്ച ശേഷം തിരികെ കൊണ്ടുപോകണമെന്നായി യാത്രക്കാർ. ഇതനുസരിച്ച് ബസ് വീണ്ടും മൂകാംബികക്ക് വിട്ടു. കെ സ്വിഫ്റ്റ് ബസ് മൂകാംബികയിൽ എത്തിയപ്പോഴേക്കും നട അടച്ച് പൂജാരിമാർ സ്ഥലംവിട്ടിരുന്നു. ഒടുവിൽ ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴുത് മടങ്ങേണ്ടി വന്നുവെന്നും പ്രചരണമെത്തി. ഇതെല്ലാമാണ് കെ സ്വിഫ്റ്റ് നിഷേധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ