- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിവ് നടത്തി പണം തട്ടിയ കേസ് തേച്ചുമാച്ച് കളയാമെന്ന് ലീഗ് വിചാരിക്കേണ്ട; വിമർശനവുമായി മന്ത്രി കെ.ടി ജലീൽ; പി.കെ. ഫിറോസ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും മന്ത്രി
കോഴിക്കോട്: കത്വ, ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് പിരിവ് നടത്തി പണം തട്ടിയെന്ന ആരോപണത്തിൽ ലീഗിനെതിരെ വിമർശനവുമായി മന്ത്രി കെ ടി ജലീൽ. പിരിവ് നടത്തി പണം തട്ടിയ കേസ് തേച്ചുമാച്ച് കളയാമെന്ന് ലീഗ് വിചാരിക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. പി.കെ. ഫിറോസും, സി.കെ. സുബൈറും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം.പണപ്പിരിവ് നടത്തി സ്വകാര്യ ആവശ്യങ്ങൾക്കായി ചലവഴിച്ചെന്ന പരാതിയിൽ കഴമ്പില്ലെങ്കിൽ ഇരുവരും സ്വയം തെളിയിക്കണം.യൂത്ത് ലീഗ് നേതാക്കളുടെ അവിഹിത സമ്പാദ്യം, വീടുകൾ, വിദേശയാത്രകൾ എന്നിവ സംബന്ധിച്ചെല്ലാം അന്വേഷണം നടത്തേണ്ടതുണ്ട്. കേസ് തേച്ചുമാച്ച് കളയാമെന്ന് മുസ്ലിം ലീഗോ, യൂത്ത് ലീഗോ വിചാരിക്കേണ്ട. കത്വ ഫണ്ട് എങ്ങിനെ ചെലവഴിച്ചുവെന്നത് മുസ്ലിം ലീഗ് വ്യക്തമാക്കണം മന്ത്രി ആവശ്യപ്പെട്ടു.
ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണ്.ധനസമാഹരണത്തിനായി മലപ്പുറം ജില്ലയിൽ പിരിവ് നടന്നിട്ടില്ലെന്നാണ് പാർട്ടി മുഖപത്രത്തിൽ വ്യക്തമാക്കിയത്. എന്നാൽ താന് പങ്കെടുത്ത പള്ളിയിൽ പണപ്പിരിവ് നടന്നിട്ടുണ്ട്. ഗുജറാത്ത് ഫണ്ട് പോലെയാകരുത്. കത്വ, ഉന്നാവ് സംഭവത്തിൽ കണക്ക് വേണമെന്നും താനാവശ്യപ്പെട്ടതാണെന്നും ജലീൽ അറിയിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടയ്ക്കാനുള്ള തന്ത്രമാണ്. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പണപ്പിരിവിന്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കാണുന്ന പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ഇപ്പോൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്.
ഇത്തരം ആവശ്യങ്ങൾക്കായി ജനങ്ങളിൽ നിന്നും ഇനിയെങ്കിലും ഒരു രൂപപോലും പിരിക്കരുതെന്നാണ് മുസ്ലിം ലീഗിനോടും യൂത്ത് ലീഗിനോടും തനിക്ക് പറയാനുള്ളത്. മുമ്പ് സുനാമി ഫണ്ടും ഗുജറാത്ത് ഫണ്ടും ലീഗാണ് പിരിച്ചത്. അന്ന് കുറ്റകരമായ അനാസ്ഥയാണ് അവർ കാണിച്ചത്. അതിനെതിരേയാണ് താൻ ശക്തമായി ശബ്ദം ഉയർത്തിയത്. തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തന്നെ പുറത്താക്കപ്പെട്ടതെന്നും ജലീൽ കൂട്ടിച്ചേർത്തു.