കുറ്റിപ്പുറം: ഖുർആൻ മെഹർ ആയി നൽകി മുന്മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വേറിട്ട വിവാഹം. മകൻ ഫാറൂഖ്, മകൾ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്. സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ ആയിരുന്നു മെഹർ ആയി നൽകിയത്.

പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി ആയിരുന്നു കെ ടി ജലീലിന്റെ മക്കളുടെ വിവാഹം. ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണൻ, തുടങ്ങി പ്രമുഖനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഇടക്കാലത്ത് ജലീൽ കൊമ്പുകോർത്തിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ജലീലിന്റെ മകൻ മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകൾ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിക്കാഹിന് കാർമികത്വം വഹിച്ചു.

മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോൾ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകൾ. ജലീലിന്റെ മൂത്തമകൾ അസ്മയുടെ വിവാഹവും സമാനമായ രീതിയിൽ ലളിതമായിട്ടായിരുന്നു നടത്തിയത്.