- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു; നോട്ടീസ് രേഖകൾ പുറത്തുവിട്ട് കെ ടി ജലീൽ; തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവർത്തനം നടത്തുന്നു; മകൻ ഹാഷിക്കിന്റെ പണം ഉൾപ്പെടെ 110 കോടിയുടെ കള്ളപ്പണം മലപ്പുറം എആർ നഗർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെന്നും ആരോപണം
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നു ജലീൽ ആരോപിച്ചു. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്കും മകനും കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ട്. ഇരുവരുടേയും സാമ്പത്തിക ഇടപാട് ദുരൂഹതകൾ നിറഞ്ഞതാണെന്നും തങ്ങളുടെ കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ലീഗിന്റേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണെന്നും കെടി ജലീൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിക്കിന്റെ പണം ഉൾപ്പെടെ 110 കോടി രൂപ മലപ്പുറം അബ്ദുറഹ്മാൻ നഗർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ രേഖകകളില്ലാത്തതായി ഇൻകം ടാക്സ് വകുപ്പ് കണ്ടെത്തി കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയിൽ 7 കോടി രൂപയുടെ അവകാശികൾ രേഖകൾ സമർപ്പിച്ച് പണം പിൻവലിച്ചുവെന്നും കെടി ജലീൽ ആരോപിച്ചു.
103 കോടി രൂപയുടെ അവകാശികൾ രേഖകൾ സമർപ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇൻകംടാക്സ് പുറത്ത് വിട്ടിരുന്നു. അതിൽ ഒന്നാമത്തെയാൾ ഹാഷിഖ് ആയിരുന്നു. 3.5 കോടി രൂപയാണ് ബാങ്കിൽ ഉള്ളത്. പലിശയിനത്തിൽ 1.5 കോടിയോളം പിൻവലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. മറ്റാരോ ആണ് അത് പിൻവലിച്ചത്. ഇത് എൻ ആർ ഐ പണമാണെന്നാണ് കുഞ്ഞാലികുട്ടി സഭയിൽ പറഞ്ഞത്. എന്നാൽ ആ ബാങ്കിൽ എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കർക്ക് പരാതി നൽകും.' കെടി ജലീൽ വിശദീകരിച്ചു.
പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് ജലീൽ കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നാണ് ജലീൽ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോൾ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും കോൺഗ്രസോ ലീഗോ ആണ് തലപ്പത്തുള്ളതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ചേരാതിരുന്നത് കോടികളുടെ കള്ളപ്പണം ഉള്ളതുകൊണ്ടാണെന്നും എ ആർ നഗർ ബാങ്ക് ഭരണസമിതി അടിയന്തരമായി പിരിച്ചു വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതിയെ നിലനിർത്തി അന്വേഷണം നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ