തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പോകാമെന്നത് ലോകമറിയുന്നത് എന്തിനാണ് ചിലർ ഭയപ്പെടുന്നതെന്ന് മന്ത്രി കെ ടി ജലീൽ ചോദിച്ചു. മതങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിക്കുന്നതിൽ ആശങ്കയുള്ളവരാണ് ഇതിനെതിരായ പരാമർശങ്ങൾ നടത്തുന്നതെന്നും ജലീൽ പറഞ്ഞു. കെ ടി ജലീൽ ശബരിമല സന്ദർശിച്ചതിനെ വിമർശിച്ച ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയിൽ എത്തിയപ്പോൾ മതസൗഹാർദ്ദത്തിന്റെ അനുഭൂതിയാണ് താൻ അനുഭവിച്ചറിഞ്ഞത്. ഇതിന് മുമ്പ് സുവർണ്ണക്ഷേത്രം സന്ദർശിച്ചപ്പോഴാണ് സമാനമായ അനുഭൂതി അനുഭവിക്കാനായത്. അവിടെ ഒരു സിഖ് വംശജന് എവിടെവരെ പോകമോ അത്രയും ദൂരം ഇതര മതസ്ഥർക്കും പോകാം. അതേ പോലെ തന്നെയാണ് ശബരിമലയിലും. എല്ലാവർക്കും ശബരിമലയിൽ പോകാം. മതസൗഹാർദ്ദത്തിന്റെ ഉത്സവമാണ് അവിടെ നടക്കുന്നത്. തന്റെ നിലപാടും സമീപനവും ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും ജലീൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

അയ്യപ്പ സന്നിധിയിൽ ഭക്തനായി പോകുന്നതിന് ജാതിമത വർണ്ണ ഭാഷാ തടസ്സങ്ങൾ ഒന്നും തന്നെയില്ല. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയിൽ അവിടെ കടന്നു ചെല്ലാം. എന്നാൽ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കെ.ടി.ജലീൽ ശബരിമലയെ വെറും ഫോട്ടോ ഓപ്പർച്ച്യൂണിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കിൽ അത് ശരിയല്ലെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.