- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജലീൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ലോകായുക്ത ഉത്തരവു നടപ്പിലാക്കാൻ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥൻ; കെ ടി ജലീൽ എന്നു രാജിവെക്കും? ഹൈക്കോടതിയെ സമീപിക്കാതെ രാജിവെക്കട്ടെ എന്ന നിലപാടിൽ സിപിഎമ്മിലെ ഒരു വിഭാഗം; ബന്ധു നിയമന വിവാദത്തിലെ വിധി ജലീലിന്റെ രാഷ്ട്രീയ കൊടിയിറക്കത്തിന്റെ സൂചന
തിരുവനന്തപുരം: ആരോടും പക്ഷഭേദം കൂടാതെ പെരുമാറുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി കെ ടി ജലീൽ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ ഉത്തരവ്. മന്ത്രിസ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് പറയുമ്പോൾ രാജിവെക്കാതെ മറ്റു മാർഗ്ഗങ്ങൾ ജലീലിന് മുന്നിൽ ഇല്ല. ലോകായുക്ത നിയമത്തിലെ വകുപ്പു 14 പ്രകാരമാണു മന്ത്രി കെ.ടി. ജലീലിനെതിരായ ഉത്തരവ്. സ്വജനപക്ഷപാതം കാണിച്ച മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന ഉത്തരവു നടപ്പിലാക്കാൻ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അക്കാര്യം ചട്ടം 12 (3) പ്രകാരം മുഖ്യമന്ത്രിയെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കാവൽ മന്ത്രിസഭയാണെങ്കിൽ കൂടി വിധി നടപ്പാക്കേണ്ടതാണ്. പരാതിയിൽ ലോകായുക്ത മന്ത്രി ജലീലിനോടു വിശദീകരണം തേടിയിരുന്നു. അതിന്മേൽ വിശദ വാദവും നടത്തി. എന്നാൽ ഈ ആരോപണം നേരത്തേ മന്ത്രി നിഷേധിക്കുകയും മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ജലീൽ അപ്പീൽ നൽകാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. അതിനോടു സിപിഎമ്മിലെ ഒരു പ്രബല വിഭാഗത്തിനു യോജിപ്പില്ല. അവിടെ നിന്നും പ്രതികൂല വിധിയുണ്ടായാൽ ഇരട്ട തിരിച്ചടിയാകുമെന്ന് അവർ കരുതുന്നു. ഇതോടെ എപ്പോഴാണ് കെ ടി ജലീൽ രാജിവെക്കുക എന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അതേസമയം ഹൈക്കോടതിയും ഗവർണറും തനിക്ക് ക്ലീൻചിറ്റ് നൽകിയതാണെന്ന് പറഞ്ഞു പിടിച്ചു നിൽക്കാനാണ് ജലീലിന്റെ ശ്രമം.
2006 ജനുവരിയിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രൻ ഈ വകുപ്പു പ്രകാരമുള്ള ഉത്തരവുണ്ടാകുമെന്നു കേട്ടപ്പോൾ തന്നെ രാജിവച്ചിരുന്നു. മുൻപു 2 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 14ാം വകുപ്പു പ്രകാരം ലോകായുക്ത ഉത്തരവിറക്കിയിരുന്നു. ഒരു ഡിവൈഎസ്പിക്ക് എതിരെയായിരുന്നു ആദ്യ ഉത്തരവ്. പുറത്താക്കാനുള്ള വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയിൽ പുനഃപരിശോധനാ ഹർജി നൽകാനായിരുന്നു നിർദ്ദേശം. അതും ലോകായുക്ത തള്ളിയെങ്കിലും അപ്പോഴേക്കും അദ്ദേഹം വിരമിച്ചു. അടുത്തിടെ ഒരു ഇൻസ്പെക്ടർ സമാന ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചു.
അതേസമയം മെയ് 2 വരെ രാജിവെച്ചില്ലെങ്കിൽ കൂടി കെ ടി ജലീലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കൊടിയിറക്കമാകും ഈ വിധിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിപിഎം മന്ത്രിമാർക്ക് ഇല്ലാത്ത ആനുകൂല്യങ്ങൾ പലതും പാർട്ടി കെ ടി ജലീലിന് നൽകിയിരുന്നു. പലപ്പോഴും പാർട്ടിയോട് ഉത്തരം പറയേണ്ട ഘട്ടമൊന്നും ഉണ്ടായിരുന്നില്ല. സ്വർണ്ണക്കടത്തു വിവാദവുമായി ബന്ധപ്പെട്ട് പി ശ്രീരാമകൃഷ്ണന് പോലും പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. തവനൂരിൽ നിന്നും വീണ്ടും വിജയിച്ചു കയറുകയും പാർട്ടിക്ക് ഭരണം കിട്ടുകയും ചെയ്താൽ ജലീൽ വീണ്ടും മന്ത്രിയാകാനുള്ള സാധ്യത കൂടിയാണ് ലോകായുക്ത വിധിയിൽ അടയുന്നത്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ നിയമിച്ച സംഭവമാണ് വിവാദങ്ങളുടെ തുടക്കം. 2018 നവംബറിലാണ് ആരോപണം ഉയരുന്നത്. അദീബിനായി വിദ്യാഭ്യാസ യോഗ്യതകളിൽ മന്ത്രി മാറ്റം വരുത്തിയെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. മന്ത്രിക്കെതിരെ യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി.
2013 ലെ സർക്കാർ ഉത്തരവു പ്രകാരം വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ (മാർക്കറ്റിങ്, ഫിനാൻസ്) അല്ലെങ്കിൽ സിഎ / സിഎസ് / ഐസിഡബ്ല്യുഎ ആണ്. 3 വർഷത്തെ ജോലിപരിചയവും വേണം. എന്നാൽ, 2016 ഓഗസ്റ്റിൽ യോഗ്യതയിൽ മാറ്റം വരുത്തി. ബിടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി ഡിപ്ലോമ എന്ന യോഗ്യത കൂട്ടിച്ചേർത്തു.
ബന്ധുനിയമനത്തിന്റെ പേരിൽ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത് 2016 ലാണ്. ആ വർഷം നടന്ന ഇന്റർവ്യൂവിൽ അദീബ് പങ്കെടുത്തില്ല. പക്ഷേ, മന്ത്രി നേരിട്ടു നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ സെക്രട്ടറി 2018 ഒക്ടോബർ 8ന് ഇറക്കിയ സർക്കാർ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ഒരു വർഷത്തേക്കു നിയമിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് ആരോപണമുയർന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്വയംഭരണാധികാര സ്ഥാപനമല്ലാത്തതിനാൽ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. അദീബിന്റെ ഡപ്യൂട്ടേഷൻ നിയമനം ഈ വകുപ്പിന്റെ ശുപാർശയ്ക്കു പോലും അയച്ചിരുന്നില്ല. അപേക്ഷയ്ക്കൊപ്പം സ്വന്തം സ്ഥാപനത്തിൽനിന്നുള്ള നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥയിലും ഇളവു നൽകി.
എന്നാൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലക്ഷ്യമാക്കിയാണ് അദീബിനു നിയമനം നൽകിയതെന്നാണ് മന്ത്രി അന്നു പ്രതികരിച്ചത്. 2016 സെപ്റ്റംബർ 17നു പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. 7 പേർ അപേക്ഷിച്ചതിൽ 3 പേർ ഹാജരായി. യോഗ്യത ഇല്ലാതിരുന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം കോർപറേഷന് ആവശ്യമായി വന്നതിനാൽ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബും എംഡിയും നേരത്തേ ലഭിച്ച 7 അപേക്ഷകൾ പരിഗണിച്ച് അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെട്ടു. താൽപര്യമില്ലാത്തതിനാലാണ് ഇന്റർവ്യൂവിനു ഹാജരാകാതിരുന്നതെന്നായിരുന്നു അദീബിന്റെ മറുപടി. വിവാദങ്ങളെ തുടർന്ന് 2018 നവംബർ 13ന് അദീബ് രാജി സമർപ്പിച്ചു.
ഇപ്പോൾ ലോകായുക്ത വിധി വരുമ്പോൾ എത്രകാലം മൂടിവച്ചാലും സത്യം വിജയിക്കുമെന്നതിനു തെളിവാണെന്നാണ് പി.കെ.ഫിറോസ് പ്രതികരിച്ചത്. കുറച്ചുകാലത്തേക്ക് സത്യത്തെ തടഞ്ഞുവയ്ക്കാൻ കഴിയുമായിരിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ അന്വേഷിക്കാൻ സാധിക്കുമോ എന്നാണ് ഹൈക്കോടതി അന്വേഷിച്ചത്. എന്നാൽ ലോകായുക്ത നടപടിക്രമം വ്യത്യസ്തമാണ്. സാങ്കേതികത്വം പറഞ്ഞ് മന്ത്രിക്കു നീട്ടികൊണ്ടുപോവാൻ കഴിഞ്ഞുവെന്നതല്ലാതെ ഉത്തരവു തടയാൻ കഴിഞ്ഞില്ല. വിധി എതിരാവുമെന്ന് അദ്ദേഹത്തിനറിയുന്നതിനാൽ വിധി തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നീട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു. ആരോപണമുന്നയിച്ച നിമിഷംമുതൽ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചുനൽകി മന്ത്രി ജനങ്ങളോടു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ