- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ ടി ജലീൽ കൊച്ചിയിലെ ഇഡി ഓഫീസിൽ; കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറിയേക്കും; നീക്കം, തെളിവുകൾ ഹാജരാക്കാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെ
കൊച്ചി: മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവുകൾ നൽകാൻ മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീൽ ഇ.ഡി.ഓഫീസിലെത്തിച്ചതെന്നാണ് സൂചന.
എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു. എ ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീൽ മുൻപ് ആരോപണം ഉയർത്തിയിരുന്നു.
ചന്ദ്രിക അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയെന്നും ജലീൽ ആരോപിച്ചിരുന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു.
ഇതിനിടെ വ്യാപക ക്രമക്കേടുകൾ നടന്ന മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കൂടുതൽ തിരിമറികൾ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകൾ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തൽ. കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൗണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ചുരുങ്ങിയ കാലയളവിൽ മാത്രം പത്ത് കോടിയുടെ ഇടപാടുകൾ ഉൾപ്പെട ബെനാമി അക്കൗണ്ടുകളുടെ പലിശയും പലിശ വാങ്ങാത്ത കോടിക്കണക്കിന് നിക്ഷേപങ്ങളുടെ പലിശയും അടക്കം പലിശയിനത്തിൽ കോടികളാണ് പികെ കുഞ്ഞാലിക്കുട്ടിയുടേ നേതൃത്വത്തിൽ വെട്ടിച്ചത് എന്നും ജലീൽ ആരോപണം ഉയർത്തിയിരുന്നു,
വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തി. മുൻ സെക്രട്ടറിയായി ഹരികുമാർ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി 2 അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുന്നു. ഇടപാടുകാരറിയാതെ വിവിധ ആളുകളുടെ പേരിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടിസ് ലഭിച്ചവരുടെ വീടുകളിൽ പോയി വമ്പിച്ച വാഗ്ദാനങ്ങളാണ് ഭരണസമിതി അംഗങ്ങളും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടവർ നൽകികൊണ്ടിരിക്കന്നത്. സുകുമാരൻ നായർ, കല്യാണിക്കുട്ടിയമ്മ തുടങ്ങിയ മരണപ്പെട്ടവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയതെന്നും ജലീൽ ആരോപിച്ചിരുന്നു.
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് മുൻ മന്ത്രി കെ.ടി.ജലീൽ ഇത്തവണ എത്തിയത് പരസ്യമായി തന്നെയാണ്. എംഎൽഎ ബോർഡ് വെച്ച കാറിൽ രാവിലെ 10.45 ഓടെയാണ് ജലീൽ ഹാജരായത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ജലീൽ അതീവ രഹസ്യമായിട്ടായിരുന്നു ഇ.ഡി.ഓഫീസിലേക്കെത്തിയത്. പുലർച്ച സ്വകാര്യ വാഹനത്തിലായിന്നു മന്ത്രിയായിരിക്കെ അന്ന് അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നുത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ ജലീൽ പിന്നീട് എംഎൽഎ ബോർഡ് വെച്ച വാഹനം വിളിച്ച് വരുത്തിയാണ് ഇ.ഡി.ഓഫീസിലേക്കെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ