തിരുവനന്തപുരം: എൻഐഎ തന്നെ വിളിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനാണെന്ന് ആവർത്തിച്ചു മന്ത്രി കെ.ടി.ജലീൽ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ നിലപാട് ആവർത്തിച്ചത്. എൻ.ഐ.എ, Cr.P.C 160 പ്രകാരം 'Notice to Witness' ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് 'നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചതെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. എൻഐഎയുടെ നോട്ടീസിന്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥലവും ഒരു വീടും എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാനാണെന്നു അദ്ദേഹം ചോദിച്ചു. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളതുകൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, Cr.P.C 160 പ്രകാരം 'Notice to Witness' ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് 'നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിന്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടുതന്നെയാണ്.

ഈ ഭൂമുഖത്ത് ആകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും (5 ലക്ഷം ലോണെടുത്തതിന്റെ പേരിൽ അതും ഇപ്പോൾ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.

സംഘ്പരിവാറിന്റെ മുഖപത്രമായ 'ജന്മഭുമി'യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?

മന്ത്രി കെ.ടി.ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കേസിലെ സാക്ഷി എന്ന നിലയിലാണെന്ന് വ്യക്തമാക്കുന്ന എൻഐഎ നോട്ടീസ് നേരത്തെ പുറത്തുവന്നിരുന്നു. 17 ന് രാവിലെ കടവന്ത്ര ഗിരിനഗറിലെ എൻഐഎ ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് രാധാകൃഷ്ണപിള്ളയുടെ കത്തിൽ പറഞ്ഞിരുന്നത്. എൻഐഐ നിയമത്തിലെ 17,18, 19 വകുപ്പുകൾ പ്രകാരമുള്ള സാക്ഷി മൊഴി രേഖപ്പെടുത്താനാണ് എൻഐഎ വിളിപ്പിച്ചതെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികളുടെ മൊഴിയിലെ കാര്യങ്ങൾ ധരിപ്പിച്ച് സംശയനിവാരണം വരുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നുവെന്ന് ജലീൽ അവകാശപ്പെടുന്നത്.

സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളാണ് തേടിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം എവിടേക്കു പോകുന്നു എന്നതടക്കമുള്ള എന്റെ നിഗമനങ്ങൾ ആരാഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കോ ഓഫീസിനോ മുടിനാരിഴയുടെ ബന്ധം പോലുമില്ല. അതേക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞില്ല. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ മാത്രമാണ് സ്വ്പന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. അവരുമായി സംസാരിച്ച കോളുകൾ പരിശോധിച്ചാൽ അത് മനസിലാകും. എല്ലാ ഫോൺ സംഭാഷണങ്ങളും അര മിനിട്ടോ ഒരു മിനിട്ടോ ഒക്കെ മാത്രമാണ്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.

താൻ വളരെ സന്തോഷവാനാണെന്ന് ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചിട്ടുണ്ട്. വലിയ ഒരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചു. മറുപടികളിൽ എൻഐഎ തൃപ്തരാണ് എന്നാണ് മനസിലായത് എന്നും മന്ത്രി ആവർത്തിച്ചത്. ഇന്നലെ പുലർച്ചെ ആറിന് കൊച്ചി എൻഐഎ ഓഫിസിലെത്തിയ 10 മണിക്കൂറിനു ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് മന്ത്രി ജലീൽ മടങ്ങിയത്. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്. തലസ്ഥാനത്താണ് മന്ത്രി ഇപ്പോൾ ഉള്ളത്.