- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ രാജ്യവുമായുള്ള ഇടപാടിന്റെ പേരിൽ കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം; മന്ത്രിക്ക് എതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം; സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിലും മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം; കെ.ടി.ജലീൽ പ്രശ്നത്തിൽ എല്ലാ കണ്ണുകളും തിരിയുന്നത് ഗവർണറിലേക്ക്; മന്ത്രിയുടെ രാജി അനിവാര്യമെന്ന് പരാതിക്കാരനായ കോശി ജേക്കബ് മറുനാടനോട്
തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് ഒരു വിദേശ രാജ്യവുമായി ഇടപാടുകൾ നടത്തിയതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യം. ഇതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ഗവർണറിൽ കേന്ദ്രീകരിക്കുകയാണ്. ഗവർണർ ഈ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ആശങ്ക സർക്കാരിനെയും വട്ടമിട്ടു പിന്തുടരുന്നുണ്ട്. പൗരത്വ നിയമത്തിൽ ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്ന് സർക്കാരിനു മുട്ട് മടക്കേണ്ടി വന്നിരുന്നു. സ്വർണ്ണക്കടത്തും പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസിയായ ഇഡി ചോദ്യം ചെയ്തതോടെ ഗവർണർ എന്തു നിലപാട് സ്വീകരിക്കും എന്ന ആശങ്ക സർക്കാരിൽ ശക്തമാണ്. പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ബിജെപി രാജി ആവശ്യപ്പെട്ടു ഇന്നു മുതൽ സമരം തുടങ്ങുകയും ചെയ്തതോടെയാണ് ഗവർണറുടെ നിലപാട് എന്താണ് എന്നറിയാൻ ഭരണവൃത്തങ്ങളിൽ ആകാംക്ഷ കനക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്തത്. സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് മുഖ്യമന്ത്രി ആണെങ്കിലും സംസ്ഥാനത്തിന്റെ നാഥൻ ഗവർണറാണ്. ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ ജലീലിനെതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. പരാതി ലഭിച്ചതിന്റെ പേരിൽ ഇടപെടാം. സ്വമേധയാ വേണമെങ്കിലും ഇടപെടാം. മന്ത്രി ജലീൽ രാജി തേടി എന്തെങ്കിലും നീക്കങ്ങൾ ഗവർണറുടെ ഭാഗത്ത് നിന്നും വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും നിയമവൃത്തങ്ങളും ഉറ്റുനോക്കുന്നത്. മന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമാണ് ഇഡിയുടെ ചോദ്യം ചെയ്യൽ വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ജലീൽ പ്രശ്നത്തിൽ ഗവർണർ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാനും കേരള സർക്കാരും തമ്മിൽ നിലനിൽക്കുന്നത് സുഖകരമായ ബന്ധമാണ്. അസ്വാസ്ഥ്യം ജനിപ്പിക്കുന്ന നടപടികൾക്ക് ഗവർണർ തയ്യാറായിരുന്നില്ല. പക്ഷെ ഏറ്റുമുട്ടലിന്റെ ഘട്ടം വന്നപ്പോൾ അതിനും ഗവർണർ തയ്യാറായിരുന്നു. പൗരത്വ നിയമ പ്രശ്നം വന്നപ്പോൾ സർക്കാരിനെ കടന്നാക്രമിക്കുന്ന നടപടികളുമായി ഗവർണർ മുന്നോട്ടു പോയിരുന്നു. തന്റെ അനുമതിയില്ലാതെ പൗരത്വ നിയമപ്രശ്നത്തിൽ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതാണ് ഗവർണറെ അന്ന് ചൊടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ കേസ് നൽകുമ്പോൾ തന്നെ അറിയിക്കേണ്ടതുണ്ട് എന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ ഗവർണറുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പിന്നീട് ഗവർണറും ഈ വിഷയത്തിൽ കടുത്ത നിലപാടിൽ നിന്ന് പിൻവാങ്ങി. അതിനു ശേഷം നേരിട്ട് ഏറ്റുമുട്ടുന്ന നടപടികൾ ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും വന്നതുമില്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാന മന്ത്രിക്ക് മറ്റൊരു രാജ്യവുമായി നേരിട്ട് ഇടപെടലുകൾ നടത്താൻ കഴിയില്ല. അത് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം ഒരു ലംഘനമാണ് മന്ത്രി ജലീൽ നടത്തിയത്. മറ്റൊരു വിദേശരാജ്യവുമായി എങ്ങനെ ബന്ധപ്പെടാം എന്ന് പ്രോട്ടോക്കോളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതൊന്നും അറിയില്ലെന്ന് മന്ത്രിക്ക് പറയാൻ കഴിയില്ല. നിയമപരമായി നോക്കുകയാണെങ്കിൽ മന്ത്രി സഭയിൽ നിന്നുള്ള മന്ത്രിയുടെ രാജി അനിവാര്യമാണ്. ഇതിനു മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ഗവർണർക്ക് ഇടപെടാം കഴിയും. അത്തരം ഇടപെടൽ ഗവർണറുടെ ഭാഗത്ത് നിന്നും വന്നാൽ അത് സർക്കാരിനു സുഖകരമായ ഒരു അനുഭവമാകില്ല. സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിൽ ഗവർണർക്ക് മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം. പക്ഷെ ഗവർണർ അതിനു തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.
മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ധാർമ്മികതയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രി ജലീൽ ഒരു നിമിഷം പോലും വൈകാതെ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. തലയിൽ മുണ്ടിട്ടാണ് ജലീൽ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണ്.
തുടർച്ചയായി ക്രമിനൽ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട് ക്രിമിനൽ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും മന്ത്രി ജലീലിന്റെ രാജി ആവശ്യം ഉ യർത്തിക്കഴിഞ്ഞിട്ടുണ്ട്. ജലീലിന്റെ രാജിക്കായി ബിജെപി സമരം ഇന്ന് രാത്രി മുതൽ ആരംഭിക്കും എന്നാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിനെതിരെ നടപടിയെടുത്ത സർക്കാർ എന്തുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മന്ത്രി ജലീലിനു എതിരെ പരാതിയുമായി വിദേശ-ധനമന്ത്രാലയങ്ങളെ സമീപിക്കുന്നത് സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബാണ്. ആ പരാതിയുടെ തുടർച്ചയായി തന്നെയാണ് ഇന്നത്തെ ഇഡിയുടെ നടപടികൾ വന്നതും. മന്ത്രിയുടെ ഭാഗത്ത് നിന്നും വന്ന ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള കോശി ജേക്കബിന്റെ പരാതിയെ തുടർന്നാണ് മന്ത്രി ജലീലിനു എതിരെയുള്ള കേന്ദ്ര നടപടികൾക്ക് തുടക്കമാകുന്നത്. കോശി ജേക്കബ് പരാതി നൽകിയതിനെ തുടർന്ന് ഒട്ടുവളരെ പരാതികൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ലഭിച്ചിരുന്നു. ഇതിലൊക്കെ അന്വേഷണം നടക്കുന്നുമുണ്ട്. കേന്ദ്ര ഏജൻസിയാണ് ഇഡി. മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്യുന്നത്. മന്ത്രിയുടെ രാജി അനിവാര്യമായിരിക്കുകയാണ്. കേരള സർക്കാർ നിയമപരമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കുകയും വേണം- കോശി ജേക്കബ് മറുനാടനോട് പറഞ്ഞു.
യുഎഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടുകൾ ദുരൂഹമായതിനെ തുടർന്നാണ് മന്ത്രി ജലീലിനു എതിരെ കേന്ദ്ര അന്വേഷണം വന്നത്. ഇന്നു രാവിലെ 9.30 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ നടന്നത്. എൻഫോഴ്സ്മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ ചാനലുകളോട് നേരത്തെ പറഞ്ഞത്. മന്ത്രിയെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെക്കും എന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി.ജലീൽ ഇഡി ഓഫിസിലെത്തിയത് സ്വകാര്യ വാഹനത്തിലാണ്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത്
നിർത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തിൽ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നു. ജലീലിനെ ചോദ്യംചെയ്ത വിവരം എൻഫോഴ്സ്മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത് ചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയ സംഭവത്തിലാണ് ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്നും റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലേക്ക് ഖുറാന്റെ മറവിൽ എത്തിയ 250 പാക്കറ്റുകളിൽ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടർന്ന് കർണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു. ഈ പാക്കറ്റുകൾ അടക്കം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ചാനൽ വഴി പാക്കേജുകൾ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം എൻഐഎ, എൻഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്.
അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു. യുഎഇ കോൺസുലേറ്റിന്റെ മറവിൽ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇഡിയും കസ്റ്റംസും എൻഐഎയും ശേഖരിച്ചിരുന്നു, റംസാൻ കിറ്റിനൊപ്പം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ ആണ് തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നാണ് ജലീൽ സ്വയം വെളിപ്പെടുത്തിയത്. എന്നാൽ, അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഖുറാൻ പോലെയുള്ള മതഗ്രന്ഥങ്ങൾ ഒന്നും പാഴ്സൽ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കോൺസുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങൾ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.
കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ ഇത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്നാണ് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.