തിരുവനന്തപുരം: ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകും.

ന്യൂനപക്ഷ കോർപറേഷനിൽ ബന്ധുവിന് നിയമനം നല്കാൻ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അറിയാതെയാണ് യോഗ്യതയിൽ ഇളവ് വരുത്തിയത്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന ആളെ ഇന്റർവ്യൂപോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്കുകയാണു ചെയ്തത്. സിപിഎം നേതാക്കളുടെ ബന്ധുവാണെങ്കിൽ വഴിയെ പോയാൽ മതി എഴുത്തുപരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ സർക്കാരിന്റെ ഉന്നതതസ്തികകളിൽ നിയമനം ലഭിക്കും. അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

നേരത്തേ, മന്ത്രി ഇ.പി. ജയരാജൻ ബന്ധുനിയമനക്കേസിൽ ഉൾപ്പെട്ട് രാജിവച്ചതാണ്. അന്ന് സിപിഎം കേന്ദ്രകമ്മറ്റി ജയരാജനും ശ്രീമതി ടീച്ചർക്കും ശക്തമായ താക്കീത് നല്കിയിരുന്നു. സർക്കാർ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത് കേരളം പ്രളയത്തിൽ മുങ്ങിയ അവസരം നോക്കിയതാണ്.

ഇതോടൊപ്പം വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇകെ നായനാരുടെ ചെറുമകൻ, ആനത്തലവട്ടം ആനന്ദിന്റെ മകൻ, ഇ.പി. ജയരാജന്റെ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണെന്നും ഇവരെ പുറത്താക്കണമെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി. വ്യാജരേഖ നല്കി ജോലിക്കു കയറിയ കോലിയക്കോട് കൃഷ്ണൻ നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശിപാർശയും സർക്കാർ തള്ളിയെന്നു മുല്ലപ്പള്ളി പറഞ്ഞു.

ബന്ധുനിയമനക്കുരുക്കിൽ പിണറായി സർക്കാർ

ബ്രൂവറി ഇടപാടുമായി ബന്ധപ്പെട്ട വിവാദം ശക്തമായപ്പോഴാണ് ബന്ധുനിയമന വിവാദം ഇടക്കാലത്ത് വീണ്ടും സർക്കാരിനെ തിരിഞ്ഞുകുത്തിയത്. ഇ.പി.ജയരാജൻ ആദ്യം മന്ത്രിയായിരുന്ന സമയത്തെ ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട വിജിലൻസിന്റെ ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് പുറത്തുവന്നു. കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ടി.ഉണ്ണികൃഷ്ണനും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവാനന്ദനും അടക്കം സിപിഎം ബന്ധമുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇത്.

എറണാകുളത്ത് പവർ ഇൻഫ്രാടെക്കിന് ബ്രൂവറി സ്ഥാപിക്കുന്നതിന് 10 ഏക്കർ അനുവദിക്കാൻ സന്നദ്ധമാണെന്ന കിൻഫ്ര പ്രോജക്റ്റ് ജനറൽ മാനേജർ ടി.ഉണ്ണികൃഷ്ണന്റെ കത്ത് വിവാദമായ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ നിയമനം തന്നെ ചട്ട വിരുദ്ധമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരി വയ്ക്കുന്നതായിരുന്നു 2016 ലെ വിജിലൻസ് ദ്രുത പരിശോധന റിപ്പോർട്ട്.

കഴക്കൂട്ടം കിൻഫ്ര അപ്പാരൽ പാർക്കിന്റെ എംഡിയായി 2016 ൽ ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവാനന്ദനെ നിയമിച്ചതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ജീവാനന്ദനെ കുടാതെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് എംഡിയായി സൂരജ് രവീന്ദ്രൻ, കിനസ്‌കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയായി ഇ.പി.ജയരാജന്റെ ബന്ധുവായ ജിൽസൺ എംകെ എന്നിവരുടെ നിയമനവും റിയാബിന്റെ ശുപാർശ ഇല്ലാതെയായിരുന്നു. ഇവരെയൊന്നും തിരഞ്ഞെടുത്തത് ശരിയായ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾപ്രകാരമല്ലെന്നും, അവരുടെ സ്വന്തം അപക്ഷകൾ അനുസരിച്ചായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇ.പി.ജയരാജന്റെ ബന്ധും, പി.കെ.ശ്രീമതിയുടെ മകനുമായ പി.കെ.സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ചതിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയും ഇപിയും കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ നിയമനം പിന്നീട് റദ്ദാക്കിയിരുന്നു. പി.കെ.സുധീർ, ജീവാനന്ദൻ, സൂരജ് രവീന്ദ്രൻ, ജിൽസൺ, തുടങ്ങിയവരുടെ നിയമനത്തിൽ വിജിലൻസ് അനുമതി തേടിയിരുന്നില്ല. തിരുവ ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി 2017 ൽ റദ്ദാക്കിയിരുന്നു. വ്യവസായ സെക്രട്ടറി പോൾ ആന്റണിക്കെതിരെയും കേസില്ല. പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാർക്കെതിരായ കേസും റദ്ദാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) അഭിമുഖം നടത്തി നിയമനം നൽകണമെന്നായിരുന്നു സർക്കാർ സർക്കുലർ.എന്നാൽ അതുപാലിച്ചില്ലെന്നാണ് വിജിലൻസ് ദ്രുത പരിശോധനയിൽ കണ്ടെത്തിയത്. ബ്രൂവറി വിവാദത്തിൽ ടി.ഉണ്ണികൃഷ്ണന്റെ നിയമനവിവാദം ചൂടുപിടിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

കെ.ടി.ജലീലിനെതിരെ ലീഗ് പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയോ?

മന്ത്രി കെ.ടി.ജലീൽ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാർക്കറ്റിങ് ഫിനാൻസ്), സി.എ, സി.എസ്, ഐ.സി.ഡബ്‌ളിയു.എ ഇവയിൽ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സർക്കാർ ഉത്തരവ്. എന്നാൽ 2016 ഓഗസ്റ്റിൽ യോഗ്യതയിൽ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ പിജി ഡിപ്‌ളമോ എന്ന യോഗ്യതയും കൂട്ടിച്ചേർത്തു. എൻജിനീയറിങ് ബിരുദധാരിയായ ബന്ധുവിന് നിയമനം നൽകാനാണിത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.മാത്രമല്ല ഇത് സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റും സംശയം ഉണർത്തുന്നതാണ്.

2016ൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ യോഗ്യത ഉള്ളവർ ഇല്ലാതിരുന്നതിനാൽ 2018 ൽ ബന്ധുവിനെ നിർബന്ധപൂർവ്വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനിൽ നിയമനം നൽകുകയായിരുന്നു എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടി വരും.

2016ൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ യോഗ്യത ഉള്ളവർ ഇല്ലാതിരുന്നതിനാൽ 2018 ൽ ബന്ധുവിനെ നിർബന്ധപൂർവ്വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനിൽ നിയമനം നൽകുകയായിരുന്നു എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടി വരും. ഇന്റർവ്യൂവിന് ഹാജരായ മൂന്ന് പേർക്കും യോഗ്യതയില്ലായെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റർവ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീണ്ടും അദ്ദേഹം അപേക്ഷ നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റർവ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കിൽ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രി ബന്ധുവിന് മാത്രം അപേക്ഷ നൽകാൻ ഏത് നിയമമാണ് കേരളത്തിൽ അനുവദിക്കുന്നത്.

വിഷയത്തിൽ കെ ടി ജലീലിന്റെ വിശദീകരണം ഇങ്ങനെ

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി
----------------------------------------
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്റ്റംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇന്റർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്‌പി അക്‌ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.