കൊച്ചി: മന്ത്രി സ്ഥാനത്തിരിക്കവെ കെ ടി ജലീൽ ചെയത്ു കൂട്ടിയ കാര്യങ്ങൾ അതീവ ഗൗരവ സ്വഭാവമുള്ളത്. യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിക്കാൻ വേണ്ടി ജലീൽ ശ്രമിച്ചത് പ്രോട്ടോക്കോളുകൾ എല്ലാം ലംഘിച്ചു കൊണ്ടായിരുന്നു. ഇതിന്റെ പിന്നിലെ താൽപ്പര്യം ഇപ്പോഴും നിഗൂഢമായി തുടരുകയുമാണ്. ഇതോടെ കൂടുതൽ കുരുക്കുകളിലേക്കാണ് തവനൂർ എംഎൽഎയുടെ പോക്ക്. എംഎൽഎ സ്ഥാനവും രാജിവെക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

മുൻ മന്ത്രി കെ.ടി.ജലീൽ ഒട്ടേറെ തവണ കോൺസൽ ജനറലിന്റെ മുറിയിൽ കയറി വാതിലടച്ചിട്ടു രഹസ്യ ചർച്ചകൾ നടത്തിയിരുന്നയി സ്വപ്ന സുരേഷ് ആരോപിച്ചിട്ടുണ്ട്. ഇത് ഏറെ ഗൗരവ സ്വഭാവമുള്ളത്. വിദേശ രാജ്യത്തെ പ്രതിനിധികളുമായി അനുമതിയില്ലാതെ ചർച്ചകൾ നടത്തുന്നത് പോലും പലപ്പോഴും ചാര പ്രവർത്തി അടക്കം ആരോപിക്കപ്പെടാൻ സാധ്യതയുള്ളതാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കവേയാണ് ഇത്തരം ഇടപെടൽ എന്നതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കും.

അതേസമയം സ്വർണക്കടത്തു കേസിൽ കെ.ടി.ജലീൽ ഉൾപ്പെട്ടിട്ടില്ലെന്നു താൻ പറഞ്ഞതായി അദ്ദേഹം പ്രചരിപ്പിക്കുന്നതു ശരിയല്ല. കള്ളക്കടത്തിൽ ജലീലിനു ബന്ധമില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിരവധി പ്രോട്ടോക്കോൾ ലംഘനങ്ങളെ കുറിച്ചു സ്വപ്‌ന വെലഇപ്പെടുത്തി.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയതു കെ.ടി.ജലീൽ മാത്രമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുന്മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ മുസല്യാർ തുടങ്ങിയവരും നേരിട്ടു ബന്ധം സ്ഥാപിച്ചിരുന്നെന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കർ തനിക്കു സമ്മാനിച്ച ഐ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞാൽ കേസുമായി ബന്ധപ്പെട്ട പല തെളിവുകളും ലഭിക്കുമെന്നു സ്വപ്ന പറഞ്ഞു. ബെംഗളൂരുവിൽ കേസിലെ മൂന്നാം പ്രതി സന്ദീപ്നായർക്കൊപ്പം എൻഐഎ പിടികൂടുമ്പോൾ ആ ഐഫോണും പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ ഫോൺ മഹസറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൻഐഎയിലെ മലയാളികളായ ഉദ്യോഗസ്ഥർ ഈ ഫോണിലെ തെളിവുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നുമാണ് അവരുടെ ആരോപണം.

മാധ്യമം ദിനപത്രത്തെ പൂട്ടിക്കണം എന്നാവശ്യപ്പെട്ട ജലീൽ കത്തെഴുതിയെന്ന വെളിപ്പെടുത്തലും അതീവ ഗൗരവമുള്ള കാര്യമാണ്. ഇതിനായി വിദേശ സഹായം തേടുകയാണ് ജലീൽ ചെയ്തത്.

ജലീൽ എഴുതിയ കത്ത് ഇങ്ങനെയാണ്:

പ്രിയ സഹോദരാ, അസ്സലാമു അലൈക്കും..

കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ, വിശിഷ്യാ യു.എ.ഇയിൽ തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഉദാരമനസ്‌കരായ ജനങ്ങളും ഇന്ത്യൻ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയർക്കൊപ്പം നിന്നിട്ടുണ്ട്. കോവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗൾഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികൾക്ക് ഭക്ഷണവും താമസവും ചികിൽസയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നൽകി പ്രതിസന്ധിയെ അതിജീവിക്കാൻ അവരെ സഹായിച്ചു. ദൗർഭാഗ്യകരമെന്നുപറയട്ടെ, മറ്റ് രാജ്യങ്ങളിലെന്നപോലെ ഗൾഫിലും നിരവധി വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് മൂലം ജീവൻ നഷ്ടമായി.

എന്നാൽ, കേരളത്തിൽ നിന്നുള്ളവരുടെ മരണം വാർത്തയാക്കി 2020 ജൂൺ 24ന് 'ഗൾഫ് മാധ്യമ'ത്തിന്റെ കേരള പതിപ്പായ 'മാധ്യമം' മലയാള പത്രം ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവർക്ക് ശരിയായ ചികിൽസ നൽകണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ട് നൂറ്റാണ്ടുകളായി കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിർലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളേയും ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോർട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മത-സംഘടന ഭേദമന്യേ കേരളീയരുടെ മനസിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്.

വസ്തുതകൾക്കും ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും വിരുദ്ധമായാണ് ഗൾഫ് മാധ്യമത്തിന്റെ റിപ്പോർട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം, ഗൾഫിൽ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗൾഫ് ഭരണാധികാരികളേയും അവിടുത്തെ സഹായതൽപരരായ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ ഭാവിയിൽ അവർ പ്രസിദ്ധീകരിക്കും. അതിനാൽ, ഈ വിഷയത്തിൽ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേൽപറഞ്ഞ റിപ്പോർട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലിഷ് തർജമയും ഈ കത്തിനൊപ്പം വെക്കുന്നു.

നിങ്ങളുടെ വിശ്വസ്തൻ

അബ്ദുൽ ജലീൽ

അബ്ദുൽ ജലീൽ എന്ന പേരിലാണ് മു ൻ മന്ത്രി കെ.ടി ജലീൽ കത്ത് എഴുതിയിരിക്കുന്നത്. കത്ത് തനിക്ക് അയച്ചുതരൂ എന്ന് സ്വപ്ന സുരേഷ് വാട്‌സാപ്പിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 'വെരി കോൺഫിഡൻഷ്യൽ' എന്ന് പറഞ്ഞ് ജലീൽ കത്ത് അയച്ചു നൽകിയിരിക്കുന്നത്. അതേസമയം, യു.എ.ഇക്ക് താൻ കത്തയച്ചിട്ടുണ്ട് എന്ന് വാർത്താസമ്മേളനത്തിൽ ജലീൽ സ്ഥിരീകരിച്ചു. കത്ത് താൻ സ്വപ്നക്ക് വാട്‌സാപ്പിലാണ് അയച്ചത്. യു.ഡി.എഫ് നേതാക്കളും സമനമായ കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ജലീലിന്റെ പ്രതിരോധം.