- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം; വിധി നിയമപരമല്ല; മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല; ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ
കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി അവധിക്കാല ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നാളെ കോടതി പരിഗണിക്കും.
ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്നും കെ.ടി. ജലീൽ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. അദ്ദേഹം സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്തു കൊണ്ടാണ് ജലീൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹർജിയും നൽകിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെ.ടി. ജലീൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്ന വാദമാണ് ജലീലിന്റെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
അതിനിടെ, ലോകായുക്ത വിധി പകർപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിധയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് രജസ്ട്രി കൈമാറുക. ഇതിനു ശേഷമായിരിക്കും ലോകായുക്ത ഉത്തരവിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കുക.
മറുനാടന് മലയാളി ബ്യൂറോ